
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇതുരെയുള്ള അന്വേഷണ പുരോഗതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ നടന്നത് സ്വര്‍ണ്ണക്കൊള്ളയെന്നാണ് സംഘം കോടതിയില്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും തമ്മില്‍ വലിയ ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് വിലയിരുത്തിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി അറിയിച്ചതായും സൂചനയുണ്ട്.പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് കോടതിയിലെത്തിയാണ് മുദ്ര വെച്ച കവറില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുന്നത്.
കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും കോടതിയില്‍ നിന്നും പുറത്താക്കി.തുടര്‍ന്ന് എസ് പി ശശിധരനുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അടക്കം എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു.അന്വേഷണം ആരംഭിച്ച് കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. അന്വേഷണം പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കഴിഞ്ഞ ദിവസം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 14 മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയാണ് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചത്. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്നും, ഏതു സമയത്ത് വിളിച്ചാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
2019ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗളൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയിരുന്നു.അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷ് എന്നആളിന് കൈമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.