17 June 2024, Monday

റബ്ബര്‍ ബോര്‍ഡ് നിലനില്‍പ്പ് ഭീഷണിയില്‍; രാജ്യത്തെ നാണ്യവിളകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ദുർബലമാക്കുന്നു

സ്വന്തം ലേഖകൻ
കൊച്ചി
December 19, 2022 8:19 pm

പ്രധാന നാണ്യ വിളകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇല്ലാതാക്കാൻ വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. ഈ മേഖലകളിലെ വർഷങ്ങൾ പഴക്കമുള്ള നിയമങ്ങൾ റദ്ദാക്കാനും പുതുക്കാനുമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നാണ്യവിളകളായ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, പുകയില എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. നാണ്യ വിളകളുമായി ബന്ധപ്പെട്ട മേഖലയുടെ വളർച്ചയും വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണങ്ങൾ എന്നാണ് ഇതിനു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. കരട് ബില്ലുകൾ പ്രകാരമുള്ള പുതിയ നിയമനിർമ്മാണങ്ങളുടെ വിശദാംശങ്ങൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് 1953ലെ ടീ ആക്ട്, സ്പൈസസ് ബോർഡ് നിയമം, 1986; റബ്ബർ നിയമം, 1947; കോഫി ആക്റ്റ്, 1942 എന്നീ നിയമങ്ങൾ റദ്ദാക്കാനും, ടുബാക്കോ ബോർഡ് ആക്ട്, 1975 പരിഷ്കരിക്കാനുമാണ് വാണിജ്യ മന്ത്രാലയം പദ്ധതിയിടുന്നത്. ഇതിൽ റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ, 2022.കാപ്പി ബിൽ, 2022.തേയില (പ്രോത്സാഹനവും വികസനവും) ബിൽ 2022.പുകയില ബോർഡ് (ഭേദഗതി) ബിൽ, 2022 എന്നിവയിൽ നിതി ആയോഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
റബ്ബർ നിയമം പിൻവലിക്കുക എന്നതാണ് നിതി ആയോഗ് മുന്നോട്ട് വച്ച പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിനായുള്ള കാരണങ്ങളും കരട് ബില്ലിൽ വിശദീകരിക്കുന്നുണ്ട്. അടുത്ത കാലത്തായി വ്യാവസായിക‑സാമ്പത്തിക രംഗത്ത് വന്ന മാറ്റവും, റബ്ബറിന്റെയും അനുബന്ധ മേഖലകളിലെയും വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വ്യാപകമായ മാറ്റങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്.

റബ്ബർ നിയമം പിൻവലിക്കുമ്പോൾ റബ്ബർ ബോർഡ് ഉൾപ്പെടെയുള്ളവയുടെ ഭാവിയും ആശങ്കയിലാണ്. റബർ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വേണമെന്നാണ് നിതി ആയോഗിന്റെ നിർദേശം. ബോർഡിന്റെ ആവശ്യമില്ലെന്ന നിലപാടാണ് നിതി ആയോഗിനുള്ളത്. എന്നാൽ ബോർഡ് നിലനിർത്തണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതായിരിക്കും.
കാപ്പി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിലെ പല നിർദേശങ്ങളും നിലവിലെ സാഹചര്യത്തിൽ അനാവശ്യവും നിഷ്ക്രിയവുമാണെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കരട് കോഫി (പ്രോത്സാഹനവും വികസനവും) ബിൽ, 2022 തയ്യാറാകുന്നത്. തേയിലയുടെ കൃഷി, വിപണനം, ഉപഭോഗം എന്നിവയിലും സമീപ കാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. അതിനാൽ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്നും റദ്ദാക്കുന്നതിന് വിശദീകരണമായി വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പുകയിലയുടെ കരട് ബിൽ ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആധുനിക രീതിയിൽ പുകയില ബോർഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.