മഹാരാഷ്ട്രയിലെ വിമതനീക്കത്തിനായി ചെലവഴിക്കപ്പെടുന്നത് കോടികള്‍. ശിവസേന മന്ത്രിയായിരുന്ന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്കായി ആരാണ് പണം ചെലവഴിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുമ്പോള്‍ പണച്ചെലവും കൂടുന്നു. അസം തലസ്ഥാനമായ ഗുവാഹട്ടി നഗരത്തില്‍ ദേശീയപാത 37 സമീപമുള്ള റാഡിസണ്‍ ബ്ലു എന്ന ആഡംബര ഹോട്ടലിലാണ് വിമത എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. വലിയ നീന്തല്‍ക്കുളങ്ങളും റെസ്റ്റോറന്റുകളും സ്പാകളുമുള്ള ഹോട്ടലിലെ 70 മുറികള്‍ ഏഴുദിവസത്തേക്ക് 56 ലക്ഷം രൂപയ്ക്കാണ് ബുക്ക് ചെയ്തത്. ഭക്ഷണത്തിനും മറ്റ് സേവനങ്ങള്‍ക്കുമായി പ്രതിദിനം എട്ട് ലക്ഷം രൂപയാകും. ഇതുകൂടി കണക്കാക്കുമ്പോള്‍ ഒരാഴ്ചത്തേക്ക് ഏകദേശം 1.12 കോടി രൂപയാണ് റിസോര്‍ട്ടിന് മാത്രം ചെലവുവരിക.
126 മുറികളാണ് ഹോട്ടലിലുള്ളത്. വിമതനീക്കത്തെ തുടര്‍ന്ന് മറ്റ് മുറികള്‍ പുറത്തുനിന്നുള്ളവര്‍ക്ക് കൊടുക്കുന്നുമില്ല. റിസോര്‍ട്ടുമായുള്ള കോര്‍പറേറ്റ് ധാരണപ്രകാരമാണ് ഇത്തരത്തില്‍ മറ്റുമുറികളും ഒഴിച്ചിട്ടിരിക്കുന്നത്. ഈ ഇനത്തിലും വലിയ തുക ചെലവായിട്ടുണ്ട്. ഗുവാഹട്ടിക്ക് മുന്‍പ് എംഎല്‍എമാരെ ഗുജറാത്തിലെ സൂറത്തിലേക്ക് കൊണ്ടുപോയിരുന്നു. ലേ മെറിഡിയനിലായിരുന്നു ഇവരുടെ താമസം. ഇവിടെ ഒരു രാത്രിക്ക് ഏകദേശം 2300 രൂപയായിരുന്നു മുറി വാടക. സ്പൈസ്ജെറ്റിന്റെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് ഈ യാത്രകള്‍ക്കായി സര്‍വീസ് നടത്തിയത്. സൂറത്തില്‍ നിന്ന് ഗൂവാഹട്ടിയിലേക്ക് 30 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം പറന്നുയരാന്‍ 50 ലക്ഷം രൂപയാണ് ചെലവായത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് ശേഷമുള്ള ഷിന്‍ഡെയുടെ വിമാനയാത്രകള്‍ക്ക് 35 ലക്ഷം രൂപയും ചെലവായി.
അതേസമയം ഗുവാഹട്ടിയിലെ ആഡംബര ഹോട്ടലില്‍ താമസിക്കാന്‍ പണം ചെലവഴിക്കുന്നതാരാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ ചോദിച്ചു. സ്രോതസ് വ്യക്തമാക്കാതെ പണം ചെലവഴിക്കുന്നത് ആദായനികുതിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.
English Summary:Resort politics in Maharashtra with crores of rupees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.