16 September 2024, Monday
KSFE Galaxy Chits Banner 2

വയനാട് ദുരന്തത്തിന്റെ അടിവേരുകള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
August 7, 2024 4:30 am

പഴയ വയനാട്ടുകാര്‍ 1984ജൂലൈ ഒന്ന് മറക്കാനിടയില്ല. അന്ന് ഉരുള്‍പൊട്ടല്‍ എന്ന വാക്കുപോലും പരിചയമില്ലാതിരുന്ന വയനാട്ടുകാര്‍, ജൂലൈ രണ്ടാം തീയതി ഉണര്‍ന്നത് ചൂരല്‍മലയ്ക്കപ്പുറത്തെവിടെയോ വലിയ മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നു. ആളുകള്‍ക്ക് ജീവാപായം ഉണ്ടായിരിക്കുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ കേട്ടാണ് കല്ലാടിപ്പുഴയിലെ പാലം തകര്‍ന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് എത്തിച്ചേരാനാവുന്നില്ല എന്നും വാര്‍ത്തവന്നു. അങ്ങോട്ടേക്ക് പുറപ്പെട്ട പൊലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ക്ക് വളരെ പണിപ്പെട്ടാണ് മുണ്ടക്കൈയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായ കരിമറ്റം എസ്റ്റേറ്റിലെത്താന്‍ സാധിച്ചത്. അന്ന് ലഭ്യമായ കണക്കുകളില്‍ കരിമറ്റം എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസിച്ചിരുന്ന പാപ്പന്‍, നേപ്പാള്‍ സ്വദേശി ഗൂര്‍ഖ വിക്രം, ഷാജി, സമീപത്ത് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളിലെ 15 പേര്‍ എന്നിവര്‍ക്കാണ് മലവെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പല മൃതദേഹങ്ങളും വീണ്ടെടുക്കാനായില്ല. ശരീരഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ സംഭവിച്ചതുപോലെ രണ്ട് മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നുമാണ് കണ്ടെത്തിയത്.
500മീറ്റര്‍ വീതിയില്‍ നാലു കിലോമീറ്ററോളമാണ് അന്ന് മണ്ണൊലിച്ചുവന്നത്. 200 അടി വീതിയിലും 50 അടി ഉയരത്തിലും മണ്ണും ചെളിയും നിറഞ്ഞു. അന്നുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍. പിന്നീട് പടിഞ്ഞാറത്തറയില്‍ കാപ്പിക്കളത്ത് 1992ല്‍ പതിനൊന്നുപേര്‍ക്കും 2007ല്‍ വാളന്തോട്ടില്‍ നാലുപേര്‍ക്കും മലയിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടു. ചൂരല്‍മലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പുത്തുമലയില്‍ 2019ഓഗസ്റ്റ് എട്ടിന് 17പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ സംഭവിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നടന്ന കണക്ക് പരിശോധിച്ചാല്‍ 1949ഓഗസ്റ്റ് 28ന് തൊടുപുഴ കരുമല്ലൂരില്‍ ഒമ്പതുപേരുടെ ജീവനപഹരിച്ച മലയിടിച്ചിലില്‍ തുടങ്ങി മിക്കവാറും എല്ലാ വര്‍ഷവും സംസ്ഥാനത്തിന്റെ വിവിധ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 1984ല്‍ വയനാട് ഉള്‍പ്പെടെ മൂന്നിടങ്ങളിലും 94, 2012, 18, 19വര്‍ഷങ്ങളില്‍ രണ്ടിടങ്ങളില്‍ വീതവും ഉരുള്‍പൊട്ടലുണ്ടായി.

2020ല്‍ ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായ 70പേര്‍ക്ക് ജീവഹാനി സംഭവിച്ച ഉരുള്‍പൊട്ടലിനു ശേഷം ഇക്കഴിഞ്ഞ ജൂലൈ 30ന് രാത്രിയിലാണ് അറുന്നൂറിലേറെ വീടുകളും അഞ്ഞൂറിലധികം മനുഷ്യരെയും നിമിഷങ്ങള്‍ക്കകം ഭൂമിയില്‍ നിന്ന് തുടച്ചുനീക്കിക്കൊണ്ട് മുണ്ടക്കൈയില്‍ ദുരന്തം‍ ആവര്‍ത്തിച്ചത്. മുണ്ടക്കൈ എന്ന ചെറിയ പട്ടണം പൂര്‍ണമായും ചൂരല്‍മല പട്ടണത്തിന്റെ ഭൂരിഭാഗവും തകര്‍ത്തുകൊണ്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനപഹരിച്ച ഉരുള്‍പൊട്ടല്‍. എങ്ങും കരള്‍ പിളരുന്ന കാഴ്ചകള്‍ മാത്രം. ഉറ്റവരെ നഷ്ടപ്പെട്ട മനുഷ്യര്‍, സ്വന്തം യജമാനരെ തേടി അവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണം പോലും കഴിക്കാതെ അലയുന്ന വളര്‍ത്തുമൃഗങ്ങള്‍. ഇത് ഇത്തരത്തിലുള്ള അവസാനത്തെ കാഴ്ചയാവണേ എന്ന് വിലപിക്കുന്ന പൊതുസമൂഹം.
ഈ പ്രകൃതിദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ അതിതീവ്ര മഴ മുതല്‍ അനിയന്ത്രിതമായ പ്രകൃതിവിഭവ ചൂഷണം വരെ അനേകം ഘടകങ്ങള്‍ കാണുവാന്‍ സാധിക്കും. എന്നാല്‍ ഈ ഘടകങ്ങള്‍ മാത്രമാണോ മുണ്ടക്കൈയിലെ ദുരന്തത്തിന്റെ കാരണം. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും സമീപകാലത്ത് അവിടേക്ക് കുടിയേറി താമസിച്ചവരല്ല. ഒന്നര നൂറ്റാണ്ടിനപ്പുറം ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചപ്പോള്‍ അവിടെ തൊഴിലാളികളായി വന്നവരുടെ പിന്‍തലമുറക്കാരാണ്. അതിന് പിറകിലേക്കുള്ള പ്രാദേശിക ചരിത്രം പരിശോധിക്കുമ്പോഴാണ് ഇന്നത്തെ തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങളിലേക്ക് എത്തിച്ചേരാനാവുക. നമ്മുടെ ജന്മസ്ഥലങ്ങളുടെ പ്രാദേശിക ചരിത്രം ഒരിക്കലും രേഖപ്പെടുത്തുന്നില്ല എന്നത് നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ്. ലോക ചരിത്രത്തിന്റെ നാള്‍വഴികള്‍ മനഃപാഠമാക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ താന്‍ ജനിച്ചുവീണ പ്രദേശത്തെക്കുറിച്ച് പൂര്‍ണമായും അജ്ഞരാണ്. ഒരു മത്സര പരീക്ഷയിലും ഒരു സിലബസിലും പ്രാദേശിക ചരിത്രം വിഷയമാവുന്നില്ല.
ഗൂഡല്ലൂര്‍, ചൂരല്‍മല, പടിഞ്ഞാറേത്തറ തുടങ്ങിയ പ്രദേശങ്ങളിലെ പാറകളില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട് എന്ന ഒരു വാര്‍ത്ത ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മറ്റും 1850കളില്‍ പ്രചരിക്കുകയുണ്ടായി. അതിനു മുമ്പുതന്നെ മാനന്തവാടി, ബത്തേരി, കല്പറ്റ, വൈത്തിരി, പൊഴുതന തുടങ്ങിയ പ്രദേശങ്ങളില്‍ കാപ്പിത്തോട്ടങ്ങള്‍ ആരംഭിച്ചിരുന്നു. പാറകളില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്ന് 1807ല്‍ ഡോ. ബുക്കാനന്‍ എന്ന ബ്രിട്ടീഷ് പര്യവേക്ഷകനാണ് കണ്ടെത്തിയത്. തുടര്‍ന്ന് മിസ്റ്റര്‍ യങ് എന്ന ഒരു ബ്രിട്ടീഷ് പര്യവേക്ഷകന്‍ നീലഗിരി മലകളിലെ അരുവികളില്‍ നിന്ന് സ്വര്‍ണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. 1830ല്‍ അന്നത്തെ മലബാര്‍ കളക്ടറായിരുന്ന ടി എച്ച് ബാബറും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ അന്വേഷണങ്ങള്‍ തുടര്‍ന്നു. നിലമ്പൂര്‍ രാജാവ് തന്റെ പ്രദേശത്തുനിന്ന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ 10ശതമാനം റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെടുന്നതുവരെ കാര്യങ്ങളെത്തിയെങ്കിലും പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ സ്വര്‍ണ പര്യവേക്ഷണത്തില്‍ പുരോഗതി ഉണ്ടായില്ല.
1865ല്‍ ഓസ്ട്രേലിയന്‍ സ്വര്‍ണ പര്യവേക്ഷകരായ സ്നേണും വിതേഴ്സും ചേര്‍ന്ന് ആല്‍ഫ ഗോള്‍ഡ് കമ്പനി എന്നൊരു ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിച്ച് പന്തലൂരില്‍ സ്വര്‍ണ ഖനനം തുടങ്ങി. ഭൂമിയുടെ ഉപരിതലത്തിലെ പാറകളില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാന്‍ സാധിച്ചിരുന്നതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ കമ്പനി ലാഭത്തിലായിരുന്നു. 1878ല്‍ പുതിയ രണ്ട് കമ്പനികള്‍ കൂടി രംഗത്തെത്തി. വയനാട് പ്രോസ്പെറ്റിങ് കമ്പനി, പ്രിന്‍സ് ഓഫ് വെയില്‍സ് കമ്പനി. പക്ഷെ ഇവ രണ്ടും തുടങ്ങി ഒരു വര്‍ഷത്തിനകം സ്വര്‍ണം കണ്ടെത്താനാവാതെ പൂട്ടിപ്പോയി. 1879ലാണ് ഓസ്ട്രേലിയയില്‍ നിന്നുതന്നെ ബറോസ്മിത്ത് എന്ന സ്വര്‍ണ ഖനന വിദഗ്ധന്‍ വയനാട്ടിലെത്തി പടിഞ്ഞാറെത്തറയില്‍ 2,000 ഏക്കര്‍ സ്ഥലത്ത് പര്യവേക്ഷണം തുടങ്ങുന്നത്. അയാള്‍ ആഫ്രിക്കയിലെ ഖനികളില്‍ നിന്നും കുഴിച്ചെടുത്ത സ്വര്‍ണം വയനാട്ടില്‍ നിന്നെന്ന പേരില്‍ ഇംഗ്ലണ്ടിലേക്ക് കയറ്റി അയയ്ക്കുകകൂടി ചെയ്തതോടെ ഇംഗ്ലണ്ടില്‍ വയനാട്ടിലെ സ്വര്‍ണ ഖനന ഭ്രാന്ത് അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇതേവര്‍ഷം ഇംഗ്ലണ്ടില്‍ 41 കമ്പനികളും ഇന്ത്യയില്‍ ആറു കമ്പനികളും വയനാട്ടില്‍ സ്വര്‍ണ ഖനനത്തിനായി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം ആറ് ദശലക്ഷം‍ പൗണ്ടായിരുന്നു ഇവയുടെ മൂലധനം. ധാരാളം മൈനിങ് വിദഗ്ധര്‍ ഇംഗ്ലണ്ടില്‍ നിന്നും വയനാട്ടിലെത്തി. അവരില്‍ പലരും ഇംഗ്ലണ്ടിലെ കുശിനിക്കാരും സര്‍ക്കസ് കോമാളികളുമൊക്കെയായിരുന്നു എന്നത് മറ്റൊരു കാര്യം. ഈ കമ്പനികളുടെ ഓഹരിമൂല്യം വാനോളം ഉയര്‍ന്നു. ഗൂഡല്ലൂരിനടുത്ത പന്തലൂരില്‍ വലിയ സത്രങ്ങളും ഗോള്‍ഫ് കോഴ്സുകളും മറ്റും രൂപപ്പെട്ടു. ഓസ്ട്രേലിയയില്‍ നിന്നും മറ്റും ഖനനത്തിനാവശ്യമായ യന്ത്ര സാമഗ്രികളും റെയിലുകളും മറ്റും എത്തിച്ചേര്‍ന്നു. ആയിരക്കണക്കിന് ഏക്കര്‍ നിബിഡ വനങ്ങളും അന്നുണ്ടായിരുന്ന കാപ്പിത്തോട്ടങ്ങളും മൈനിങ് കമ്പനികള്‍ വാങ്ങി. 

1881ഓടെ ഖനനം ആരംഭിച്ചു. അപ്പോഴും വ്യാജ വാര്‍ത്തകള്‍ ഇംഗ്ലണ്ടിലേക്ക് പ്രവഹിച്ചു. ഒരു ടണ്‍ അയിരില്‍ നിന്ന് നാല് ഔണ്‍സ് സ്വര്‍ണം വരെ ലഭിക്കുന്നു എന്ന്. ഓഹരി വിലകള്‍ വീണ്ടും ഉയര്‍ന്നു. പക്ഷെ, അന്നും ഇന്നും സ്റ്റോക്ക് മാര്‍ക്കറ്റില്‍ സംഭവിക്കുന്നതുപോലെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍, 1888ആവുമ്പോഴേക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ലാഭകരമായി വയനാട്ടില്‍ നിന്ന് സ്വര്‍ണം ഖനനം ചെയ്യാനുള്ള അത്രയും സ്വര്‍ണം ഇല്ല എന്ന സത്യം പുറത്തുവന്നു. കമ്പനികള്‍ അപ്പോഴേക്ക് വന്‍ നഷ്ടത്തിലായിരുന്നു. അവയുടെ പ്രൊമോട്ടര്‍മാര്‍ക്ക് ഇക്കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നതിനാല്‍ അവര്‍ തകര്‍ച്ചയ്ക്ക് മുമ്പുതന്നെ ഓഹരികള്‍ വിറ്റ് സ്ഥലം വിടുകയും ചെയ്തു. ലാഭം കിട്ടിയത് നഷ്ടത്തിലായിരുന്ന കാപ്പിത്തോട്ടങ്ങള്‍ ഖനന കമ്പനികള്‍ക്ക് വിറ്റ ചെറുകിട ബ്രിട്ടീഷ് കര്‍ഷകര്‍ക്കും യന്ത്രസാമഗ്രികള്‍ വിതരണം ചെയ്ത കമ്പനികള്‍ക്കും ഈ കമ്പനികള്‍ പ്രൊമോട്ട് ചെയ്ത ഓഹരി വിറ്റ് രക്ഷപ്പെട്ടവര്‍ക്കും മാത്രം. സ്മിത്തിന്റെ സ്വര്‍ണപ്പാടവും ബംഗ്ലാവുമൊക്കെ ഇന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറിന്റെ ആഴങ്ങള്‍ക്കകത്തെവിടെയോ ആണ്. അതേസമയം തന്നെ ഇന്ത്യയില്‍ അന്നുണ്ടായിരുന്ന അതിധനികരായ ബോംബെയിലെ കച്ചവടക്കാരോ, മദ്രാസിലെ ചെട്ടിമാരോ ഈ സ്വര്‍ണവേട്ടയ്ക്ക് വന്നതുമില്ല. സ്വര്‍ണ ഖനനത്തിന് രൂപീകരിച്ച ഇംഗ്ലണ്ടിലെ കമ്പനികളിലെ നിക്ഷേപകര്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗം ഖനനത്തിനായി വാങ്ങിയ ഭൂമിയില്‍ അവിടത്തെ കാലാവസ്ഥയ്ക്ക് പറ്റിയ തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നത് മാത്രമായിരുന്നു. അങ്ങനെ ഊട്ടി, ഗൂഡല്ലൂര്‍, മേപ്പാടി, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ ചായത്തോട്ടങ്ങള്‍ ഉണ്ടായി. മാംഗോ റേഞ്ച്, റിപ്പണ്‍, ആനമല, ചൂരല്‍മല, അട്ടമല, ആനപ്പാറ തുടങ്ങി ആയിരക്കണക്കിന് ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന അനേകം ഡിവിഷനുകളിലായി മലയാളം പ്ലാന്റേഷന്‍സ് ഇംഗ്ലണ്ട് ലിമിറ്റഡിന്റെയും ഇ ആന്റ് എസ് എന്ന പേരില്‍ ഇംഗ്ലീഷ് ആന്റ് സ്കോട്ടിഷ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പ്യാരി ആന്റ് സണ്‍സിന്റെയും ഒക്കെ ചായത്തോട്ടങ്ങള്‍. ഒരു നൂറ്റാണ്ടിലേറെ കാലം വയനാട്ടിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത് ഈ ചായത്തോട്ടങ്ങളാണ്.
സ്വര്‍ണ ഖനനത്തിനായി വന്ന തൊഴിലാളികള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്നവരായിരുന്നു. പന്തലൂരിലെ കുഞ്ഞാലിക്കുട്ടി ഹാജി എന്നയാളായിരുന്നു പ്രധാനപ്പെട്ട ലേബര്‍ കോണ്‍ട്രാക്ടര്‍. മലബാറില്‍ നിന്നും പ്രധാനമായി മലപ്പുറത്തുനിന്നും ഒട്ടേറെ തൊഴിലാളികളെ ഇവിടെ എത്തിച്ചത് ഹാജിയാണ്. ബ്രിട്ടീഷ് അധികാരികള്‍ അദ്ദേഹത്തിന് ഖാന്‍ ബഹാദൂര്‍ സ്ഥാനവും നല്‍കിയിരുന്നു. ഈ തൊഴിലാളികള്‍ തന്നെയാണ് സ്വര്‍ണ ഖനികള്‍ പൂട്ടി പുതിയ തേയിലത്തോട്ടങ്ങള്‍ ആരംഭിക്കുമ്പോഴും തൊഴിലെടുത്തത്. എല്ലാ ജാതി മതസ്ഥരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായ ഈ സമൂഹം നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ ഉദാഹരണമായിരുന്നു. രാഘവനും, മുഹമ്മദും, രങ്കറാവുവും, തങ്കസാമിയും ജോസഫും ഒരേ ലൈന്‍ മുറികളില്‍ താമസിച്ചു. അവരുടെ മക്കള്‍ ഒരേ സ്കൂളില്‍ പഠിച്ചു. സുഖവും ദുഃഖവും ഒന്നിച്ച് പങ്കുവച്ചു. 150 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിമുറിയാതെ മഴപെയ്ത ഒരു കര്‍ക്കടക രാത്രിയില്‍ ഒരുമിച്ചുതന്നെ ഉറ്റവരും ഉടയവരുമെത്താത്ത ഏതോ ലോകത്തിലേക്ക് മരിക്കാത്ത മനുഷ്യരുടെ കണ്ണീര് വറ്റിച്ചുകൊണ്ട് യാത്രയാവുകയും ചെയ്തു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഗൂഡല്ലൂര്‍, പന്തലായിനി, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സ്വര്‍ണ ഖനനത്തിനായി കുഴിച്ച ഖനികള്‍ പിന്നീടാരും മൂടിയിട്ടില്ല; കാലാന്തരത്തില്‍ അവയുടെ വാതായനങ്ങള്‍ തകര്‍ന്നുപോയതല്ലാതെ. അന്ന് ഖനന കമ്പനികള്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നിബിഡ വനങ്ങള്‍ വെട്ടിമാറ്റിയാണ് ഖനികളും അനുബന്ധ സ്ഥാപനങ്ങളും കൊണ്ടുവന്നത്. പിന്നീട് വെട്ടിത്തെളിച്ച പ്രദേശങ്ങള്‍ തേയിലത്തോട്ടങ്ങളായി മാറി. ഒന്നര നൂറ്റാണ്ടായി ഈ ഖനികളില്‍ മഴക്കാലത്ത് വെള്ളം ഇറങ്ങുന്നുണ്ട്. 1984ലും ഒരു ദിവസം 200മില്ലീ മീറ്ററിലധികം മഴ പെയ്തപ്പോഴാണ് മുണ്ടക്കൈയില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. ഇപ്പോഴും അങ്ങനെത്തന്നെ. ഈയടുത്തകാലത്ത് ഝാര്‍ഖണ്ഡിലെ പല പ്രദേശങ്ങളിലും ബദരീനാഥിലും മറ്റും വലിയ മണ്ണൊലിപ്പുണ്ടായി ചില പട്ടണങ്ങള്‍തന്നെ ഇല്ലാതായിരുന്നു. ഹിമാലയന്‍ പര്‍വതങ്ങളുടെ താഴ്‌വാരത്ത് 1960കളില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട അനേകം കല്‍ക്കരി ഖനികള്‍ മൂടാതെ കിടന്നതിന്റെ പ്രത്യാഘാതമായിരുന്നു ഈ ഭൂചലനങ്ങള്‍ എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാടന്‍ മലനിരകളിലെ മൂടാത്ത ഖനികള്‍, ക്വാറികള്‍, വനനശീകരണം ഇവയെല്ലാം ചേര്‍ന്നുതന്നെയാണ് മനുഷ്യരെയും മൃഗങ്ങളെയും അനാഥരാക്കുന്നത്.
സ്വര്‍ണ പര്യവേക്ഷകരായ ബുക്കാനനും സ്റ്റേണും വിതേഴ്‌സും അല്‍ഫാ ഗോള്‍ഡ് കമ്പനിയുമൊന്നും ഇന്ന് ചരിത്രത്തിന്റെ കുഴിമാടങ്ങളില്‍ പോലുമില്ല. ബ്രിട്ടീഷ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ നാള്‍വരിക്കണക്കുകളില്‍ ഈ കമ്പനികളിലെ ഓഹരിയുടമകളും മറഞ്ഞുപോയിരിക്കുന്നു. എന്നാല്‍ ഒന്നര നൂറ്റാണ്ടിനിപ്പുറവും അവര്‍ വഴിമരുന്നിട്ട വിനാശത്തിന്റെ തുരങ്കങ്ങളിലൂടെ നിഷ്ക്കളങ്കരായ മനുഷ്യര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പുതിയ സ്മിത്തുമാരും ബുക്കാനന്‍മാരും മരംവെട്ടിയും ഭൂമി കുഴിച്ചും പുതിയ ദുരന്തങ്ങള്‍ക്ക് വഴിമരുന്നിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു; പ്രാദേശിക ചരിത്രം പൂര്‍ണമായും തമസ്കരിച്ചുകൊണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.