
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 തീർഥാടകർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. തൊടുപുഴ-പാലാ റോഡിലെ കരിങ്കുന്നം പ്ലാന്റേഷനിൽ വ്യാഴാഴ്ച രാവിലെ 5.50ഓടെയായിരുന്നു അപകടം. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ‘വിവേകാനന്ദ ട്രാവൽസ്’ ബസാണ് മറിഞ്ഞത്. തീർഥാടകരും ജീവനക്കാരുമടക്കം 51പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ട്രാവൽസിന്റെ ശബരിമല പാക്കേജിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവർ യാത്ര ചെയ്തത്. അപകടം നടന്ന ഉടൻ കരിങ്കുന്നം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചത്. തൊടുപുഴ അഗ്നിരക്ഷാ സേനയെത്തിയതോടെയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. വാഹനത്തിനടിയിൽ കൈകുടുങ്ങിയ ഒരാളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
സീറ്റുകൾക്കിടയിൽ കുടുങ്ങിയ മറ്റ് യാത്രക്കാരെ ബസിന്റെ ചില്ലുകൾ തകർത്താണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ തൊടുപുഴ ജില്ല ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ചവരിൽ മൂന്നുപേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിലെത്തിച്ചവരിൽ നില ഗുരുതരമായ ഒരാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.