
ഇന്ത്യയ്ക്കുനേരെ പാകിസ്ഥാന്‍ തൊടുത്ത മിസൈലുകള്‍ നിര്‍വീര്യമാക്കിയത് പേരുകേട്ട റഷ്യന്‍ കവചം. ‘എസ് 400 ഡിഫൻസ് സിസ്റ്റം’ ഏറെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്ന പേര് ഒരിക്കല്‍കൂടി ഉറപ്പിക്കുന്നു. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.
600 കിലോമീറ്റർ ദൂരെനിന്നുള്ള ഭീഷണികള്‍ തിരിച്ചറിയാനും 400 കിലോമീറ്റർ പരിധിയിൽ വെച്ച് പ്രതിരോധ മിസൈലുകൾ കൊണ്ട് ആക്രമിച്ച് തകർക്കാനും ശേഷിയുണ്ട്. ഇന്ത്യന്‍ സൈന്യം ‘സുദർശന ചക്രം’ എന്ന പേരിലാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ സജീവമാക്കിയിരുന്നു. ഓരോ എസ്-400 സ്ക്വാഡ്രണിലും ആറ് ലോഞ്ചറുകൾ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് ബാറ്ററികള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ ബാറ്ററിയിലും 128 മിസൈലുകൾ വരെ പിന്തുണയ്ക്കുന്ന ഒരു നിയന്ത്രണ കേന്ദ്രം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. നൂതന റഡാർ സംവിധാനവും ഇതിന്റെ ഭാഗമാണ്.
2018 ല്‍ അഞ്ച് എസ്-400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്തിട്ടുള്ളത്. ഇതിലൊന്ന് പാക് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്. 2026 ഓടെ രണ്ടെണ്ണം കൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം മറുപടി നൽകിയത് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകൾ നിർവീര്യമാക്കിയായിരുന്നു. ഇതിനായി സൈന്യം തെരഞ്ഞെടുത്തത് ഹാർപി ഡ്രോണുകളായിരുന്നു. എതിരാളികളുടെ റഡാർ പ്രതിരോധപ്പൂട്ടുകൾ ഫലപ്രദമായി തുറക്കാനും നശിപ്പിക്കാനുമായി പ്രത്യേകം രൂപകല്പന ചെയ്യപ്പെട്ട ഡ്രോണുകളാണിവ. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാനും, ഉയർന്ന തോതിൽ റേഡിയേഷൻ പ്രവഹിപ്പിക്കുന്ന റഡാർ കേന്ദ്രങ്ങളെ നശിപ്പിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. പ്രത്യേകം ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്ന ശത്രുക്കളുടെ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ് എത്ര അസാധ്യമായ ഡയറക്ഷനിലും സഞ്ചരിക്കാനും നശിപ്പിക്കാനും ഈ ഡ്രോണുകള്‍ക്ക് കഴിയും. രാപ്പകല്‍ ഭേദമില്ലാതെ തുടർച്ചയായി ഒമ്പത് മണിക്കൂർ ഇടതടവില്ലാതെ പ്രവർത്തിക്കാനും ശേഷിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.