9 January 2025, Thursday
KSFE Galaxy Chits Banner 2

കുതിച്ചുയരുന്നു പണപ്പെരുപ്പം; അഞ്ച് മാസത്തെ ഉയര്‍ന്ന നിലയില്‍

Janayugom Webdesk
ന്യൂഡൽഹി
November 15, 2021 10:29 pm

തുടര്‍ച്ചയായ ഏഴാം മാസത്തിലും കുതിച്ചുയരുന്ന രാജ്യത്തെ മൊത്തവ്യാപാര പണപ്പെരുപ്പം ഇന്ധനം, ഊര്‍ജ്ജം, പച്ചക്കറികള്‍, ഭക്ഷ്യ എണ്ണ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നതായി പഠനം. കല്‍ക്കരി ലഭ്യതക്കുറവിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക് 19 ശതമാനവും അസംസ്കൃത എണ്ണ വില ഉയര്‍ന്നത് ഇന്ധനവിലയില്‍ 37 ശതമാനവും പ്രകൃതിവാതക വില 31 ശതമാനവും കണ്ട് ഉയര്‍ന്നു. രാജ്യത്തെ മൊത്തവില പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബറില്‍ 12.54 ശതമാനമായി പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 10.66 ശതമാനമായിരുന്നു. 

ഇന്ധനം, ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയുടെ വിലയിലെ വര്‍ധനവാണ് മൊത്തവില സൂചികയില്‍ പ്രതിഫലിക്കുന്നതെന്ന് ധനമന്ത്രാലയം പറയുന്നു. നിര്‍മ്മിത വസ്തുക്കളുടെ വിലയിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 11.41 ല്‍ നിന്ന് ഒക്ടോബറില്‍ 12.04 ആയി. ഇന്ധന-ഊര്‍ജ്ജ സൂചികയില്‍ 37.18 ശതമാനം വിലക്കയറ്റമുണ്ടായി. സെപ്റ്റംബറില്‍ ഇത് 24.81 ആയിരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ സെപ്റ്റംബറില്‍ മൈനസ് 4.69 രേഖപ്പെടുത്തിയ സ്ഥാനത്ത് ഒക്ടോബറില്‍ 1.69 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അസംസ്കൃത എണ്ണവിലയിലെ പണപ്പെരുപ്പം 71.86 ല്‍ നിന്ന് 80.57 ആയി ഉയര്‍ന്നിട്ടുണ്ട്.
ചില്ലറവില പണപ്പെരുപ്പനിരക്ക് ഒക്​ടോബർ മാസത്തിൽ 4.48 ശതമാനമായി വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞ മാസം ഇത്​ 4.35 ശതമാനമായിരുന്നു. ഭക്ഷ്യ വസ്​തുക്കളുടെ പണപ്പെരുപ്പ നിരക്ക്​ 0.68 ശതമാനത്തിൽ നിന്ന്​ 0.85 ആയി ഉയർന്നു.
കഴിഞ്ഞ ആർബിഐ പണനയത്തിൽ ഈ സാമ്പത്തിക വർഷം പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്ന്​ 5.3 ശതമാനമായി കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. രണ്ട്​ ശതമാനത്തിനും ആറ്​ ശതമാനത്തിനുമിടയിൽ പ്രതിമാസ പണപ്പെരുപ്പ നിരക്ക്​ നിര്‍ത്തുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന ഇന്ധനവില പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ തടസമാകുന്നു. 

ENGLISH SUMMARY:Rising infla­tion; At a five-month high
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.