
വീരതെലങ്കാനയുടെ പാരമ്പര്യവും സ്വാതന്ത്ര്യ സമര പൈതൃകങ്ങളുമായി രാഷ്ട്രീയത്തിലെത്തി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം വരെ അലങ്കരിച്ച, ജീവിതം മുഴുവൻ സമരസരോവരമാക്കിയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സുരവരം സുധാകർ റെഡ്ഡി. തെലങ്കാന പ്രക്ഷോഭകാലത്ത് കൗമാരക്കാരൻ മാത്രമായിരുന്നുവെങ്കിലും കേട്ടും വായിച്ചുമറിഞ്ഞ പ്രസ്തുത സമരത്തിന്റെ കനലുകൾ വീണ മനസുമായാണ് അദ്ദേഹം വിദ്യാർത്ഥി ജീവിതം ആരംഭിക്കുന്നത്. പിതാവും പിതൃസഹോദരനുമുള്‍പ്പെട്ട തലമുറ നടത്തിയ സ്വാതന്ത്ര്യപോരാട്ടഗാഥകളും ആ മനസിലെ പോരാളിയെ പ്രചോദിപ്പിച്ചു. അങ്ങനെയൊരു പരിസരത്തുനിന്നാണ് അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നത്. സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങളുന്നയിച്ചു നടത്തിയ സമരങ്ങളിലൂടെ അദ്ദേഹത്തിലെ പ്രക്ഷോഭകാരിയും സംഘാടകനും അടയാളപ്പെടുകയായിരുന്നു. കർണൂലിലെ ഹൈസ്കൂളിൽ നിന്നും ബിരുദ പഠനത്തിനായി ഉസ്മാനിയ കോളജിൽ ചേരുമ്പോഴേക്കും വിദ്യാർത്ഥി സംഘാടകനായി അദ്ദേഹം പരുവപ്പെട്ടു. അവിടെ വച്ചാണ് അദ്ദേഹം എഐഎസ്എഫിന്റെ സജീവ പ്രവർത്തകനാകുന്നത്. ഹോസ്റ്റൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ, പിന്നാക്ക വിദ്യാർത്ഥികൾക്ക് പഠനത്തിനായി പ്രത്യേക പരിഗണന, സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡും ചോക്കുകളും പോലും ലഭ്യമല്ലാത്ത ശോചനീയാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥി സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥിയായിരിക്കെ അവിടെ നിന്നാരംഭിച്ച പൊതുജീവിതമാണ് എഐഎസ്എഫ്, എഐവൈഎഫ്, ബികെഎംയു, സിപിഐ സംസ്ഥാന, ദേശീയ ഭാരവാഹിത്വങ്ങൾ വഹിച്ച്, പത്രപ്രവർത്തകൻ, പരിഭാഷകൻ, പ്രഭാഷകൻ, ജനപ്രതിനിധി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ മുദ്രചാര്‍ത്തി കഴിഞ്ഞദിവസം കടന്നുപോയിരിക്കുന്നത്.
വിദ്യാർത്ഥി യുവജന സംഘടനകളുടെ ദേശീയ നേതൃത്വത്തിൽ വരെ പ്രവർത്തിച്ച് ആന്ധ്രപ്രദേശിലേക്ക് തിരിച്ചെത്തിയ അദ്ദേഹം കർഷകത്തൊഴിലാളി സംഘടനയാണ് തന്റെ പ്രവർത്തന മേഖലയായി തെരഞ്ഞെടുത്തത്. ഭൂപ്രഭുക്കന്മാരുടെയും നാട്ടുപ്രമാണിമാരുടെയും കൊടിയ ചൂഷണത്തിന് വിധേയമായിരുന്നു അക്കാലത്ത് കർഷക തൊഴിലാളികൾ. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കിടപ്പാടം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശേഷം വീണ്ടും ദേശീയ നേതൃത്വത്തിൽ എത്തുകയും പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ ചുമതലകളിലേക്ക് നിയോഗിക്കപ്പെടുകയുമായിരുന്നു. ആന്ധ്രയിലെ മാത്രമല്ല കൊൽക്കത്ത, ഡൽഹി, ലഖ്നൗ.. അദ്ദേഹം പാര്‍ത്ത ജയിലുകള്‍ പലതായിരുന്നു. നിരവധി തവണ പൊലീസിന്റെ ക്രൂരമർദനങ്ങൾക്കിരയായി. ആന്ധ്രാപ്രദേശിൽ വൈദ്യുതി നിരക്ക് വർധനവിനെതിരായ സമരത്തിന് നേതൃത്വം നൽകിയ വേളയിലാണ് മൂന്നുപേർ രക്തസാക്ഷികളായ സംഭവം നടന്നത്. ഈ സമരത്തിൽ കുതിരപ്പട്ടാളത്തിന്റെ ചവിട്ടേറ്റ് സുധാകർ റെഡ്ഡിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലായിരുന്നു സുധാകര്‍ റെഡ്ഡി സിപിഐയെ ദേശീയ തലത്തില്‍ നയിച്ചത്. പാര്‍ലമെന്ററി രംഗത്ത് പ്രാതിനിധ്യക്കുറവുണ്ടായെങ്കിലും സമരത്തിലും സംഘാടനത്തിലും ശക്തമായ പാര്‍ട്ടിയായി സിപിഐയെ മുന്നോട്ടുനയിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിലും യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ മുന്‍കയ്യുണ്ടാകുകയും ചെയ്തു. ബിജെപിയുടെ ഫാസിസ്റ്റ് ഭരണനയങ്ങളും വര്‍ഗീയ, വിഭാഗീയ പ്രവര്‍ത്തനങ്ങളും ശക്തിപ്രാപിക്കുമ്പോള്‍ അതിനെതിരെ പ്രക്ഷോഭങ്ങളുടെയും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജനങ്ങളെ അണിനിരത്തുന്നതിന്റെയും നായകനായി അദ്ദേഹം നിലയുറപ്പിച്ചു. ജനകീയ പോരാട്ടങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായി. അതുകൊണ്ടുതന്നെ സുധാകര്‍ റെഡ്ഡിയുടെ സ്മരണകള്‍ ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും പോരാട്ടവഴികളിലും വെളിച്ചം പരത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.