
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തുടരും. ക്ലബ്ബുമായി 2027 വരെ കരാര്‍ പുതുക്കി. റൊണാള്‍ഡോയുമായുള്ള ചിത്രം പങ്കുവച്ച് അല്‍ നസര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ‘കഥ തുടരുകയാണ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2027 വരെ അല്‍ നസറില്‍ തുടരും’, ക്ലബ്ബ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഈ മാസം അവസാനം അല്‍ നസറുമായുള്ള 40കാരനായ റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് പുതിയ കരാറിലെത്തുന്നത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ‘ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവര്‍ക്കും നന്ദി’, എന്ന് കുറിച്ചതോടെ താരം ക്ലബ്ബ് വിടുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ബ്രസീല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളും സൗദിയിലെ തന്നെ വമ്പന്മാരായ അല്‍ ഹിലാലും ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തി. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോടെ അവസാനമായിരിക്കുകയാണ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ലബ്ബ് ലോകകപ്പിന് അല്‍ നസറിന് യോഗ്യത ലഭിച്ചിരുന്നില്ല. എന്നാല്‍ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ ടീമുകളില്‍ നിന്ന് വാഗ്ദാനം ലഭിച്ചെങ്കിലും താന്‍ അതെല്ലാം നിരസിക്കുകയായിരുന്നുവെന്ന് റൊണാള്‍ഡോ പറഞ്ഞു. 2023 ജനുവരിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റെക്കോഡ് തുകയ്ക്കാണ് റൊണാള്‍ഡോ അല്‍ നസറിലെത്തുന്നത്. ക്ലബ്ബിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളും 19 അസിസ്റ്റും സ്വന്തമാക്കി. എന്നാല്‍ ഇതുവരെ സൗദി ക്ലബ്ബിനൊപ്പം ഒരു കിരീടവും സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല. ഇക്കഴിഞ്ഞ സൗദി പ്രോ ലീഗ് സീസണില്‍ അല്‍ നസര്‍ മൂന്നാമതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.