കൂത്തുപറമ്പ് സമര നായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1994 നവംബര്‍ 5ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ നടന്ന വെടിവെയ്പ്പില്‍ പരിക്കേറ്റ ഇദ്ദേഹം വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു.
പുഷ്പന്റെ വേര്‍പാടിനെ തുടര്‍ന്ന് സിപിഐ(എം)ന്റെ ജില്ലയിലെ ഇന്നും നാളെയുമുള്ള പരിപാടികള്‍ ദുഖാചരണത്തിന്റെ ഭാഗമായി മാറ്റിവെക്കും.നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും.പുഷ്പന്റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് നാളെ രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും. കോഴിക്കോട്, ഇലത്തൂര്, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോല്‍ വഴി 10 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. 10 മുതല്‍ 11.30 വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് ശേഷം പള്ളൂര്‍ വഴി ചൊക്ലി രാമവിലാസം സ്കൂളില്‍ എത്തിക്കും. 12 മണി മുതല്‍ വൈകുന്നേരം 4.30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് ശവസംസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.