22 December 2024, Sunday
KSFE Galaxy Chits Banner 2

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മുന്‍ പ്രധാനമന്ത്രി വരെ: പാന്‍ഡോറ നികുതിവെട്ടിപ്പുകളുടെ ചുരുളഴിക്കുമ്പോള്‍

Janayugom Webdesk
October 5, 2021 7:48 pm

പാനമ പാരഡസ് രേഖകളുടെ പിന്തുടര്‍ച്ചയായി ലോകത്തിനു മുന്നില്‍ ചുരുളഴിക്കപ്പെട്ട മറ്റൊരു രഹസ്യവെളിപ്പെടുത്തലാണ് പാന്‍ഡോറ. 336 രാഷ്ട്രീയ നേതാക്കള്‍, ഫോബ്സ് പട്ടികയിലുള്ള 130 കോടീശ്വരന്മാര്‍, സെലിബ്രിറ്റികള്‍, മതനേതാക്കള്‍, രാജകുടുംബാംഗങ്ങള്‍, ലഹരി ഇടപാടുകാര്‍ എന്നിങ്ങനെയുള്ള പ്രമുഖരെയാണ് പാന്‍ഡോര രേഖകളില്‍ നിക്ഷേപകരെന്ന് കണ്ടെത്തിയത്. വിദേശനിക്ഷേപങ്ങളിലൂടെയും മറ്റും ടാക്സ് വെട്ടിപ്പ് നടത്തി വന്‍ സമ്പാദ്യമാണിവര്‍ സ്വരൂപിച്ചത്. ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) കൂട്ടായ്മയുടെ ഭാഗമായി 117 രാജ്യങ്ങളില്‍ നിന്ന് 600 മാധ്യമപ്രവര്‍ത്തകരും, 150 മാധ്യമസ്ഥാപനങ്ങളുമാണ് പാന്‍ഡോറ രേഖകള്‍ പുറത്ത് കൊണ്ട് വന്നത്. വളരെയേറെ കാലം രഹസ്യമാക്കിവച്ചിരുന്ന രേഖകള്‍ പുറത്തുവരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ സൂചിപ്പിക്കാനാണ് അന്വേഷണ ദൗത്യത്തിനു പാന്‍ഡോറ രേഖകള്‍ എന്നു പേരിട്ടത്. പുരാണ കഥാപാത്രമായ പാന്‍ഡോറ, സീയൂസ് ദേവന്‍ നല്‍കിയ തിന്മകളുടെ പെട്ടി തുറക്കുമ്പോള്‍ ലോകം ശാപങ്ങളും ദുരിതങ്ങളും കൊണ്ടുനിറയുന്നു എന്നാണ് ഗ്രീക്ക് പുരാണം.

കയ്യെഴുത്തു രേഖകള്‍ മുതല്‍ 10,000 പേജ് വലുപ്പമുള്ള പിഡിഎഫ് ഫയലുകള്‍ വരെ അടങ്ങുന്ന 1.19 കോടി ഫയലുകള്‍ മെഷീന്‍ ലേണിങ് അടക്കമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വര്‍ഷത്തോളം പരിശോധിച്ചാണ് രഹസ്യ നിക്ഷേപങ്ങളുടെ ചുരുളഴിച്ചത്. സമാന രേഖകള്‍ പുറത്തുവന്ന പാനമ പാരഡൈസ് വെളിപ്പെടുത്തലുകളില്‍ ഒന്നോ രണ്ടോ കമ്പനികളില്‍ നിന്നുള്ള ഡാറ്റ മാത്രമാണ് പരിശോധിച്ചതെങ്കില്‍ പാന്‍ഡോറയില്‍ നികുതി നിയമ കാര്യങ്ങളില്‍ സഹായം നല്‍കുന്ന 14 കമ്പനികളുടെ രേഖകളില്‍ അന്വേഷണം നടത്തി. ഇംഗ്ലിഷ്, സ്പാനിഷ്, റഷ്യന്‍, ഫ്രഞ്ച്, അറബിക്, കൊറിയന്‍ എന്നിങ്ങനെ ആറ് ഭാഷകളിലായിരുന്നു രേഖകള്‍. ലോകത്തൊട്ടാകെ നടത്തിയ വെളിപ്പെടുത്തലുകളില്‍ പുറത്തുവന്ന പാന്‍ഡോറ പേപ്പേഴ്സ് പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അനില്‍ അംബാനിയും ഉള്‍പ്പെടെ മുന്നൂറിലധികം ഇന്‍ന്ത്യന്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നും കണ്ടെത്തി. ഐപിഎല്‍ സ്ഥാപകനും വ്യവസായിയുമായ ലളിത് മോഡിയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഈ ടീമുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും രേഖകളില്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനികളുടെ ഉടമകള്‍ ഇന്ത്യന്‍ വംശജരാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മെഹ്ത എന്നിവരുടെ പേരിലുള്ള സമ്പാദ്യം ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ ഡ്സില്‍ (ബിവിഐ) വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ബെനിഫിഷ്യല്‍ ഓണര്‍ എന്ന നിലയില്‍ ഒരു കമ്പനിയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു രൂപ വില മതിക്കുന്ന ഓഹരികളായിരുന്നു ഇതില്‍ സച്ചിന്റെ ഭാര്യയ്ക്കുണ്ടായിരുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലും ഇടപാടുകളുണ്ടായി. എന്നാല്‍, നികുതി ഇടപാടുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു സച്ചിന്റെ ഓഫിസ് അറിയിച്ചു. ആഭരണങ്ങള്‍ വിറ്റിട്ടാണ് അഭിഭാഷകനു ഫീസ് കൊടുത്തതെന്ന് അടുത്തിടെ കോടതിയെ അറിയിച്ച റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ന്യൂജഴ്സി, ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, സൈപ്രസ് എന്നിവിടങ്ങളില്‍ അനധികൃത നിക്ഷേപമുണ്ട്. ലഭ്യമായ വിവരങ്ങള്‍പ്രകാരം 130 കോടി ഡോളറിന്റെ ഇടപാടുകളാണു നടന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അധോലോക കുറ്റവാളി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിടെയാണു പുതിയ വെളിപ്പെടുത്തലുകള്‍. തന്റെ ഭാര്യാമാതാവ് ന്യൂസീലന്‍ഡില്‍ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രധാന പ്രയോജനം ജാക്കി ഷ്റോഫിനാണെന്നു പാന്‍ഡോറ രേഖകള്‍ പറയുന്നു. ഷ്റോഫ് നേരിട്ടും ഇതില്‍ നിക്ഷേപം നടത്തി. ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ കമ്പനി, സ്വിസ് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി സൈപ്രസ് പൗരനും ദുബായില്‍ സ്ഥിരതാമസക്കാരനുമാണ്. 2018 ല്‍ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ ഡ്സില്‍ സ്ഥാപിച്ച കമ്പനിയുടെ മുഴുവന്‍ ഓഹരികളും ഇദ്ദേഹത്തിന്റെ പേരിലാണ്. പാനമ രേഖകളിലും വിനോദ് അദാനിയുടെ പേരുണ്ടായിരുന്നു. കുനാല്‍ കശ്യപ് എന്ന ധനകാര്യ ഉപദേഷ്ടാവിന്റെ സഹായത്തോടെ നടത്തിയ ഇടപാടു കളാണ് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരണ്‍ മജൂംദാറിന്റെയും ഭര്‍ത്താവ് ജോണ്‍ ഷായുടെയും വിദേശ നിക്ഷേപങ്ങളെ സംശയനിഴ ലില്‍ നിര്‍ത്തുന്നത്. സിംഗപ്പൂര്‍ കേന്ദ്രമായ ട്രസ്റ്റ് വഴിയാണ് നിക്ഷേപങ്ങള്‍ നിയന്ത്രിച്ചി രുന്നത്.

ടുജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് 2010 ല്‍ മാധ്യമങ്ങളില്‍ നിറഞ്ഞ നീര റാഡിയയുടെ പേര് പാനമ രേഖകളിലും ഉള്‍പ്പെട്ടിരുന്നു. 12 ഓഫ് ഷോര്‍ കമ്പനികള്‍ നീരറാഡിയ രഹസ്യസ്വത്തു നിക്ഷേപത്തിനായി ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ജെസിടി ലിമിറ്റഡ് ചെയര്‍മാനായ സമീര്‍ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലാണ് നിക്ഷേപം നടത്തിയത്. ഒരു കമ്പനി യിലെ മുഴുവന്‍ ഓഹരികളും സന്‍ഹ ഇന്റര്‍ നാഷനല്‍ ലിമിറ്റഡിന്റെ ബെനിഫിഷ്യല്‍ ഓണറുമാണു സമീര്‍. 2009 ല്‍ ബിവിഐ യില്‍ സ്ഥാപിച്ച മസ്‌ക് ഹോള്‍ഡിങ്സ് എന്ന സ്ഥാപനത്തെ ജെസിടിയില്‍ ഓഹരി പങ്കാളിയാക്കിയിരുന്നു. ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനിയായ കോ ക്സ് ആന്‍ഡ് കിങ്സ് ഉടമകളിലൊരാളായ അജയ് കര്‍ക്കര്‍ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ രണ്ട് ട്രസ്റ്റുകള്‍ വഴിയാണു നി ക്ഷേപം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 നവംബറില്‍ അജയ് കര്‍ക്കര്‍ അറസ്റ്റിലായിരുന്നു. വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരിയും കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പുകേസിലെ പ്രതിയും പൂര്‍വി മോദി. നീരവ് ഇന്ത്യ വിടുന്നതിനു ഒരു മാസം മുന്‍പായിരുന്നു പൂര്‍വി ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ നിക്ഷേപം നടത്തിയത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മയുടെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ ഗുണഭോക്താക്കളായ ട്രസ്റ്റുകളും പട്ടികയിലുണ്ട്.

കരീബിയന്‍ കെയ്മെന്‍ ദ്വീപുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ സതീഷ് ശര്‍മ കേന്ദ്രമന്ത്രിയായിരുന്നു. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ്, യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി ആ്രേന്ദ ബാബിഷ്, കെനിയ പ്രസിഡന്റ് ഉഹുരു കെന്യാത്ത, ഇക്വഡോര്‍ പ്രസിഡന്റ് ഗീയര്‍മോ ലാസോ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും വിശ്വസ്തര്‍ തുട ങ്ങിയവരുടെ നിക്ഷേപങ്ങള്‍ പാന്‍ഡോറ രേഖകളില്‍ പരാമര്‍ശിക്കുന്നു. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനു യുഎസിലും യുകെയിലും 10 കോടി ഡോളറിന്റെ സമ്പാദ്യമുണ്ട്. ഇവ 2003 നും 2017 നു മിടയില്‍ രഹസ്യകമ്പനികളിലൂടെ നടത്തിയതാണ്. യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ഒരു കമ്പനി വാങ്ങിയതിലൂടെ 2017 ല്‍ 88 ലക്ഷം ഡോളറിനു ലണ്ടനിലെ വിക്ടോറിയന്‍ കാലത്തെ കെട്ടിടം സ്വന്തമാക്കി. ഈ കെട്ടിടത്തിലാണു ബ്ലെയറിന്റെ ഭാര്യയുടെ നിയമസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബഹ്റൈനിലെ വ്യവ സായ മന്ത്രിയില്‍നിന്നാണ് ഈ കെട്ടിടം വാങ്ങിയത്. നേരിട്ടു വാങ്ങാതെ വിദേശക്കമ്പനി വഴി ഇടപാടു നടത്തിയതിനാല്‍ ബ്ലെയര്‍ 4 ലക്ഷം ഡോളര്‍ നികുതി വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാബിനറ്റ് മന്ത്രി അടക്കം വിശ്വസ്ത വൃത്തത്തിലെ അംഗങ്ങള്‍ക്കാണു വിദേശനിക്ഷേപങ്ങള്‍. ധനമന്ത്രി ഷൗക്കത് ഷയാസ് അഹമ്മദ് തരിനും കുടുംബാംഗങ്ങള്‍ക്കും നാല് വിദേശ കമ്പനികളുടെ പേരില്‍ രഹസ്യനിക്ഷേപങ്ങളുണ്ട്. പാക്ക് സൈനിക മേധാവിമാരുടെ സമ്പാ ദ്യങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്.

2009ല്‍ ഫ്രഞ്ച് റിവിയറയില്‍ എസ്റ്റേറ്റ് വാങ്ങാന്‍ ചെക് പ്രധാനമന്ത്രി ആന്ദ്ര ബാബിഷ് സ്വന്തം പേരു മറച്ചുവച്ച് 2.2 കോടി ഡോളര്‍ നിക്ഷേപം നടത്തി. ഈ മാസം 8 നു ചെക് റിപ്പബ്ലിക്കില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ യാണു വെളിപ്പെടുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി അടുപ്പമുണ്ടായിരുന്ന സ്വെറ്റ്ലാന ക്രിവോനോ ജിഖ് കരിബീയന്‍ ദ്വീപ് രാജ്യമായ ടോര്‍ടോളയിലെ ഒരു കമ്പനി വഴി മൊണാകോയില്‍ 2003 ലാണ് അപാര്‍ട്മെന്റ് വാങ്ങിയത്. ക്രിവോനോജിഖ് ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെയാണു അപ്പാര്‍ട്മെന്റ് വാങ്ങിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും കുടുംബാംഗങ്ങള്‍ക്കും 54.5 കോടി ഡോളറിന്റെ വസ്തുവകകള്‍ ബ്രിട്ടനില്‍ രഹസ്യസമ്പാദ്യമായിട്ടുണ്ട്. പ്രസിഡന്റി ന്റെ 11 വയസ്സുള്ള മകന് ലണ്ടനില്‍ ഓഫിസ് സമുച്ചയം അടക്കം കുടുംബത്തിനായി 17 വസ്തുവകകളുണ്ടെന്നും രേഖകള്‍ പറയുന്നു.
Eng­lish summary;Pandora is a secret revelation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.