23 January 2026, Friday

ശബരി വിമാനത്താവളം; ഒരുങ്ങുന്നത് ഏറ്റവും നീളമേറിയ റൺവേ

Janayugom Webdesk
കോട്ടയം
June 11, 2023 9:17 pm

ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാവുമ്പോൾ ഒരുങ്ങുന്നത് മറ്റൊരു വിസ്മയം കൂടി. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ റൺവേയാണ് ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് റൺവേയുടെ നീളം. ഇതിനായി 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ വിജ്ഞാപനമായിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള ഈ 307 ഏക്കർ സ്വകാര്യ ഭൂമിയുടെ സാമൂഹികാഘാത പഠനം ഉടൻ പൂർത്തിയാകും. കണ്ണൂർ 3050 മീറ്ററും നെടുമ്പാശ്ശേരി 3400 മീറ്ററുമാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ, വിശദമായ പ്രോജക്ട് റിപ്പോർട്ട രൂപീകരിക്കും. അതിനു ശേഷം സിയാൽ, കിയാൽ എന്നിവയുടെ മാതൃകയിൽ കമ്പനി രജിസ്റ്റർ ചെയ്ത് നിക്ഷേപ സമാഹരണം നടത്തും. പിന്നീട് ടെൻഡർ വിളിച്ച് നിർമാണം തുടങ്ങാനാകും.
എരുമേലിയിലെ നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന കേരളത്തിന്റെ സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. ഇതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകും. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹിയറിങ്ങ് ഇന്നും നാളെയും നടക്കും.
2500 ഏക്കർ സ്ഥലത്താണ് ഗ്രീൻഫീൽഡ് എയർപോർട്ട് നിർമിക്കുന്നത്. പൊതു ‑സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി ഏറ്റെടുക്കാനാണ് കെ എസ് ഐ ഡി സിയുടെ ലക്ഷ്യം. 4000 കോടി രൂപയാണ് വിമാനത്താവള വികസനത്തിന് മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളം യാഥാർത്ഥ്യമാകുന്നത് ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല മധ്യ തിരുവിതാംകൂറിന്റെ വികസന രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്. എരുമേലിക്ക് സമീപത്തെ ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്താണ് വിമാനത്താവളം നിർമിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ സമ്പദ്ഘടനയ്ക്ക് വിമാനത്താവളത്തിന്റെ വരവ് കുതിപ്പു പകരും. പത്തംനംതിട്ടയിലേക്ക് 27 കിലോമീറ്ററും കോട്ടയത്തേക്ക് 40 കിലോമീറ്ററും ശബരിമലയിലേക്ക് 51 കിലോമീറ്ററും തിരുവനന്തപുരത്തേക്ക് 145 കിലോമീറ്ററും കോഴിക്കോടേക്ക് 300 കിലോമീറ്ററും എറണാകുളത്തേക്ക് 114 കിലോമീറ്ററുമാണ് ദൂരം. തീർത്ഥാടന ടൂറിസത്തിനൊപ്പം സുഗന്ധവ്യഞ്ജന കയറ്റുമതിക്കും വിമാനത്താവളത്തിന്റെ വരവ് വഴിയൊരുക്കും.
നെടുമ്പാശേരിക്ക് ഒരു ഫീഡർ വിമാനത്താവളമായാണ് ചെറുവള്ളി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

eng­lish sum­ma­ry; Sabari Air­port; Longest run­way in the making
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.