5 November 2024, Tuesday
KSFE Galaxy Chits Banner 2

പന്തംകൊളുത്തികളെയും കൊള്ളയടിക്കുന്നു!

ദേവിക
വാതിൽപ്പഴുതിലൂടെ
December 19, 2022 4:15 am

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിലവിലെ സര്‍ക്കാരിനെതിരെ മുദ്രാവാക്യവും ചുമരെഴുത്തുമായി പ്രതിപക്ഷം രംഗത്തിറങ്ങുന്നത് ഒരു നാട്ടുനടപ്പ്. ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അരിവില ഇടങ്ങഴിക്ക് 12 രൂപയായി. അന്ന് കിലോ ഇല്ല. എല്ലാം ഇടങ്ങഴി, പക്ക, നാഴി, ഉരി എന്നീ കണക്കാണ്. ഉടന്‍ കയ്യാലകളായ കയ്യാലകളാകെ മുദ്രാവാക്യമായി. അരിവാള്‍ ഭരണം വന്നപ്പോള്‍ അരിവില പതിനാറണയായി. അരിക്ഷാമം രൂക്ഷമായ കേരളത്തില്‍ അന്നത്തെപ്പോലെ തന്നെ നാം ഇന്നും സ്വയംപര്യാപ്തമല്ല. ജനത്തിന് കുറഞ്ഞവിലയ്ക്ക് അരി നല്‍കാന്‍ അന്നത്തെ ഭക്ഷ്യമന്ത്രിയും അനശ്വരനായ സിപിഐ നേതാവുമായ കെ സി ജോര്‍ജ് ആന്ധ്രയില്‍ നിന്നും അരി ഇറക്കുമതി ചെയ്തു. വിപണികളില്‍ കുത്തനെ അരിവില ഇടിഞ്ഞപ്പോള്‍ അരി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് കള്ളം പറഞ്ഞ് കോണ്‍ഗ്രസുകാര്‍ പിന്നെയും മണ്‍കയ്യാലകളില്‍ എഴുതിവച്ചും ‘ഒന്നരക്കൊല്ലം കൊണ്ട് ഒന്നരക്കോടി കട്ട ഒന്നരക്കാലാ രാജിവയ്ക്ക്’. സഖാവ് കെസിക്ക് ലേശം മുടന്തുള്ളതുപോലും പ്രതിപക്ഷം രാഷ്ട്രീയ മുദ്രാവാക്യമാക്കി. പ്രതിപക്ഷം അങ്ങനെയൊക്കെയാണ്. ഒരു മുദ്രാവാക്യം പൊളിയുമ്പോള്‍ മറ്റൊരു കള്ള മുദ്രാവാക്യത്തിനു പിന്നാലെ പായുന്നവര്‍.


ഇതുകൂടി വായിക്കൂ: അരിവില ഉയരുമെന്ന് കേന്ദ്ര സര്‍ക്കാര്‍


പക്ഷേ, തന്ത്രം മെനയുന്നവരില്‍ ഭൂലോക ഗുണാണ്ടര്‍മാരായ നമ്മളെ കുത്തകകള്‍ കണ്ണു കെട്ടാതെതന്നെ കൊള്ളയടിക്കുന്നതു നാം കാണുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോര്‍പറേറ്റുകള്‍ നമ്മെ പ്രതിദിനവും പ്രതിവാരവും പ്രതിമാസവും വിലകള്‍ കൂട്ടി പകല്‍ക്കൊള്ള നടത്തുന്നത് നാം അറിയാതെ പോകുന്നു. ബഹുരാഷ്ട്ര, സ്വദേശ, നാടന്‍ കമ്പനികള്‍ നാം നോക്കിനില്ക്കേ കഴുത്തറുക്കുന്ന ജാലവിദ്യ, ഒരു സണ്‍ലൈറ്റ് സോപ്പിന് കഴിഞ്ഞ വര്‍ഷം 22 രൂപ. ഈ വര്‍ഷം 41 രൂപ. ലക്സ് സോപ്പിന് 22 രൂപയായിരുന്നത് ഇപ്പോള്‍ 37. പിയേഴ്സ് സോപ്പ് 35 ല്‍ നിന്ന് 54. തുണിയലക്കാനുള്ള സര്‍ഫ് എക്സെല്‍ കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം 52 രൂപയായിരുന്നത് ഇപ്പോള്‍ 78 രൂപ. മല്ലിപ്പൊടി 250 ഗ്രാം 18 ല്‍ നിന്ന് 34 ലേക്ക്. മുളകുപൊടിയും 250 ഗ്രാമിന് 54 ല്‍ നിന്ന് 82 ലേക്ക് കുതിച്ചുകയറുന്നു. ഗരംമസാല 100 ഗ്രാമിന് ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോളമായി. ബിസ്കറ്റിന്റെ വില 30 ല്‍ നിന്ന് 56. പക്ഷേ, വില കൂട്ടിയിട്ടില്ലെന്ന തോന്നലുണ്ടാക്കാന്‍ പാര്‍ലെജി ബിസ്കറ്റിന്റെ ചെറിയ പാക്കറ്റിന്റെ വില 4 രൂപയില്‍ നിന്ന് 5 രൂപ മാത്രമാക്കി ഉയര്‍ത്തിയത് മറ്റൊരു ടെക്നിക്. 100 ഗ്രാമിന്റെ ചെറിയ പാക്കറ്റിനായിരുന്നു കഴിഞ്ഞവര്‍ഷം. പക്ഷേ ഒരു വര്‍ഷമായി ഓരോ മാസവും ക്രമാനുഗതമായി ബിസ്കറ്റിന്റെ തൂക്കം കുറയ്ക്കുകയായിരുന്നു തന്ത്രം. 100 ഗ്രാം 92.5 ഗ്രാമായി ആദ്യം കുറച്ച പാര്‍ലെജിയുടെ ഇപ്പോഴത്തെ തൂക്കമറിയേണ്ടേ! 55 ഗ്രാം. തൂക്കം പകുതിയോളമായി കുറഞ്ഞപ്പോള്‍ വില വര്‍ധിച്ചത് 25 ശതമാനം. അതാണ് കുത്തകതന്ത്രങ്ങള്‍. പക്ഷെ ഇവിടെ ഉല്പാദന ദൗര്‍ലഭ്യമുള്ള അരിയുടെ വില ഒരു രൂപ കൂടിയാല്‍ പന്തംകൊളുത്തി സമരം. ഈ ടയര്‍ കത്തിക്കല്‍ സമരം ഇപ്രകാരം സൂത്രത്തില്‍ വില കുത്തനെ വര്‍ധിപ്പിക്കുന്ന കുത്തകകള്‍ക്കെതിരെ എന്തേ നടക്കുന്നില്ല. അതിന് കുറേ പുളിക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനും ബോണ്ടിനും കുത്തകകളുടെ പണമല്ലേ ശരണം! അപ്പോള്‍ പിന്നെ പന്തം തന്നെ ശരണം.


ഇതുകൂടി വായിക്കൂ: വിലക്കയറ്റവും കേരള സർക്കാരും


നമ്മുടെ ഗുരുക്കന്മാര്‍ക്കും ശിഷ്യകുലത്തിനും ഇതെന്തുപറ്റി? പൊലീസിനാണെങ്കില്‍ അതിലേറെ ദുരന്തം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുരുന്നുകളെ പീഡിപ്പിച്ച അറുപതിലേറെ അധ്യാപകരാണ് ഈയിടെ അകത്തായത്. മദ്രസാ അധ്യാപകര്‍ മുതല്‍ പള്ളീലച്ചന്മാരും സാധാ അധ്യാപകരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ലഹരിവിരുദ്ധ പ്രചാരണ സമ്മേളനത്തിന് അധ്യാപകന്‍ എത്തിയത് അടിച്ചുപാമ്പായി. ‘യഥാ രാജാ, തഥാ പ്രജ’ എന്ന ചൊല്ലിന് ‘യഥാ ഗുരു തഥാ ശിഷ്യ’ എന്ന പാഠഭേദം വന്ന കാലം. കാട്ടാക്കട ബസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തെരുവ് യുദ്ധം. ആലപ്പുഴ അറവുകാട് സ്കൂള്‍ വിദ്യാര്‍ത്ഥികളും ഐടിസി വിദ്യാര്‍ത്ഥികളും തമ്മില്‍ കൂട്ടയടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ തമ്മിലും പൊരിഞ്ഞതല്ല്. ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍. പൊലീസാണെങ്കില്‍ കാര്യങ്ങള്‍ ബഹുകേമം. ശതമാനത്തില്‍ ചെറുതല്ലാത്ത ക്രിമിനലുകള്‍ വാഴുന്ന പൊലീസാണെങ്കില്‍ ക്രിമിനലുകളുടെ ശതമാനം വര്‍ധിപ്പിക്കാനുള്ള മരണപ്പാച്ചിലില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരയുമായി തെളിവെടുപ്പിന് കൊണ്ടുപോയ എസ്ഐ ആ അതിജീവിതയെ പീഡിപ്പിച്ച് ആനന്ദിക്കുന്നു. മറ്റൊരു കേസാണ് അതിലേറെ കൗതുകം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗള്‍ഫില്‍ പോയ പ്രതിയെ വിളിച്ചു വരുത്തിയ സിഐ ഏമാന്‍ കേസ് തീര്‍ക്കാമെന്ന് പറഞ്ഞ് കോഴ വാങ്ങുന്നു. പോരാഞ്ഞ് മുതുക്കനായ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുന്നു! പണ്ടത്തെ വിഷവെെദ്യന്മാര്‍ ചെയ്യുന്നതുപോലെ കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വിദ്യ.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ഇത്തരം കേട്ടാലറയ്ക്കുന്ന ലെെംഗികപീഡന കേസുകളില്‍ പ്രതികളാകുന്നവരെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അരനൂറ്റാണ്ടോളം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. അവിടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന എന്‍ജിനീയര്‍ ഒരു കേസില്‍ കുടുങ്ങുന്നു. കേസെടുത്തത് ജഗജില്ലിയായ ഒരു എസ്‌പി. പണ്ട് സമരകാലത്ത് സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവന്റെ മീശ പിഴുതും തെങ്ങമം ബാലകൃഷ്ണന്റെ തലമുടി പറിച്ചെറിഞ്ഞും ആഹ്ലാദിച്ച അന്നത്തെ ഹെഡ് കോണ്‍സ്റ്റബിള്‍ അങ്ങത്ത! മെഡിക്കല്‍ കോളജിലെ ഒരു കക്കൂസും അനുബന്ധ ഉപകരണങ്ങളും അപ്പാടെ എന്‍ജിനീയര്‍ അടിച്ചുമാറ്റിയെന്നായിരുന്നു കേസ്. സംഭവം കക്കൂസ് മോഷണമായതിനാല്‍ എല്ലാ പത്രങ്ങളിലും അന്ന് വാര്‍ത്ത വന്‍തലക്കെട്ടോടെ വന്നു. ദൂരദര്‍ശന്‍ മാത്രമേ അന്ന് ദൃശ്യമാധ്യമമായുണ്ടായിരുന്നുള്ളു. അവരും കക്കൂസ് കള്ളന്റെ വാര്‍ത്ത ആഘോഷിച്ചു. ഒരു ദിവസം എന്‍ജിനീയറും പന്ത്രണ്ടുകാരനായ മകനും ചേര്‍ന്ന് വാര്‍ത്ത എഴുതിയ ലേഖകരെ കണ്ട് സത്യാവസ്ഥ ബോധിപ്പിച്ചു. തെളിവുകള്‍ സഹിതം. തന്റെ വീടിന് മുകളിലൂടെ എസ്‌പിയുടെ ബന്ധുവിന് വെെദ്യുതിലെെന്‍ വലിക്കാന്‍ അനുവദിക്കാത്തതിനായിരുന്നു കക്കൂസ് മോഷണക്കേസില്‍ കുടുക്കിയത്. നാണക്കേടുമൂലം ആ കുട്ടിയും കുഞ്ഞനുജത്തിയും പഠനം നിര്‍ത്തി. അമ്മ പുറത്തിറങ്ങാതായി. ആകെ ദുഃഖിത. എന്‍ജിനീയര്‍ സസ്പെന്‍ഷനിലും. മാനഭംഗവീരന്മാരായ പൊലീസുകാരുടെ കുടുംബങ്ങളിലും ഇതൊക്കെ തന്നെയായിരിക്കില്ലേ ദുരവസ്ഥ. ഹീനകൃത്യത്തിനു മുമ്പ് കുടുംബങ്ങളെയും നാട്ടുകാരെയുംപോലും ഓര്‍ക്കാത്ത മൃഗീയ ജന്മങ്ങള്‍.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.