22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

പുണ്യവഴിയിലെ ശിശുപീഡനങ്ങൾ

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
December 22, 2022 4:30 am

ല്ലാ മതങ്ങളിലും ശിശുപീഡനം ഒരു പുണ്യപ്രവൃത്തിയായോ മതപരമായ ആവശ്യകതയായോ കണക്കാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ നിർബന്ധിത അഗ്രചർമ്മ ഛേദനം മുതൽ കുത്തിയോട്ടത്തിന്റെ ചൂരൽക്കുത്തും തീകൂട്ടി ചുറ്റും നടത്തുന്ന കുട്ടിക്കാവടിയാട്ടവും വരെ ഇതിൽപ്പെടും. കുട്ടികളുടെ തോളിൽ കാവടിയും വച്ച് പൊരിവെയിലത്ത് ദീർഘദൂരം നടത്തിക്കുക, അഗ്നികുണ്ഡം ഒരുക്കി അതിനുചുറ്റും തീക്കാവടിയാട്ടം നടത്തിക്കുക, കുഞ്ഞുങ്ങളുടെ നാവിൽ ശൂലം കുത്തിയിറക്കുക തുടങ്ങിയ ശിശുപീഡനങ്ങളെ ആചാരങ്ങളുടെ പേരിലാണ് സമൂഹം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കുത്തിയോട്ടത്തിന്റെ ജീവിതചര്യകൾ ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആ ശിശുപീഡനത്തെ ന്യായീകരിക്കാൻ ഒരു കഥയും ഉണ്ടാക്കിയിട്ടുണ്ട്. കോവിലനെ തേടിയിറങ്ങിയ കണ്ണകിയെ കുട്ടികൾ കളിയാക്കുന്നു. അവർക്ക് വഴിതെറ്റുന്നു. സംഹാരരുദ്രയായ കണ്ണകി ഭദ്രകാളിയായി മാറി ശിശുബലി ആവശ്യപ്പെടുന്നു. രക്തപാനത്തിൽ ഡ്രാക്കുളയെ പരാജയപ്പെടുത്തുന്ന ആസക്തിയാണ് എല്ലാ കെട്ടുകഥകളിലും ഭദ്രകാളിക്കുള്ളത്. കുട്ടികളുടെ മാതാപിതാക്കൾ കുറ്റം ഏൽക്കുകയും പ്രായശ്ചിത്തമായി ശിശുരക്തം നിവേദിക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. കുട്ടികളെ പള്ളിക്കൂടത്തിൽ വിടാതെ പട്ടുടുപ്പിച്ചു കുറെ ദിവസം നിര്‍ത്തുകയും ഒടുവിൽ ചൂരൽകൊണ്ട് കുട്ടികളുടെ വാരിയിൽ കുത്തി ചോരചീറ്റിച്ച് കാളിയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. ചൂരൽ മുറിയൽ അല്ലെങ്കിൽ ചൂരൽക്കുത്ത് എന്നാണ് ഭഗവതീക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഈ ദുരാചാരത്തിന്റെ പേര്. കുഞ്ഞുങ്ങളുമായി അശ്ലീലസരസ്വതി പാടി കൊടുങ്ങല്ലൂർ പോകുന്നതും സാംസ്കാരികമായ ഒരു ശിശുപീഡനമാണ്.


ഇതുകൂടി വായിക്കൂ: ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍


സി കേശവൻ ബാല്യകാലത്ത് ഇങ്ങനെ പോയി വന്നിട്ട് ആ തെറിഭജന നിഷ്കളങ്കമായി വീട്ടിലിരുന്ന് ആലപിച്ച് അമ്മയുടെ അടിവാങ്ങിച്ചത് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സഹോദരൻ അയ്യപ്പനും മറ്റും ഈ പ്രാകൃതാചാരത്തെ അപലപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. കവിതയും എഴുതിയിട്ടുണ്ട്. ഈ അശ്ലീലസരസ്വതി ഫോക്‍ലോറിന്റെ ഭാഗമായി ഇപ്പോൾ ഗവേഷകർ അടയാളപ്പെടുത്തുന്നുണ്ട്. പുണ്യസ്ഥലമെന്ന് കരുതപ്പെടുന്ന ഇടങ്ങളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. തിരിച്ചറിവില്ലാത്ത കാലത്ത് രക്ഷിതാവിന്റെ തോളിൽ കിടന്ന് ഈ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. ആലപ്പുഴ ജില്ലയിലെ ഒരു ഭക്തൻ ഒന്നരവയസുള്ള കുഞ്ഞിനെ തോളിലിട്ട് അഞ്ചുമണിക്കൂറിലധികം ശബരിമലയിൽ ക്യൂ നിന്ന ചിത്രം അടുത്ത ദിവസങ്ങളിൽ പത്രങ്ങളിലുണ്ടായിരുന്നു. ചന്ദ്രാനന്ദൻ റോഡ് സംഗമിക്കുന്നിടത്ത് വടം പിടിച്ച് കാത്തുനിൽക്കുന്ന ഈ പിതാവിന്റെയും തോളിലുറങ്ങുന്ന നിരപരാധിയായ കുഞ്ഞിന്റെയും സചിത്ര വാർത്ത ഹൃദയദ്രവീകരണ ശക്തിയുള്ളതായിരുന്നു. ആലപ്പുഴയുടെ തെക്കേയറ്റത്തുനിന്നും നിലക്കൽ വരെയുള്ള വാഹനയാത്ര.


ഇതുകൂടി വായിക്കൂ: മനുഷ്യാവകാശങ്ങളും പടരുന്ന താലിബാനിസവും


പമ്പ വരെയുള്ള കഠിനയാത്ര. പിന്നെ പിതാവിന്റെ തോളിൽ കിടന്ന്, കാൽനടയ്ക്കനുസരിച്ച് കുലുങ്ങിക്കുലുങ്ങിയുള്ള മലകയറ്റവും ഇറക്കവും തുടര്‍ന്ന് വീടുവരെയുള്ള മടക്കയാത്ര. നല്ല മലയാളം പോലും പറയാനറിയാത്ത ആ കുഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടാകും. അമ്മയെകാണണമെന്നും മുലപ്പാൽ കുടിക്കണമെന്നും ആ പിഞ്ചു കുഞ്ഞിനു തോന്നിയിട്ടുണ്ടാകില്ലെ? അരയിലെ തുണിയിലവശേഷിപ്പിച്ച മലവും മൂത്രവുമായിട്ടല്ലേ പതിനെട്ടാം പടി കടന്നത്? തിരിച്ചറിവും മലകയറാനുള്ള ആരോഗ്യവുമുള്ള സഹോദരിമാരെ കയറാൻ അനുവദിക്കാത്ത പുണ്യയാത്രാക്രമം കുഞ്ഞുങ്ങളെ പുരുഷന്മാരോടൊപ്പം കൊണ്ടുപോകാൻ അനുവദിച്ചിട്ടുണ്ട്. ശബരിമലയാത്ര കൊണ്ട് വിളിച്ചുപറയാൻ കഴിയാത്തത്ര വൈഷമ്യങ്ങൾ ആ കുഞ്ഞ് അനുഭവിച്ചതിന് ആരാണ് ഉത്തരവാദി. ശിശുസംരക്ഷണത്തിനും ബാലാവകാശ സംരക്ഷണത്തിനും എല്ലാ സംവിധാനങ്ങളും കോടതിയുമൊക്കെയുള്ള നാടല്ലേ നമ്മുടേത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പുണ്യയാത്രകൾക്ക് പോകുമ്പോൾ കുട്ടികളെ ഒഴിവാക്കാനുള്ള ഔചിത്യം സമൂഹം കാട്ടേണ്ടതുണ്ട്. അങ്ങനെ കാട്ടിയില്ലെങ്കിൽ കുട്ടികളുമായുള്ള യാത്രകളെ നിരുത്സാഹപ്പെടുത്താൻ നിയമസംവിധാനം ശ്രദ്ധിക്കേണ്ടതാണ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.