
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി മാനിച്ചുകൊണ്ട് എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന്റെ വോട്ട് വിവരങ്ങൾ സസൂക്ഷ്മം പഠിച്ച് ആഴത്തിലുള്ള അപഗ്രഥനം ഉണ്ടാകണമെന്ന് എല്ലാ ഘടകങ്ങളോടും സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിച്ചു. ജനവിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണ്. രാഷ്ട്രീയ പ്രക്രിയയുടെ എല്ലാ തലങ്ങളിലും ജനങ്ങൾ തന്നെയാണ് വലിയവർ. ആ തിരിച്ചറിവോടെ മുന്നോട്ടു പോകാൻ ഇടതുപക്ഷം പൊതുവിലും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേകിച്ചും കടപ്പെട്ടിരിക്കുന്നു. ഈ ആശയ വ്യക്തതയാണ് ഇടതുപക്ഷത്തെ വലതുപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. ഈ വഴിയിലൂടെ മുന്നോട്ടുപോയി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമൂഴം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. അതിനായി പാർട്ടിയെയും മുന്നണിയെയും അടിമുടി സജ്ജമാക്കാൻ കാലവിളംബമില്ലാതെ രംഗത്തിറങ്ങേണ്ടതുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നുവെന്ന വലതുപക്ഷ പ്രചാരവേല വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി എൽഡിഎഫിന് അനുകൂലമായിരുന്നില്ല. അതോടെ കേരളം വലതുപക്ഷത്തിന്റെ കയ്യിൽ അമർന്നു എന്ന് പിന്തിരിപ്പൻ രാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമ നാവുകളും ചേർന്ന് നടത്തിയ പ്രചണ്ഡ പ്രചാരണം കേരളം മറന്നിട്ടില്ല. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തലനാരിഴയുടെ വ്യത്യാസത്തിനാണ് ഇടതുപക്ഷം പുറകിലായത്. അതിനെക്കാൾ എത്രയോ കരുത്തുറ്റ അടിത്തറയിൽ നിന്നുകൊണ്ടാണ് എൽഡിഎഫ് ഇപ്പോൾ മുന്നോട്ടുപോകാൻ വഴികൾ ആരായുന്നത്.
ദശാബ്ദങ്ങളായി കേരളം കാണുന്ന കോൺഗ്രസ് — ബിജെപി കൂട്ടുകെട്ടിനെയാണ് ഇക്കുറിയും എൽഡിഎഫ് നേരിട്ടത്. ഇത്തവണ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ശക്തികളെ ചേർത്തുനിർത്തി ഇടതുപക്ഷ വിരോധത്തിന്റെ തെറ്റായ രാഷ്ട്രീയം പയറ്റാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. കോൺഗ്രസിന്റെ തന്നെ ഗാന്ധി — നെഹ്രു പാരമ്പര്യങ്ങളെ കുഴിച്ചുമൂടുന്ന ഈ ഇടതുപക്ഷ വിരോധം ആ പാർട്ടിയെ നാശത്തിലേക്ക് നയിക്കും എന്ന് അവർ മറന്നുപോകുന്നു.
ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയിലുള്ള ജനാധിപത്യ- മതനിരപേക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിച്ചത്. അതോടൊപ്പം കഴിഞ്ഞ ഒമ്പതര കൊല്ലക്കാലം എൽഡിഎഫ് സര്‍ക്കാര്‍ കേരളത്തിൽ യാഥാർത്ഥ്യമാക്കിയ വികസന മുന്നേറ്റവും ജനങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കിയ എൽഡിഎഫ് സർക്കാർ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി നടപ്പിലാക്കിയ ക്ഷേമ പദ്ധതികളും ജനങ്ങൾ കണ്ടതാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അടിച്ചേല്പിച്ച സാമ്പത്തിക ഉപരോധത്തിന്റെ നടുവിലും ജനോപകാരപ്രദമായ നടപടികൾ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കഴിഞ്ഞ സര്‍ക്കാരാണ് എൽഡിഎഫിന്റേത്. ഈ വസ്തുതകളാണ് ജനങ്ങളുമായി പങ്കുവയ്ക്കാൻ ശ്രമിച്ചത്. കാർഷിക വ്യവസായിക വിദ്യാഭ്യാസ ആരോഗ്യ പൊതുവിതരണമേഖലകളിൽ ആർജിച്ച നേട്ടങ്ങൾ വോട്ടർമാരോട് വിവരിക്കാനും മുന്നണി പരിശ്രമിച്ചു.
ഇത്രയേറെ ജനോപകാരപ്രദമായ നയങ്ങൾ നടപ്പിലാക്കിയിട്ടും എൽഡിഎഫ് എന്തുകൊണ്ട് വിജയിച്ചില്ല എന്നതിനെപ്പറ്റി ഗൗരവമായ പരിശോധനകൾ വേണമെന്നാണ് സിപിഐ കരുതുന്നത്. ഇതിന്റെ ഭാഗമായി നടത്തേണ്ട സ്വയം വിമർശനങ്ങൾ പാർട്ടിയിലും എൽഡിഎഫിലും ഉണ്ടാകണം. സങ്കീർണമായ സാർവദേശീയ — ദേശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തോടൊപ്പം കൈകോർത്തു നീങ്ങിയ മതന്യൂനപക്ഷങ്ങൾ മുന്നണിയിൽ നിന്ന് അകന്നുപോയിട്ടുണ്ടോ? എങ്കിൽ അവരുടെ വിശ്വാസം വീണ്ടെടുക്കാൻ ഇടതുപക്ഷം പരിശ്രമിക്കേണ്ടത് എങ്ങനെയാണ്? മതന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാഭാവികബന്ധുക്കൾ എന്ന നിലയ്ക്ക് ഇടതുപക്ഷത്തെ കാണാൻ ആ ജനവിഭാഗങ്ങൾക്ക് തുടർന്നും കഴിയണം. ആർഎസ്എസ് — ബിജെപി പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷ വർഗീയ ഫാസിസ്റ്റ് ഭീഷണിയാണ് മതനിരപേക്ഷ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിക്ക് മുന്നിൽ കൈകോർത്തു നീങ്ങേണ്ടവരാണ് ഇടതുപക്ഷവും എല്ലാ മതങ്ങളിലെയും യഥാർത്ഥ വിശ്വാസികളും. ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമെന്യേ വിശ്വാസങ്ങളെയും വിശ്വാസികളെയും ഇടതുപക്ഷം മാനിക്കും. എല്ലാത്തരത്തിലുമുള്ള മത തീവ്രവാദത്തെ ചെറുത്തുതോല്പിക്കുവാനുള്ള മഹത്തായ സമരത്തിൽ യഥാർത്ഥ വിശ്വാസികളുടെ സ്ഥാനം വലുതാണെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. അതിന്റെ വെളിച്ചത്തിൽ എല്ലാവരുമായും ആരോഗ്യകരമായ ആശയ സംവാദങ്ങൾ നടക്കേണ്ടതുണ്ട്. ആരാധനാലയങ്ങളെയും ആരാധനാവകാശങ്ങളെയും ഈ കാഴ്ചപ്പാടിലൂടെ കാണുന്നവരാണ് ഇടതുപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ വിശ്വാസികളുടെ മനസിൽ ജനിപ്പിച്ച പ്രതികരണം ഇടതുപക്ഷ വിരുദ്ധർ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്. ആ രാഷ്ട്രീയ സമരത്തിൽ ഇടതുപക്ഷം വിജയിക്കേണ്ടത് എല്ലാത്തിനെക്കാൾ പ്രധാനമാണ്. അതിനുള്ള തയ്യാറെടുപ്പുകൾ എൽഡിഎഫിലെ പാർട്ടികൾ ഒറ്റക്കൊറ്റയ്ക്കും കൂട്ടായും ഏറ്റെടുക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയാക്കി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാന്‍ സിപിഐയുടെ ജില്ലാ കൗൺസിലുകൾ വരുന്ന രണ്ടാഴ്ചക്കുള്ളിൽ യോഗം ചേരും. തുടർന്ന് 29, 30 തീയതികളിലായി സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും യോഗം ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ എൻ രാജൻ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.