6 December 2025, Saturday

മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനുമെതിരായ ആർഎസ്എസ് ജല്പനം ചരിത്രനിഷേധം

Janayugom Webdesk
June 28, 2025 5:00 am

­ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസം, മതനിരപേക്ഷത എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന ആർഎസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ ആവശ്യത്തിൽ തെല്ലും പുതുമയില്ലെന്ന് ചരിത്രബോധമുള്ള ഏതൊരു ഇന്ത്യക്കാരനും തിരിച്ചറിയുന്ന വസ്തുതയാണ്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കും എതിരെ ആർഎസ് എസും ബിജെപിയും സംഘ്പരിവാർ ശക്തികളും ഒളിഞ്ഞും തെളിഞ്ഞും തുടർന്നുവരുന്ന കടന്നാക്രമണങ്ങളുടെയെല്ലാം കേന്ദ്രലക്ഷ്യം ആ രണ്ട് വാക്കുകളും ഉൾക്കൊള്ളുന്ന ആശയങ്ങൾക്കെതിരാണ്. ഡോ. ബി ആർ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ കരടിൽ ആ പദങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവ പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടവയാണെന്നുമുള്ള ഹൊസബലെയുടെ വാദം അനിഷേധ്യ വസ്തുതയാണ്. എന്നാൽ, 2024 നവംബർ 24ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച്, ബിജെപി നേതാവും രാജ്യസഭാംഗവുമായിരുന്ന സുബ്രഹ്മണ്യൻ സ്വാമി, അഡ്വക്കേറ്റ് അശ്വനികുമാർ ഉപാധ്യായ തുടങ്ങിയവർ സമാനമായ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. “പാർലമെന്റിന്റെ ഭേദഗതി അധികാരങ്ങൾക്ക് വിധേയമായ, ‘ജീവനുള്ള പ്രമാണ’മാണ് ഭരണഘടന. ഭേദഗതികൾക്കുള്ള അധികാരം ആമുഖത്തിനും ബാധകമാണ്. ഭരണഘടന അംഗീകരിക്കുമ്പോൾ ആ അവകാശത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ സാഹചര്യത്തിൽ ‘സോഷ്യലിസം’ എന്നത് അവസരസമത്വമാണ്. അത് സ്വകാര്യമേഖലയുടെ അഭിവൃദ്ധിയെ യാതൊരുവിധത്തിലും തടയുന്നില്ല. സമാനരീതിയിൽ ‘മതനിരപേക്ഷത’യ്ക്കും ഇന്ത്യയിൽ കാലാനുസൃതമായ വ്യാഖ്യാനങ്ങൾ വികസിച്ചിട്ടുണ്ട്. രാജ്യം ഏതെങ്കിലും മതത്തെ പിന്തുണയ്ക്കുകയോ, ഏതെങ്കിലും വിശ്വാസം പിന്തുടരുന്നതിനെയോ പ്രകടിപ്പിക്കുന്നതിനെയോ കുറ്റകരമായി കാണുകയോ ചെയ്യുന്നില്ല. മതനിരപേക്ഷത എന്ന സങ്കല്പം തത്വത്തിൽ തുല്യതയ്ക്കുള്ള പൗരന്റെ അവകാശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്”- സു­പ്രീം കോടതി അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം ഭരണഘടനയിലെ രണ്ട് സുപ്രധാന പദങ്ങളെയും വ്യാഖ്യാനിക്കുന്നു. വ­സ്തു­ത ഇതാണെന്നിരിക്കെ ആർഎസ്എസിന്റെ ആ­വർത്തിച്ചുള്ള ആവശ്യം ഇന്ത്യൻ ഭരണഘടനയുടെ തുടച്ചുമാറ്റലെന്ന ഫാസിസ്റ്റ് ലക്ഷ്യമില്ലാതെ മറ്റൊന്നുമല്ല. 

അംബേദ്കറുടെ കരടിൽ മേല്പറഞ്ഞ പദങ്ങൾ ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് ഭേദഗതിചെയ്തതാണെന്നും പറയുകവഴി ഭരണഘടനാ നിർമ്മാണസഭയിൽ അവ സംബന്ധമായി നടന്ന ചർച്ചകളുടെ അന്തസത്തയെ അപ്പാടെ തമസ്കരിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ ആശയങ്ങൾ ഭരണഘടനാ നിർമ്മാണസഭയ്ക്കോ ഇന്ത്യയുടെ കോളനിവിരുദ്ധ സ്വാതന്ത്ര്യസമരത്തിനോ അന്യമായിരുന്നില്ല. മതസൗഹാർദത്തിലും സാഹോദര്യത്തിലും ഊന്നിയുള്ളതും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾക്ക് എതിരെയുമുള്ളതായിരുന്നു എക്കാലത്തും ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമര തന്ത്രം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് കോളനിവാഴ്ച ശാശ്വതമാക്കാൻ ശ്രമിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം ചേർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രം മാത്രമുള്ള ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനായിട്ടില്ല. മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാനതത്വം ആര്‍എസ്എസിന്റെ വിഭാഗീയതയിൽ ഊന്നിയുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ സ്ഥാപനവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ പ്രതിരോധമാണ്. മൂലധന കേന്ദ്രീകരണത്തിനും അതിൽനിന്ന് ഉളവാകുന്ന കൊടിയ സാമ്പത്തിക അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള ജനകോടികളുടെ ചെറുത്തുനില്പിന്റെ കേന്ദ്രസ്ഥാനത്താണ് സോഷ്യലിസ്റ്റ് ആശയങ്ങൾ. ഈ രണ്ട് ആശയങ്ങളും ഭരണഘടനയിൽനിന്നും ഇന്ത്യയുടെ ആത്മാവിൽനിന്നും തുടച്ചുനീക്കാതെ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും അതിന്റെ ഫാസിസ്റ്റ് സാമ്പത്തിക തന്ത്രത്തിനും നിലനില്പില്ലെന്ന തിരിച്ചറിവാണ് ഹൊസബലെയെ പോലുള്ളവരെ വിറളിപിടിപ്പിക്കുന്നത്. 

ബിജെപിയോ അതിന്റെ മുൻഗാമിയായിരുന്ന ജനസംഘമോ ഒരിക്കലും മതനിരപേക്ഷതയിലോ സാമ്പത്തിക നീതിയിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് ആശയങ്ങളിലോ വിശ്വസിച്ചിരുന്നില്ല. അവർ എക്കാലത്തും ജാതി, വർണ വിവേചനത്തിന്റെയും ചാതുർവർണ്യ യാഥാസ്ഥിതികത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാമ്പത്തിക വിവേചനത്തിന്റെയും അടിമത്വത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമായിരുന്നു. എന്നാൽ അധികാരത്തിനുമേൽ തങ്ങളുടെ ആധിപത്യമുറപ്പിക്കാൻ ഏത് കുടിലതന്ത്രത്തിനും അവർ മടിച്ചിരുന്നില്ല എന്ന് ബിജെപിയുടെ ചരിത്രപൈതൃകം വിളിച്ചുപറയുന്നു. 1980ൽ ഇരട്ട അംഗത്വ വിവാദത്തെത്തുടർന്ന് അന്നത്തെ ജനതാ പാർട്ടിയിൽനിന്ന് പുറത്തുവന്ന ജനസംഘം നേതാക്കളായിരുന്ന അടൽബിഹാരി വാജ്പേയ്, എൽ കെ അഡ്വാനി, മുരളിമനോഹർ ജോഷി തുടങ്ങിയവർ ബിജെപിക്ക് രൂപംനൽകിയപ്പോൾ അവർ ഉദ്ഘോഷിച്ച പ്രത്യയശാസ്ത്ര അടിത്തറ ‘ഗാന്ധിയൻ സോഷ്യലിസം’ ആയിരുന്നുവെന്നത് പുത്തന്‍കൂറ്റ് ബിജെപിക്കാർക്ക് അറിയുന്നുണ്ടാവില്ല. അതറിയാവുന്ന ഹൊസബലെയും സംഘവും ചരിത്രത്തെ തമസ്കരിക്കാനും വളച്ചൊടിക്കാനും യാതൊരു മടിയുമില്ലാത്തവരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആ ചരിത്ര നിഷേധത്തെയാണ് രാഷ്ട്രമീമാംസയിൽ ഫാസിസം എന്ന് വിളിക്കുന്നത്. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള തന്ത്രമാണ് അവര്‍ പയറ്റുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.