
അല്‍ നസറിന്റെ പടിയിറങ്ങുമെന്ന സൂചനയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗ് അവസാനിച്ചതിന് പിന്നാലെ റൊണാള്‍ഡോയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് താരം അല്‍ നസര്‍ വിടുന്നുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ‘ഈ അധ്യായം അവസാനിക്കുന്നു. എന്നാൽ ഈ കഥ എഴുതുന്നത് തുടർന്നുകൊണ്ടിരിക്കും. എല്ലാവർക്കും നന്ദി’. അല്‍ നസര്‍ ജേഴ്സിയിലുള്ള ഫോട്ടോ പങ്കിട്ട് ഇങ്ങനെയാണ് റൊണാള്‍ഡോ കുറിച്ചത്. 2022ല്‍ റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് റൊണാള്‍ഡോ സൗദി ക്ലബ്ബിലെത്തിയത്. 2023–24 സീസണിൽ അൽ നസറിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്കുവഹിച്ചു. ഈ സീസണില്‍ അല്‍ നസര്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണില്‍ ടീമിനായി 24 ഗോളുകളാണ് താരം അടിച്ചത്. അൽ നസറിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ റൊണാൾഡോ നേടി. ലീഗിലെ ടോപ് സ്‌കോററും ക്രിസ്റ്റ്യാനോയാണ്. റൊണാള്‍ഡോ സൗദിയിലെത്തിയതിന് പിന്നാലെയാണ് പ്രമുഖ താരങ്ങളായ കരീം ബെന്‍സേമ, നെയ്മര്‍ തുടങ്ങിയവരുമെത്തിയത്.
ഏപ്രിലില്‍ ജപ്പാനീസ് ക്ലബ്ബായ കാവസാക്കി ഫ്രൊണ്ടൈയിലിനോട് സെമിയില്‍ തോറ്റതോടെ അല്‍ നസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണയും കിരീടം നേടാന്‍ അല്‍ നസറിന് കഴിയാതിരുന്നതും റൊണാള്‍ഡോ ടീം വിടുന്നതിന് കാരണമായേക്കുമെന്നാണ് സൂചന. അതേസമയം അല്‍ നസര്‍ നിലവില്‍ ക്ലബ്ബ് ലോകകപ്പിന്റെ ഒരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ടീം വിടുകയാണെങ്കില്‍ റൊണാള്‍ഡോ ചേക്കേറുന്നത് എത് ടീമിലേക്കാണെന്നോ ഏത് ലീഗിലേക്കാണെന്നോയെന്നതില്‍ വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.