28 January 2026, Wednesday

Related news

January 19, 2026
January 8, 2026
January 8, 2026
January 2, 2026
December 28, 2025
December 27, 2025
December 22, 2025
December 16, 2025
November 27, 2025
November 25, 2025

സിനിമകളിലൂടെ വര്‍ഗീയ പ്രചാരണം ശക്തമാക്കി ആര്‍എസ്എസ്

കെ കെ ജയേഷ് 
കോഴിക്കോട്
April 7, 2024 10:47 pm

ചരിത്രത്തെ വക്രീകരിച്ചും തങ്ങൾക്കനുകൂലമായി വളച്ചൊടിച്ചും സിനിമയുടെ സാധ്യതകളെ ഹിന്ദുത്വ പ്രചാരണ ആയുധമാക്കി ബിജെപിയും സംഘ്പരിവാറും. തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ തിയേറ്ററുകളിൽ ഇത്തരം പ്രൊപ്പഗണ്ടാ സിനിമകൾക്ക് തിരിച്ചടിയേല്ക്കുമ്പോൾ ദൂരദർശനെ വരെ ഉപയോഗപ്പെടുത്തി സിനിമകൾക്ക് സാധ്യത പകർന്ന് വിദ്വേഷ പ്രചരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ‘സ്വതന്ത്ര വീർ സവർക്കർ’ പുറത്തിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആദിത്യ ധർ സംവിധാനം ചെയ്ത് പുറത്തുവന്ന് വിജയം നേടിയ ഉറി- ദ സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയുടെ ചുവട് പിടിച്ചായിരുന്നു ഗാന്ധി വധത്തിലടക്കം പ്രതിപ്പട്ടികയിൽ വന്ന സവർക്കറെ വീരനായി ഉയർത്തിക്കാട്ടുന്ന സ്വതന്ത്ര വീർ സവർക്കറും റിലീസ് ചെയ്തത്. സുരക്ഷാ നടപടികളുടെ പരാജയമായിരുന്നു ഉറിയിലും പത്താൻകോട്ട് സൈനികത്താവളത്തിലുമുണ്ടായ ഭീകരാക്രമണം. 

പത്താൻകോട്ട് ആക്രമണത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സർക്കാർ തയ്യാറാവാതെ വന്നതോടെയായിരുന്നു ഉറി ആക്രമണവും ഉണ്ടായത്. ഈ പിഴവുകളെയെല്ലാം മറച്ചുവച്ചുകൊണ്ട് സർജിക്കൽ സ്ട്രൈക്കിന്റെ ആവേശം നിറച്ച് പ്രേക്ഷകരെ കയ്യിലെടുക്കാനായിരുന്നു ഉറി എന്ന സിനിമ ഉടനീളം ശ്രമിച്ചത്. ഇതേ രീതിയിലെത്തിയ വീർ സവർക്കർ വൻ വിജയമാകുമെന്ന പ്രതീക്ഷ റിലീസ് ദിവസം തന്നെ തകർന്നു. ഹിന്ദിയിൽ മേജർ റിലീസുകൾ ഇല്ലാതിരുന്നിട്ടും തുടർച്ചയായ അവധി ദിവസങ്ങൾ ഉണ്ടായിട്ടും കോടികൾ ചെലവഴിച്ചൊരുക്കിയ രൺദീപ് ഹൂഡ നായകനായ സ്വതന്ത്ര വീർ സവർക്കറി’ന് ബോക്സ്ഓഫിസിൽ കാലിടറി. 21 കോടി മുതൽ മുടക്കുള്ള ചിത്രത്തിന് ഇതേവരെ 16 കോടിയോളം രൂപ മാത്രമാണ് നേടാനായിട്ടുള്ളത്. ഇതേ സമയം മലയാളചിത്രമായ ആടുജീവിതം ഉൾപ്പെടെ നൂറു കോടി ക്ലബിൽ ഇടം നേടുന്നതും പ്രേക്ഷകരുടെ മാറുന്ന അഭിരുചികളെ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെ എത്തിയ സവർക്കർ വീണു എന്ന് വ്യക്തമായതോടെയാണ് കേരളത്തെയും മുസ്ലീങ്ങളെയും മോശമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിച്ചത്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ ഐഎസിൽ ചേർന്നുവെന്നത് ഉൾപ്പെടെയുള്ള കളവുകൾ പടച്ചുവിട്ട ഈ ചിത്രത്തിനെതിരെ തിയേറ്റർ റിലീസ് ദിവസങ്ങളിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ദൂരദർശനിൽ ഇത്തരമൊരു ചിത്രം സംപ്രേഷണം ചെയ്യുന്നതിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. 

നേരത്തെ സംഘ്പരിവാർ അജണ്ടകൾ കുത്തി നിറച്ച ദ കശ്മീർ ഫയൽസ് എന്ന ചിത്രം വൻ വിജയം നേടിയിരുന്നെങ്കിലും ഇതേ തരത്തിലെത്തിയ മറ്റ് ചിത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പറഞ്ഞ ‘മേം അടൽ ഹൂൻ’, ദി കേരള സ്റ്റോറി എന്ന സിനിമയൊരുക്കിയ സുദീപ്തോ സെന്നിന്റെ ‘ബസ്തർ ദി നക്സൽ സ്റ്റോറി, ഹൈദരാബാദിൽ നൈസാമിന്റെ റസാക്കാർ എന്ന പേരിലുള്ള സൈന്യം നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദു വംശഹത്യയെക്കുറിച്ചെന്ന് പറഞ്ഞൊരുക്കിയ റസാക്കാർ, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ശേഷമുള്ള കശ്മീരിന്റെ കഥ പറഞ്ഞ ആർട്ടിക്കിൾ 370 തുടങ്ങി നിരവധി ചിത്രങ്ങൾ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നെങ്കിലും പ്രേക്ഷകർ തിരസ്ക്കരിച്ചു. ഇന്ത്യയുടെ കോവിഡ് പോരാട്ടമെന്ന് പറഞ്ഞ് കുറച്ചുനാൾ മുമ്പ് പുറത്തിറങ്ങിയ ‘വാക്സിൻ വാർ’ എന്ന ചിത്രവും ബോക്സോഫീസിൽ തകർന്നടിഞ്ഞു.
സിനിമകളിലൂടെയുള്ള വർഗീയ പ്രചാരണങ്ങൾക്ക് തിയേറ്ററുകളിൽ തിരിച്ചടിയുണ്ടാകുമ്പോഴും ബിജെപിക്ക് വേണ്ടി ഇത്തരം ചിത്രങ്ങളൊരുക്കാൻ നിർമാതാക്കൾ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. ദൂരദർശനെ വരെ ഉപയോഗപ്പെടുത്തി ഇത്തരം നീക്കങ്ങൾ ആർഎസ്എസും ബിജെപിയും തുടർന്നുകൊണ്ടേയിരിക്കുകയുമാണ്. അന്യമത വിദ്വേഷം വളർത്താനും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉൾപ്പെടെ പങ്കില്ലാത്ത ആർഎസ്എസിന് വേണ്ടി വ്യാജ ചരിത്ര നിർമ്മിതി നടത്താനുമായി വൻകിട കമ്പനികളെയും കലാകാരന്മാരെയും ബിജെപി ഉപയോഗപ്പെടുത്തുകയാണ്.
ഇത്തരത്തിൽ നിരവധി ചിത്രങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയുമാണ്. അതേസമയം കൃത്യമായ വർഗീയ അജണ്ടകൾ കുത്തിനിറച്ച സിനിമകൾ ഒരുക്കാൻ നിർമ്മാണ കമ്പനികളും സിനിമാ പ്രവർത്തകരും സംഘ്പരിവാറിന് മുന്നിൽ ഭയപ്പെട്ടും അല്ലാതെയും ക്യൂ നിൽക്കുമ്പോൾ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകർ തിരസ്ക്കരിക്കുന്നത് രാജ്യത്തിന് പ്രതീക്ഷയാകുന്നുണ്ട്. 

Eng­lish Sum­ma­ry: RSS inten­si­fied com­mu­nal pro­pa­gan­da through films

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.