6 February 2026, Friday

Related news

February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026
February 3, 2026

ശബരിമല തീർത്ഥാടനം; സമഗ്ര മാറ്റത്തിനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

മണ്ഡല — മകരവിളക്ക് മഹോത്സവത്തിന് പ്രത്യേക ബജറ്റ്
Janayugom Webdesk
തിരുവനന്തപുരം
February 6, 2026 9:38 pm

ശബരിമല തീർത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. 2026–27 മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായുള്ള ആദ്യ മുന്നൊരുക്ക യോഗവും കഴിഞ്ഞ മണ്ഡല-മരകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്നു. വരുന്ന മണ്ഡല — മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫിസ് ഏപ്രിൽ മാസത്തിൽ തന്നെ പമ്പയിൽ പ്രവർത്തനം ആരംഭിക്കും. ശബരിമല മണ്ഡല — മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവൽ അക്കൗണ്ടുകൾ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിൽ തത്സമയം ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. 

അടുത്ത തീർത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ യോഗത്തിൽ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങൾ, ആകർഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ അഞ്ച് ശീർഷകങ്ങളിലായി വിശദമായ സമീപന രേഖയാണ് അവതരിപ്പിച്ചത്. ഭക്തർക്കുള്ള സേവനത്തിന് പരമപ്രധാനം നൽകിയുള്ള സമീപന രേഖയിൽ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണൽ നിലവാരം ഉറപ്പ് വരുത്തുന്നു. ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാർക്കും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി പ്രത്യേക പരിശീലനം നൽകും. പ്രൊഫഷണൽ സമീപനം ഉറപ്പ് വരുത്തുന്നതിനാണ് പരിശീലനം നൽകുന്നത്. ക്രൗഡ് മാനേജ്മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പൊതു ബജറ്റിന് പുറമേ ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബജറ്റ് തയ്യാറാക്കും. 

മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരുമാസം മുൻപെങ്കിലും മരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്നതാണ് പുതിയ സമീപന രേഖ. സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഭക്തർക്ക് സൗജന്യമായി മൊബൈൽ ചാർജിങ് പോയിന്റുകളും സമീപനരേഖ ഉറപ്പ് നൽകുന്നു. വരുന്ന ദേവസ്വം ബോർഡ് യോഗങ്ങളിൽ ആവശ്യമെങ്കിൽ സമീപന രേഖയിൽ കൂടുതൽ കൂട്ടിചേർക്കലുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, വിജിലൻസ് ആന്റ് ചീഫ് സെക്യൂരിറ്റി ഓഫിസർ വി സുനിൽകുമാർ ഐപിഎസ്, ചീഫ് എന്‍‍ജിനീയർ രഞ്ജിത്ത് കെ ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ഒ ജി ബിജു തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.