ആര്‍എസ്എസ്-എബിവിപി ഭീഷണിയെത്തുടര്‍ന്ന് പലസ്തീന്‍ വിഷയത്തില്‍ പ്രഭാഷണം ഗുരുഗ്രാം സര്‍വകലാശാല മാറ്റിവച്ചു. 12 ന് നിശ്ചയിച്ചിരുന്ന പലസ്തീന്‍ സ്ട്രഗിള്‍ ഫോര്‍ ഈക്വല്‍ റൈറ്റ്സ്- ഇന്ത്യ ആന്റ് ഗ്ലോബല്‍ റെസ്പോന്‍സ് എന്ന പ്രഭാഷണമാണ് മാറ്റിയത്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല പ്രൊഫസറും വിഖ്യാത രാഷ്ട്രീയ തന്ത്രജ്ഞയുമായ സോയ ഹസന്റെ പ്രഭാഷണം മുന്നറിയിപ്പില്ലാതെയാണ് മാറ്റുകയായിരുന്നു. ഈമാസം പത്തിനാണ് പ്രഭാഷണം മാറ്റിവച്ചതായി സോയ ഹസന് അറിയിപ്പ് ലഭിച്ചത്. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലോകവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പ്രഭാഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധരാണ് സോയയെ സമീപിച്ചത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ പരിപാടി മാറ്റിവച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് സോയ ഹസന്‍ പ്രതികരിച്ചു.
ആര്‍എസ്എസ്- എബിവിപി സംഘടനകളാണ് പ്രഭാഷണം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് വിവരം. വിസി ദിനേഷ് കുമാറിനെ കൂട്ടുപിടിച്ചാണ് തീവ്ര ഹൈന്ദവ സംഘടനയും വിദ്യാര്‍ത്ഥി വിഭാഗവും പ്രഭാഷണം തടഞ്ഞത്. സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് പരിപാടി മാറ്റിവച്ചതിന് പുറകിലെന്ന് ഒരു അക്കാദമിക് വിദഗ്ധന്‍ പറഞ്ഞു. ഇതാദ്യമായല്ല ഇത്തരം പരിപാടികള്‍ സര്‍വകലാശാലകള്‍ മാറ്റിവയ്ക്കുന്നത്. കഴിഞ്ഞമാസം ഏഴിന് ജെഎന്‍യുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് സെമിനാറുകള്‍ സമാനരീതിയില്‍ അവസാന നിമിഷം മാറ്റിവച്ചിരുന്നു.
ഇറാന്‍, പലസ്തീന്‍, ലെബനന്‍ അംബാസഡര്‍മാര്‍ പങ്കെടുക്കേണ്ട പരിപാടികളാണ് അവസാന നിമിഷം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബോംബൈ ഐഐടിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇസ്രയേല്‍-പലസ്തീന്‍ ദി ഹിസ്റ്റോറിക്കല്‍ കോണ്‍ടെക്സ്റ്റ് എന്ന പ്രഭാഷണ പരിപാടിയും ഹൈന്ദവ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിന് ആരംഭിച്ച ഇസ്രയേലിന്റ പലസ്തീന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലി സംഘടിപ്പിച്ചതിന് ബിജെപി ഭരിക്കുന്ന ആറു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.