23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026

ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം; സന്നിധാനം മേഖലയെ എട്ട് സോണുകളായി വിഭജിക്കും

Janayugom Webdesk
തിരുവനന്തപുരം
January 8, 2025 10:20 pm

ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028–33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034–39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് പ്ലാൻ. മകരവിളക്കിന്റെ കാഴ്ചകൾ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പൺ പ്ലാസകളും ലേഔട്ട് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്റൂട്ട് ലേഔട്ട് പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമർജൻസി വാഹന പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിൻതുണയ്ക്കുന്നതിനായി ട്രക്ക്റൂട്ടിന്റെ ഇരുവശത്തും ബഫർസോണും പ്ലാൻ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്.
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി, 2028–33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി ഉൾപ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ട്രക്ക്റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 മാത്രം

14ന് മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 15 വരെ ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയിൽ വിർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തർ ദർശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദിക്കില്ല.
മകരവിളക്ക് ദർശനത്തിനെത്തുന്ന ഭക്തർ ജ്യോതി ദർശിക്കാനായി പൂങ്കാവനത്തിൽ പർണശാലകൾ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്കിനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലിൽ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദർശനത്തിനായി വിവിധ ഇടങ്ങളിൽ ഭക്തർക്ക് സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.
12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അയിരൂർ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14ന് ശബരിമലയിൽ എത്തും.
തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39.02 ലക്ഷം ഭക്തർ ഈ ഉത്സവകാലത്ത് ശബരിമല സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 35.12 ലക്ഷം പേരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.