24 December 2024, Tuesday
KSFE Galaxy Chits Banner 2

ചിരിയുടെ രോമാഞ്ചം

എ ഐ ശംഭുനാഥ്
March 5, 2023 7:45 am

സിനിമാലോകത്ത് നിന്ന് ശുദ്ധഹാസ്യം മൺമറഞ്ഞ് പോയി എന്ന് പറഞ്ഞവർക്കിടയിലേക്കാണ് രോമാഞ്ചം എന്ന ചിത്രം പാറിപ്പറന്ന് എത്തിയത്. നർമ്മത്തിന്റെ പരാഗണം ശ്വസിച്ച് കൊട്ടകയിൽ നിന്നും പൊട്ടിച്ചിരിയുമായി ഇറങ്ങിവരുന്ന പ്രേക്ഷകസമൂഹത്തെ കാണാൻ നല്ല ചേലാണ്. ഡാർക്ക് സബ്ജക്ടുകൾ കണ്ട് കണ്ണു താഴ്ന്ന സിനിമാപ്രേക്ഷകർക്ക് വലിയ ഉണർവാണ് ഇതിലൂടെ ലഭിച്ചിട്ടുള്ളത്.
ഗപ്പി എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത ജോൺപോൾ ജോർജ്ജ് ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് രോമാഞ്ചം. നിർമ്മാണപങ്കാളികളായി ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ജോബി ജോർജ്ജും ചേരുന്നു. വാണിജ്യപരമായി വളരെ ബ്രില്ലിയന്റായി അവതരിപ്പിച്ച രോമാഞ്ചം റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. കാണികളുടെ മൗത്ത് പബ്ലിസിറ്റിയാണ് ചലച്ചിത്രലോകത്തെ ഏറ്റവും വലിയ പ്രൊമോഷൻ എന്ന് ഒരിക്കൽക്കൂടി അടിവര ഇടുകയാണ് ഈ ചിത്രം. 

ട്രെയിലറിൽ കാണുന്നത് പോലെ രോമാഞ്ചത്തിലെ പ്രധാന കഥാസന്ദർഭം അരങ്ങേറുന്നത് ഒരു ഓജോ ബോർഡിനെ ചുറ്റിപ്പറ്റിയാണ്. സൗബിൻ ഷാഹിർ അവതരിപ്പിച്ച ജിബി എന്ന കേന്ദ്രകഥാപാത്രം മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ആകുന്നതോടെയാണ് കഥ തുടങ്ങുന്നത്. കെട്ടുറപ്പുകൊണ്ട് സമ്പന്നമായ സുഹൃദ് വലയം മാത്രം കൈമുതലായുള്ള അയാൾ എങ്ങനെ ആശുപത്രിയിൽ എത്തി എന്ന ചോദ്യമാണ് തിരക്കഥയിലേക്ക് ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
ബംഗളൂരുവിന്റെ ഏതോ ഒരറ്റത്തെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ജിബിയും സംഘവും. യുവത്വത്തിന്റെ സ്വാഭാവികമായ വിരസതയുടെ ചൂട് പിടിച്ച് മുന്നോട്ട് പോകുന്ന അവരുടെ ജീവിതം. തീർത്തും അപ്രതീക്ഷിതമായാണ് ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെപ്പോലെ ആ ടീമിന്റെ ഇടയിലേക്ക് ഒരു ഓജോ ബോർഡ് കടന്നുവരുന്നത്. മായയും മിത്തും ചേരുന്ന ഈ ബോർഡിലെ കളിക്ക് എവിടെയോ വെച്ച് ഗൗരവസ്വഭാവം ആജ്ജിക്കുന്നു. പിന്നെ സംഭവിക്കുന്നതെല്ലാം വിധിയുടെ തീരുമാനങ്ങളാണ്.
ഓജോ ബോർഡിൽ നിന്നുണ്ടായ പ്രശ്നങ്ങൾ മൂലം അതിനെ ഒരു വശത്തേക്ക് ഒതുക്കി വയ്ക്കുന്നു. രണ്ടാം പകുതിയിൽ പിന്നെയും ഒരതിഥി എത്തുന്നതോടെയാണ് തിരക്കഥ കൊഴുക്കുന്നത്. അതിനെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവവികാസങ്ങളാണ് കഥാപരിസരത്തെ ശക്തിപ്പെടുത്തുന്നത്. ചുരുക്കത്തിൽ ഒരൊറ്റ കെട്ടിടത്തിന്റെ പല കോണുകളിലായി നടക്കുന്ന രസകരമായ സന്ദർഭങ്ങളുടെ നിലവറയായാണ് ചിത്രത്തെ കൺസീവ് ചെയ്തിട്ടുള്ളത്. സറിയലിസത്തിന്റെ ഹാസ്യരൂപേണയുള്ള ദൃശ്യാവിഷ്കാരം അതിന്റെ പാകത്തിന് സംവിധായകൻ തയ്യാറാക്കിയിട്ടുണ്ട്.
തീർത്തും പെർഫോമൻസ് ഓറിയന്റായ സിനിമയാണ് രോമാഞ്ചം. പൂർണമായും എഴുതി തിട്ടപ്പെടുത്തിയ തിരക്കഥയുടെ പരിധിയിൽ ഈ ചിത്രത്തെ പിടിച്ച് കെട്ടാൻ സാധിക്കില്ല. മറിച്ച് കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്ക് മുൻതൂക്കം നൽകി മുന്നേറുന്ന ഇംപ്രൊവൈസേഷൻ രീതിയാണ് രോമാഞ്ചം പിന്തുടർന്നിരിക്കുന്നത്. സിനിമയുടെ രസചരടിനെ അത് നല്ലതുപോലെയാണ് പുഷ്ടിപ്പെടുത്തിയിട്ടുള്ളത്. അഭിനേതാക്കൾക്ക് ഇണങ്ങുന്ന ഏറ്റവും മികച്ച പെർഫോമിങ്ങ് സ്പെയിസുകളാണ് നൽകിയിരിക്കുന്നത്. 

ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥാരചനയും സംവിധാനവും കൈകാര്യം ചെയ്തിട്ടുള്ളത്. വളരെ മനോഹരമായ തരത്തിൽ രോമാഞ്ചത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയിട്ടുണ്ട്. ഒരോ അഭിനേതാക്കളുടേയും സസൂക്ഷ്മമായ ഭാവങ്ങൾ കണ്ടെത്തി അവ മനോഹരമായ തരത്തിൽ വ്യക്തമായ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കഥയുടെ ഫ്രെയിംവർക്കിൽ മാത്രം ഒതുങ്ങി കൂടുന്ന പ്രകടനങ്ങൾക്ക് അല്ല സിനിമയിൽ ഇടം നൽകിയിട്ടുള്ളത്. രസകരമായ പല സന്ദർഭങ്ങളും കോർത്തിണക്കുന്നതിൽ സംവിധായകൻ ഏറെ മികവ് പുലർത്തിയിട്ടുണ്ട്. ഒരോ രംഗങ്ങൾക്കും അതിന്റേതായ തലത്തിലുള്ള വിനോദമൂല്യം അടങ്ങിയിട്ടുണ്ട്. സംഭാഷണങ്ങൾ ടെംപ്ലേറ്റ് വെച്ച് അളന്നു കുറിക്കുന്നതിനു പകരം കഥാപാത്രങ്ങളോട് നീതി പുലർത്തും വിധമാണ് രചിച്ചിട്ടുള്ളത്.
സൗബിൻ ഷാഹിർ, അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ്, അനന്തരാമൻ അജയ്, സജിൻ ഗോപു, അബിൻ ബിനോ, സിജു സണ്ണി, അഫ്സൽ, ജഗദീഷ് കുമാർ തുടങ്ങിയവരാണ് തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് നമ്മെ കണ്ണിമവെട്ടാതെ പിടിച്ചിരുത്തുന്നത്. സിനു സോളമൻ എന്നാണ് അർജ്ജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. വളരെ ചെറിയ ഭാവങ്ങൾകൊണ്ട് പോലും ചിരിമഴ പ്രേക്ഷകരിൽ തീർക്കുന്ന കഥാപാത്രമായി അയാൾ മാറുന്നു. രണ്ടാം പകുതിയിലെ പ്രധാന ആകർഷണം ഈ കഥാപാത്രമാണ് എന്നത് നിസംശയമായ കാര്യമാണ്. ഒരോ അഭിനേതാക്കളും അവർക്ക് ഏറ്റവും അനുയോജ്യമായ റോളുകളിലേക്കാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് എന്ന അനുഭൂതിയാണ് കാസ്റ്റിംഗ് നമ്മളിലേക്ക് പകർന്നു നൽകുന്നത്. ദിശയില്ലാതെ നെട്ടോട്ടമോടുന്ന ഒരു പറ്റം യുവാക്കളെ ഇത്രയും മനോഹരമായി വെള്ളിത്തിരയിൽ എത്തിച്ച അണിയറപ്രവർത്തകർ പ്രത്യേകമായ അഭിനന്ദനത്തിന് അർഹരാകുന്നു.
കിരൺ ദാസിന്റെ എഡിറ്റിങ് സിനിമയുടെ എല്ലാമെല്ലാമാണ്. ഏറെ ഭംഗിയായി നിർവ്വഹിച്ച കർത്തവ്യങ്ങളിൽ ഒന്നാണ് ചിത്രസംയോജകന്റേത്. ദൃശ്യങ്ങളുടേയും സംഗീതത്തിന്റേയും മികച്ച രീതിയിലുള്ള ലയം ഏവരേയും ആകർഷിക്കുംവിധമുള്ളതാണ്. ഓരോ രംഗങ്ങളും പശ്ചാത്തലസംഗീതത്തിന്റെ താളത്തോട് ഏറ്റവും അനുയോജ്യമായ രീതിയിൽ യോജിപ്പിച്ചിട്ടുണ്ട്. സീൻ ട്രാൻസിഷൻസും മോൺടാഷ് സീക്വൻസും ഒക്കെ ഗംഭീരമായി.
Romancham (1)

സുഷിൻ ശ്യാമിന്റെ സംഗീതം സിനിമയുടെ അന്തരീക്ഷത്തെ മൊത്തത്തിൽ ചില്ല് വൈബാക്കി നിർത്തുന്നു. ടൈറ്റിൽ ട്രാക്കിൽ തുടങ്ങി ആത്മാവേ പോ, ആദരാഞ്ജലി തുടങ്ങിയ പാട്ടുകൾ ചിത്രത്തിന്ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അനിശ്ചിതത്വമാണ് മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് സ്ഫുടതയോടെ രോമാഞ്ചം പറഞ്ഞവസാനിപ്പിക്കുന്നു. തോന്നലുകൾ ഒരു വ്യക്തിയെ തന്നെ മാറ്റിമറിക്കും. ഭയത്തിന്റെ കൊടുമുടിയിൽ മനുഷ്യമനസ് എത്തപ്പെട്ടാൽ പിന്നെ ചുറ്റും നടക്കുന്നതിലെല്ലാം നിഗൂഢതയുടെ അംശമുണ്ടാകും. അത്തരം നിഗൂഢതകൾക്ക് ഭയത്തിന്റെ ഗന്ധം പുരണ്ടാൽ അമാനുനിഷകമായ പലതിലേക്കും അത് പ്രതിഷ്ഠിക്കപ്പെടും. ഇതിന് അപ്പുറം വെറും ശൂന്യത മാത്രമാണ് നിലനിൽക്കുന്നതെന്ന് ചിത്രം നമ്മെ ചിന്തിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.