വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും സാങ്കേതിക മേഖലയിലെ അടിസ്ഥാന നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും.
2000 ഹൈസ്‌കൂളുകൾക്ക് 9000 റോബോട്ടിക്സ് പരിശീലന കിറ്റുകൾ വിതരണം ചെയ്യും. തിരഞ്ഞെടുത്ത 60,000 വിദ്യാർത്ഥികൾക്ക് 4000 കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ നേരിട്ട് പരിശീലനം നൽകും. ഈ കുട്ടികൾ മറ്റ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ട്രാഫിക് സിഗ്നൽ, പ്രകാശത്തെ സെൻസ് ചെയ്ത് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിലും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ശബ്ദ നിയന്ത്രിത ഹോം ഓട്ടോമേഷൻ, കാഴ്ചശക്തിയില്ലാത്തവർക്കുള്ള വാക്കിങ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ സബ് ജില്ല, ജില്ലാതലത്തിലും കുട്ടികൾ പരിശീലിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ പ്രധാന പരിശീലന മേഖലയാണ് റോബോട്ടിക്സ്. ഈ മേഖലയിലെ പരിശീലനം വഴി റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
English Summary: Robotics training for 12 lakh students
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.