23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സാങ്കേതിക വിദ്യയുടെ വേഗ വഴിയിലൂടെ ജനനന്മ ലക്ഷ്യമിട്ട് റവന്യു വകുപ്പ്

*എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് 
*ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാന്‍ പട്ടയം മിഷന്‍
*ജനകീയമാക്കാന്‍ വില്ലേജ് ജനകീയ സമിതികൾ
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 13, 2023 6:00 pm

സേവനങ്ങള്‍ ഫലപ്രദമായി എല്ലാവരിലും എത്തിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയും, സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് ആധുനികവല്‍ക്കരണം നടത്തിയും ജനനന്മ ലക്ഷ്യമിട്ട് മുന്നേറുകയാണ് റവന്യു വകുപ്പ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ല­ക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്ര­വര്‍ത്തനങ്ങളാണ് മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭൂരഹിതരായ നിസ്വർക്ക് ഒരു തുണ്ട് ഭൂമിയെങ്കിലും ന­ൽകുക എന്ന സർക്കാരിന്റെ ദൃഢ നിശ്ചയം വലിയൊരളവിൽ നടപ്പിലാക്കാനായി എന്ന ചാരിതാർത്ഥ്യത്തിലാണ് റവന്യു വകുപ്പ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആദ്യ ഘട്ടത്തില്‍ 27,000 പട്ടയങ്ങള്‍ നല്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 54,535 പേർക്ക് നൽകി ചരിത്രം കുറിക്കാനായി. ഈ വർഷവും അര ലക്ഷം പേർക്ക് പട്ടയം നൽകാനുള്ള പ്രവര്‍ത്തനത്തിലാണ് വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റവന്യു വകുപ്പിൽ വിഷൻ ആന്റ് മിഷൻ എന്ന പുത്തൻ ആശയം രൂപീകരിക്കുകയുണ്ടായി. ഇതിൽ ഏറ്റവും പ്ര­ധാനപ്പെട്ടതാണ് പട്ടയമിഷൻ­. ഭൂരഹിതരില്ലാത്ത കേ­രളമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ഭൂ­പതിവ് ചട്ടങ്ങൾ ഈ ലക്ഷ്യത്തിന് തടസമാണെന്ന് ക­ണ്ടാൽ ജനനന്മ മുമ്പിൽ കണ്ട് ചട്ടത്തിന്റെ മൂല്യങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് തന്നെ ഭേദഗതി ചെ­യ്യാൻ സർക്കാർ മടി കാണിക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പട്ടയ വിതരണത്തിന് തടസമായി നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഓരോ വില്ലേജിലേയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിനുളള തടസം എന്നിവ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുളള ഒരു ഡാഷ്ബോർഡ് സജ്ജമായി വരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഓരോ പ്രദേശത്തേയും പട്ടയ വിതരണത്തിനുളള തടസങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനും എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും സാധിക്കും.

വില്ലേജ് ഓഫിസുകളും സേവനങ്ങളും സ്മാര്‍ട്ട്

സർക്കാർ സേവനങ്ങളുടെ അടിത്തറ യൂണിറ്റുകളും ഏറ്റവും കൂടുതൽ പേര്‍ ആശ്രയിക്കുന്നതുമായ വില്ലേജ് ഓഫിസുകളുടെ ആധുനികവൽക്കരണം ലക്ഷ്യം വച്ചാണ് വില്ലേജ് ഓഫിസുകളെ സ്മാർട്ട് ഓഫിസുകളാക്കി മാറ്റുന്നതിന് സർക്കാർ തീരുമാനിച്ചത്. 92 ഓഫിസുകൾ ഇതിനകം സ്മാർട്ടാക്കി. 82 ഇടങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഓഫിസുകൾ സ്മാർട്ടാക്കുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ വേഗ വഴിയിലൂടെ റവന്യു സംവിധാനങ്ങളെ നയിക്കാനുളള നടപടികളും മുന്നേറുന്നു. ഭൂനികുതി മുതൽ വിവിധ ഫീസുകൾ ഇപ്പോൾ ഓൺലൈനായി ഒടുക്കാവുന്നതാണ്. ലെക്കേഷൻ സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട് എന്നിവ ഓൺലൈൻ വഴി ലഭ്യമാണ്. ഭൂമി തരംമാറ്റുന്നതിനുളള അപേക്ഷകൾ ഓൺലൈൻ വഴി ഇപ്പോൾ സമർപ്പിക്കാം. സോഷ്യൽ സെക്യൂരിറ്റി പെൻഷനുകൻ ഓൺലൈൻ വഴി ലഭ്യമാക്കുന്നുണ്ട്. പേപ്പറിൽ അച്ചടിച്ച പട്ടയങ്ങള്‍ക്ക് പകരം ഇനി മുതൽ ഇ‑പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. നേരത്തെ പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ പകർപ്പുകൾ എടുക്കുവാൻ ബുദ്ധിമുട്ടുളള സാഹചര്യമുണ്ടായിരുന്നു. ഇതിനൊരു പരിഹാരമാണ് സോഫ്റ്റ്‌വേർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്ന ഇ‑പട്ടയം. അതുപോലെ, കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ ആശ്രിതർക്ക് എക്സ്ഗ്രേഷ്യ പേയ്‌മെന്റ് അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പിലാക്കി. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകളും ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. എല്ലാ വില്ലേജ് ഓഫിസുകൾക്കും സ്വതന്ത്രമായ വെബ് സൈറ്റ് തുടങ്ങാനായതും നേട്ടമാണ്. അതത് വില്ലേജുകളിലുളള റവന്യു വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകും. ഭവന നിർമ്മാണ മേഖലയിൽ ഭവന നിർമ്മാണ ബോർഡിന് നിർണായക പങ്കുണ്ട്. എംഎൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകൾ ഇന്നും അസൗകര്യങ്ങളുടെ കൂടാരങ്ങളാണ്. എംഎൻ ലക്ഷം വീടുകളിലെ ഇരട്ട വീടുകളിലെ ഒറ്റ വീടാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

വില്ലേജ് ജനകീയ സമിതികള്‍ പ്രവര്‍ത്തനം തുടങ്ങി

വില്ലേജ് ഓഫിസുകളെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വില്ലേജ് ജനകീയ സമിതികൾ പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജനകീയ സമിതികൾ യോഗം ചേരുന്നു. നിയമസഭയിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ സമിതികൾ. സി അച്യുതമേനോൻ 1970 ജനുവരി ഒന്നിന് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം വഴി കുടിയായ്മ അവസാനിപ്പിക്കാനായി. അന്നു സ്ഥാപിച്ച ലാന്റ് ട്രൈബ്യൂണലുകൾ വഴി കുടിയാന്മാർക്ക് ഭൂമിയുടെ അവകാശം നൽകി വരുന്നു. പക്ഷേ അര നൂറ്റാണ്ട് പിന്നിട്ടിട്ടും ട്രൈബ്യൂണലുകളിലെ കുടിയായ്മ കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ട് ലക്ഷത്തിലധികം കേസുകളാണ് കെട്ടി കിടന്നിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനകം സമഗ്രതയോടെയും കൃത്യതയോടെയുമുളള ഇടപെടലുകളിലൂടെ ഒന്നര ലക്ഷത്തോളം കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞു. 70,303 കേസുകൾ മാത്രമാണ് അവശേഷിക്കുന്നത്.

തരംമാറ്റല്‍ അപേക്ഷകള്‍ ഭൂരിഭാഗവും തീര്‍പ്പാക്കി

റവന്യു വകുപ്പ് ഏറ്റവും വെല്ലുവിളിയോടുകൂടി ഇക്കാലയളവിൽ ഏറ്റെടുത്ത് ഏറെ വിജയകരമായി നടപ്പിലാക്കിയ മറ്റൊരു പ്രവൃത്തിയാണ് തരം മാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ. കെട്ടിക്കിടന്ന 2,12,169 അപേക്ഷകളിൽ 2,06,162 എണ്ണം തീർപ്പാക്കി എന്നത് വൻ നേട്ടമാണ്. പുതുതായി വന്ന അപേക്ഷകൾ കൂടി തീർപ്പാക്കുന്നതിനായി ഈ യജ്ഞം ആറ് മാസത്തേക്ക് കൂടി നീട്ടുകയാണ്. വലിയ ഒരു തുക ഫീസിനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിക്കാനും ഇതു വഴി ആയി.

ഡിജിറ്റല്‍ സര്‍വേ

കേരളത്തെ ഡിജിറ്റലായി അളക്കുക എന്ന ബൃഹദ് പദ്ധതിക്ക് ഇക്കാലയളവിൽ തുടക്കമിട്ടു. ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് സർവേ നടപ്പിലാക്കുന്നത്. 858.42 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. കേരളത്തിലെ 1666 വില്ലേജുകളും ഡിജിറ്റലായി അളക്കാനാണ് തീരുമാനം. 200 വില്ലേജുകളിൽ റീസർവേ നടപടികൾ പുരോഗമിച്ചു വരുന്നു. നാലു വർഷത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.