നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്കും തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് ഹൈക്കമാന്‍ഡ് പ്രതിപക്ഷനേതാവായി വി.ഡി സതീശനെയും, കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും നിയമിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പു നേതാക്കള്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചും രംഗത്തു വരികയും, അതിന്‍റെ പേരില്‍ ഗ്രൂപ്പുകളിൽ ആരംഭിച്ച ചോർച്ചയ്ക്ക് പാർട്ടി പുനഃസംഘടനയോടെ ആക്കം കൂടിയരിക്കുന്നു. ഗ്രൂപ്പു വിധേയത്വവും വിശ്വസ്തതയും പലരും ഉപേക്ഷിച്ചു. പുതിയ ഗ്രൂപ്പ് ഉദയം ചെയ്തിട്ടില്ലെങ്കിലും ഗ്രൂപ്പു വിട്ടവർ പുതിയ നേതൃത്വത്തിന്റെ ഭാഗമാകുമ്പോൾ അതു മറ്റൊരു ഗ്രൂപ്പിന്‍റെ ഭാഗമായി മാറുന്നു. ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച് പലപ്രമുഖരും കോണ്‍ഗ്രസ് വിടുകയും, ചിലര്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തു വരികുയും ചെയ്തു. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇവരുടെ വാദങ്ങളെ തള്ളിക്കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.ഡി.സി.സി പട്ടികയില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ പ്രധാന കോണ്‍ഗ്രസ് നേതാവായ എ.വി .ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തീരുമാനം എ ഗ്രൂപ്പിന് ചില്ലറ ക്ഷീണമല്ല വരുത്തിവച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു തനിക്കും അർഹതയുണ്ടെന്നു കരുതിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പ് നേതൃത്വവുമായി അതോടെ അകന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടി അതൃപ്തി അറിയിച്ചപ്പോൾ പട്ടികയെ അംഗീകരിച്ച് തന്റെ അകൽച്ച തിരുവഞ്ചൂർ കൂടുതൽ പരസ്യമാക്കി. പ്രതിപക്ഷ നേതൃ തീരുമാനവുമായി ബന്ധപ്പെട്ടാണ് എയുടെ ശക്തനായ യുവ നേതാവ് ടി. സിദ്ദിഖും ഗ്രൂപ്പിന്റെ വിശ്വസ്ത വലയത്തിനു പുറത്തായത്. ചെന്നിത്തല തുടരുന്നതിനു പകരം മാറ്റം വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡ് പ്രതിനിധികൾക്കു മുന്നിൽ സിദ്ദിഖ് പങ്കുവച്ചത്.
വൈകാതെ കെപിസിസി വർക്കിങ് പ്രസിഡന്റായി സിദ്ദിഖ് നിയമിതനായത് ഗ്രൂപ്പ് നേതൃത്വം അറിഞ്ഞതു തന്നെ നിയമന വാർത്ത പുറത്തു വന്ന ശേഷമായിരുന്നു. ഡൽഹിയിലെ പുനഃസംഘടനാ ചർച്ചകൾക്കു തിരിക്കും മുൻപ് അക്കാര്യം ഗ്രൂപ്പിനെ അറിയിക്കാൻ സിദ്ദിഖ് മെനക്കെടാഞ്ഞതോടെ കെ.സുധാകരൻ – വി.ഡി.സതീശൻ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ഇപ്പോൾ എ ഗ്രൂപ്പ് കാണുന്നത്. മറ്റു വർക്കിങ് പ്രസിഡന്റുമാരായ പി.ടി.തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും എ ആണെങ്കിലും ഗ്രൂപ്പ് പ്രവർത്തനങ്ങളിൽനിന്നു പൂർണമായി വിട്ടു നിൽക്കുന്നു. പുതിയ ഡിസിസി പ്രസിഡന്റുമാരായി നിയമിതരായ എ വിഭാഗക്കാർ ഏറിയ പങ്കും കെപിസിസി നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്. എംപിമാർ ഭൂരിപക്ഷവും ഗ്രൂപ്പ് കളി വിട്ടു കഴിഞ്ഞു. പുതിയ നേതൃത്വവുമായി അവർ സമ്പർക്കത്തിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഐയിൽ ഉണ്ടായിരുന്ന വൻ തോക്കുകളായ കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.മുരളീധരൻ എന്നിവർ വിവിധ പദവികളിലേക്കു വന്നതോടെ ഇപ്പോൾ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇതോടെ ചെന്നിത്തലയോടുള്ള കൂറു വിട്ട് ഈ നേതാക്കൾക്കു പലരും കൈ കൊടുത്തു കഴിഞ്ഞു. ഗ്രൂപ്പിന്റെ വക്താവായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഗ്രൂപ്പ് നിലപാടിനെ പരസ്യമായി കയ്യൊഴിഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ തിരിഞ്ഞു. പ്രതിപക്ഷ നേതാവായി തനിക്കു പകരം സതീശനെ ഗ്രൂപ്പിലെ പല എംഎൽഎമാരും പിന്തുണച്ചതോടെ അവരോട് ചെന്നിത്തല മാനസികമായി അകന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലുള്ള വിഴുപ്പലക്കല്‍ മുന്നണിയേയും ബാധിച്ചിരിക്കുന്നു. മുസ്ലീംലീഗൂം, ആര്‍എസ്പിയും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ആര്‍എസ്പി തങ്ങളുടെ പ്രതിഷേധം രൂക്ഷ വിമര്‍ശനമായിട്ടാണ് ഉന്നയിച്ചത്,ഡി.സി.സി പുനസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളില്‍ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, മുക്കുകയാണെന്നും നേതാക്കള്‍ ഇതേരീതി തുടര്‍ന്നാല്‍ പെട്ടെന്ന് ജീവന്‍ രക്ഷാര്‍ത്ഥമുള്ള നടപടികള്‍ സഹയാത്രികര്‍ക്ക് ആലോചിക്കേണ്ടി വരുമെന്നും ഷിബു ബേബി ജോണ്‍ തുറന്നടിച്ചിരക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യു.ഡി.എഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഷിബു ബേബി ജോണ്‍ പങ്കുവെച്ചത്. സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമൊന്നും ഗ്രൂപ്പില്ലെന്നും ചില നേതാക്കള്‍ മാത്രമാണ് ഇപ്പോഴും ഗ്രൂപ്പിനായി നില്‍ക്കുന്നതെന്നും പേരുകള്‍ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.ഇന്ന് കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, ഇന്ന് കണ്ടുവരുന്ന അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി മുക്കുകയാണ്. എല്ലാ നേതാക്കളും അത് തിരിച്ചറിഞ്ഞ് പിന്തിരിയണം. ഞങ്ങള്‍ ഈ കപ്പല്‍ മുക്കും എന്ന നിലയിലേക്ക് പോയിക്കഴിഞ്ഞാല്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാകും.മുങ്ങുന്ന കപ്പലില്‍ നില്‍ക്കാന്‍ സാധിച്ചേക്കാം. പക്ഷെ മുക്കുന്ന കപ്പലില്‍ ആരെങ്കിലും നില്‍ക്കുമോ,’ ഷിബു ബേബി ജോണ്‍ ചോദിച്ചു.കോണ്‍ഗ്രസ് ഈ രാജ്യത്ത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് ആര്‍.എസ്.പി യു.ഡി.എഫില്‍ നില്‍ക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് ബോധ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങളില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നാമാവശേഷമായി പോയതെന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷവും അതേ ശൈലി ആവര്‍ത്തിക്കുകയാണെങ്കില്‍ അത് അവര്‍ തന്നെ തിരിച്ചറിയണം,’ ഷിബു ബേബി ജോണ്‍ പറയുന്നു.
സ്വയം മുക്കുന്ന കപ്പലില്‍ ആര്‍.എസ്.പിയുണ്ടാകുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ കപ്പല്‍ മുക്കിയേ അടങ്ങൂവെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചാല്‍ ജീവന്‍ രക്ഷാര്‍ത്ഥം കാര്യങ്ങള്‍ ചെയ്യേണ്ടിവരുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.യു.ഡി.എഫ് മുന്നണി സംവിധാനത്തില്‍ ആര്‍.എസ്. പി നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ ധരിപ്പിക്കാനായി കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അത് ചര്‍ച്ച ചെയ്തില്ലെന്നും ഷിബു അഭിപ്രായപ്പെടുന്നു,. ഉഭയകക്ഷി ചര്‍ച്ച അനിവാര്യമാണെന്നും ഗൗരവമേറിയ ചര്‍ച്ചയില്ലാതെ മറ്റു പ്രഹസനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.പിക്ക് യുഡിഎഫില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തില്‍ എതിര്‍പ്പ് ശക്തം. മുന്നണി വിടണമെന്ന ആവശ്യം ആര്‍.എസ്.പിക്ക് ഉള്ളില്‍ ശക്തമാണ്.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാര്‍ട്ടിക്ക് മുന്നണി സംവിധാനത്തില്‍ യു.ഡി.എഫില്‍ നില്‍ക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കുകയും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല തവണ തീയതികള്‍ തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.വെറുതേ യുഡിഎഫ് യോഗത്തില്‍ പോയി ഇരുന്ന വെറുമൊരു പ്രഹസനമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആശയഗതി. സെപ്റ്റംബര്‍ നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷിബു ബേബി ജോണ്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.