19 December 2024, Thursday
KSFE Galaxy Chits Banner 2

റഷ്യന്‍ എണ്ണ വ്യാപാരത്തിന് തിരിച്ചടി; ഇന്‍ഷുറന്‍സ് കമ്പനികളും പിന്‍വലിഞ്ഞു

ഗതിക് കപ്പലുകളുടെ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിച്ചു
Janayugom Webdesk
ന്യൂഡൽഹി
May 27, 2023 9:31 pm

ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം റഷ്യൻ എണ്ണയുടെ പ്രധാന വാഹകരായി മാറിയ ഇന്ത്യയുടെ ഗതിക് ഷിപ്പ് മാനേജ്‌മെന്റിന് പുതിയ തിരിച്ചടി. കമ്പനിയുടെ 21 കപ്പലുകളുടെ സർട്ടിഫിക്കേഷൻ പിൻവലിക്കുന്നതായി ബ്രിട്ടനിലെ ലോയിഡ്സ് രജിസ്റ്റർ അറിയിച്ചു. ഏപ്രിലില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് ഇന്റർനാഷണൽ ഷിപ്പ് രജിസ്ട്രി ഗതിക് കപ്പലുകളുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ചിരുന്നു. തുടർന്ന് 36 കപ്പലുകൾക്ക് പുതിയ പതാകകൾ കണ്ടെത്താൻ ഗതിക് നിർബന്ധിതരായി. റഷ്യൻ എണ്ണയുടെ വ്യാപാരം സംബന്ധിച്ച ഉപരോധ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ലോയ്ഡ്സ് രജിസ്റ്ററിന്റെ നടപടി. റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തി പെട്രോളിയം ഉല്പന്നങ്ങളായി തിരികെ യൂറോപ്യന്‍ വിപണിയിലെത്തുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നു.

അമേരിക്കന്‍ ക്ലബ് ഇന്‍ഷുറന്‍സ് കമ്പനി ഗതിക് കപ്പലുകള്‍ക്ക് നല്‍കിയിരുന്ന സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കടല്‍ വ്യാപാരമേഖലയിലെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനിയാണ് അമേരിക്കന്‍ ക്ലബ്. ഇവരാണ് ഗതികിന്റെ മിക്ക കപ്പലുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരുന്നത്. ഇതിനൊപ്പം റഷ്യൻ ഇൻഷുറന്‍സ് കമ്പനിയായ ഇൻഗോസ്‌ട്രാക്കും ഗതികിന് സേവനം നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോടിക്കണക്കിന് ടണ്‍ റഷ്യന്‍ എണ്ണ ഇടപാടുകളാണ് അടുത്തകാലത്തായി ഗതിക് ഷിപ്പിങ് കമ്പനിയെ ശ്രദ്ധേയമാക്കിയത്. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗതിക് ഷിപ്പ് മാനേജ്മെന്റ് കമ്പനി ദൂരുഹമായ എണ്ണ ഇടപാടുകളിലൂടെ ശരവേഗത്തില്‍ വളര്‍ച്ച നേടുകയായിരുന്നു. മുംബൈയിലെ നെപ്ട്യൂണ്‍ മാഗ്നറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ദൂരുഹമായി തുടരുകയാണ്.

2021ല്‍ രണ്ട് കെമിക്കല്‍ ടാങ്കറുകളുമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് കഴിഞ്ഞ മാസംവരെ 58 എണ്ണക്കപ്പലുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കമ്പനിയുടെ ഉടമ ആരെന്നോ, ഉറവിടം എവിടെയാണെന്നോ ഉള്ള വിവരം ഇപ്പോഴും അജ്ഞാതമാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ കയറ്റുമതി കമ്പനിയായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഇതുവരെ കമ്പനി കാര്യമന്ത്രാലയത്തിന്റെ രേഖകളില്‍ ഇടം നേടിയിട്ടില്ല. അതേസമയം ഗതികിന്റെ കുറഞ്ഞത് 28 കപ്പലുകളെങ്കിലും ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

മുംബൈയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന 100,000 കോടി ആസ്തിയുള്ള ഷിപ്പിങ് കമ്പനിയായ ബ്യൂണ വിസ്റ്റയുടെ വിലാസം പങ്കുവയ്ക്കുന്ന ഗതിക് ഷിപ്പിങ് കമ്പനി ഇവരുമായുള്ള ബന്ധം ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. റഷ്യന്‍ എണ്ണ കുത്തക കമ്പനിയായ റോസന്‍ഫെറ്റുമായി ഗതികിന് ബന്ധമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഗതിക് ഷിപ്പ് മാനേജ്മെന്റ് 8.3 കോടി ബാരല്‍ റഷ്യന്‍ എണ്ണയും മറ്റ് ഉല്പന്നങ്ങളും ഇറക്കുമതി ചെയ്തതായി ഷിപ്പിങ് രംഗത്തെ നീരിക്ഷക കമ്പനിയായ കെപ്ലര്‍ വ്യക്തമാക്കുന്നു. ഗതിക് കമ്പനി ഇറക്കുമതി ചെയ്ത എണ്ണയില്‍ ഏറിയ പങ്കും റോസന്‍ഫെറ്റില്‍ നിന്നാണെന്നും ഇറക്കുമതിയുടെ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും കെപ്ലര്‍ പറയുന്നു.

Eng­lish Summary;Russian oil trade hit; Insur­ance com­pa­nies also backed out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.