19 January 2026, Monday

വിപണി ഉയർന്നു, ടയർ ഡിമാൻഡും വർധിച്ചിട്ടും അനക്കമില്ലാതെ റബ്ബർ വില

ജയ്സണ്‍ ജോസഫ്
കോട്ടയം
January 5, 2026 10:38 pm

ടയർ കമ്പനികൾ ഡിമാൻഡ് വർധിപ്പിച്ചിട്ടും അതിന്റെ പ്രതിഫലനം വിലയിൽ പ്രതിഫലിക്കാത്ത ദുരവസ്ഥയിൽ സ്വാഭാവിക റബ്ബർവിപണി. സംസ്ഥാനത്ത് ടാപ്പിംഗ് സീസൺ അതിന്റെ ഉന്നതിയിലാണ്. എന്നിട്ടും വില 200 പോലും കടന്നിട്ടില്ല. നാലാം ഗ്രേഡിന്റെ റബ്ബര്‍ ബോർഡ് വില കിലോഗ്രാമിന് 178 രൂപയുടെ നിരാശയിലാണ്. മുൻവർഷത്തെ നില വച്ചുനോക്കുമ്പോൾ ഇത് തീരെ കുറവാണ്. ആഭ്യന്തര റബ്ബര്‍ ഉല്പാദനം ആവശ്യകതയേക്കാൾ കുറവാണെങ്കിലും പരിധിവിട്ടുള്ള ഇറക്കുമതിയാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ആസിയാൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ തീരുവയിൽ ഇറക്കുമതി നടക്കുന്നതാണ് കർഷകർ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. സാധാരണ ഗതിയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വില ഉയരേണ്ടതാണ്. ഈ സമയത്ത് ഉല്പാദനം കുറയുന്നതാണ് ഇതിനു കാരണം. എന്നാൽ ഇത്തവണ ഇതുവരെ അത്തരത്തിലൊരു പ്രവണത ദൃശ്യമല്ല. 

കഴിഞ്ഞ വർഷം ജനുവരിയിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റബ്ബര്‍ പിടിച്ചുവച്ച് വിലകൂട്ടാൻ പ്രത്യേക പ്രചരണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി വില 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഇത്തവണ അതുപോലുള്ള സമരമുറകൾ കർഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇതിനിടെ സംസ്ഥാന സർക്കാരിന്റെ റബ്ബര്‍ വിലസ്ഥിരത ഫണ്ട് പോർട്ടൽ തുറന്നത് കർഷകർക്ക് ആശ്വാസമായി. റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും പുതുക്കാനുമുള്ള റബ്ബര്‍ ബോർഡിന്റെ ഓൺലൈൻ പോർട്ടൽ സജീവമായതോടെ 2025 നവംബർ ഒന്നു മുതൽ വില നേട്ടം കർഷകർക്ക് ലഭിക്കും വിധം ആശ്വാസത്തോടെയാണ് ആർപിഎസുകൾ മുഖേന ബില്ലുകൾ അപ് ലോഡ് ചെയ്യാം. സർക്കാർ താങ്ങുവില 180 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തിയിരുന്നു. 

റബ്ബർ ബോർഡ് നിശ്ചയിച്ച വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം നൽകുന്നതിന് കർഷകരിൽ നിന്ന് വിൽപന ബിൽ സ്വീകരിക്കാൻ തുടങ്ങിയതും കര്‍ഷകര്‍ക്ക് ആശ്വസമായി. നിലവിൽ ഓരോ കിലോ റബറിനും 19 രൂപ സബ്സിഡി ലഭിക്കും. അതാത് മാസം പ്രഖ്യാപിക്കുന്ന മാർക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസത്തുകയാണ് ഇൻസെന്റീവ് എന്ന നിലയിൽ കർഷകർക്ക് നൽകിയിരുന്നത്. താങ്ങുവില വർധിപ്പിച്ചത് കർഷകർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. കേരളത്തിലെ കർഷകരിൽ 30 % മാത്രമാണ് ഷീറ്റ് തയാറാക്കുന്നത്. 55 % കർഷകരും ലാറ്റക്സായി റബ്ബര്‍ വിൽക്കുകയാണ്. 15 % കർഷകർ കപ്പ് ലംബായാണ് (ചണ്ടിപ്പാൽ) വിൽക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.