കാസർകോട് ചെറുവത്തൂരിൽ ലൈസൻസ് കൂടാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽനിന്നും ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടി മരിക്കാനും അമ്പത്തിരണ്ട് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ഇടയാക്കിയ സംഭവം സർക്കാർ സംവിധാനങ്ങൾക്കും സമൂഹത്തിനും നൽകുന്ന മുന്നറിയിപ്പ് അത്യന്തം ഗൗരവതരമാണ്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും നടത്തിവരുന്ന പരിശോധനകൾ പുറത്തുകൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകൾ മുതൽ വഴിയോര തട്ടുകടകൾ വരെ ഭക്ഷണവും ഭക്ഷ്യപദാർത്ഥങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളെ ജനങ്ങൾക്ക് വിശ്വസിച്ച് ആശ്രയിക്കാനാവില്ലെന്നാണ് പരിശോധനാഫലങ്ങൾ തെളിയിക്കുന്നത്. പരിശോധനാവിധേയമായ സ്ഥാപനങ്ങൾ മിക്കതും സമാനരീതിയിൽ മുൻകാലങ്ങളിൽ നടത്തിയ പരിശോധനകളിലും പിടിക്കപ്പെട്ടവയാണെന്നത് ഭക്ഷ്യസുരക്ഷാ നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതാ രാഹിത്യവും അപര്യാപ്തതയും പിടിപ്പുകേടുമാണ് തുറന്നുകാട്ടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ ആറുദിവസങ്ങളിലായി സംസ്ഥാനത്തെ 1132 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഭക്ഷണം ഉണ്ടാക്കിവിൽക്കുന്ന അഞ്ചുലക്ഷത്തില്പരം ചെറുതും വലുതുമായ സ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ഇത്രയും ചെറിയ ഒരു പരിശോധനയിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മഞ്ഞുമലയുടെ ശിഖരം മാത്രമാണെന്നാണ് കരുതേണ്ടത്. ഭക്ഷ്യ വസ്തുക്കളും പാകംചെയ്ത ഭക്ഷണവും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നല്കുന്നതുമുതൽ അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനംവരെ എല്ലാതലത്തിലും, എല്ലാ അർത്ഥത്തിലും തുലോം അപര്യാപ്തമാണെന്നാണ് ഇപ്പോഴത്തെ പരിശോധനയും അവയുടെ ഫലങ്ങളും തുടർനടപടികൾ സംബന്ധിച്ച അവ്യക്തതയും തെളിയിക്കുന്നത്.
അഞ്ചുലക്ഷത്തിലധികം ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്തു പ്രവർത്തി ക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ കണക്ക്. അവയിൽ പകുതിയോളം മാത്രമേ ഭക്ഷ്യസുരക്ഷാവിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളു. അവയിൽത്തന്നെ വളരെക്കുറച്ച് സ്ഥാപനങ്ങൾക്കേ ലൈസൻസ് ഉള്ളു. പന്ത്രണ്ടുലക്ഷം രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽനിന്ന് ലൈസൻസ് നേടേണ്ടതുള്ളൂ. ചെറുവത്തൂർ ദുരന്തത്തിൽ ഉൾപ്പെട്ട സ്ഥാപനം അത്തരത്തിൽ നിബന്ധനയ്ക്ക് പുറത്താണ്. ഒരൊറ്റദിവസം അമ്പത്തിമൂന്ന്, ഏറെയും കൗമാരക്കാരായ ഇടപാടുകാർക്ക് ഭക്ഷ്യ വിഷബാധ ഏല്‍ക്കേണ്ടിവന്ന സ്ഥാപനം അത്തരത്തിൽ നിയന്ത്രണങ്ങൾക്ക് പുറത്താണെന്നത് അസ്വാഭാവികവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്. നഗര സമാനമായ കേരളത്തിൽ ഭക്ഷണ സംസ്കാരത്തിൽ വന്ന മാറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ചുകൂടാ. കോവിഡ് മഹാമാരിയുടെ കഴിഞ്ഞ രണ്ടുവർഷം കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ ഉണ്ടാക്കിയമാറ്റം ശ്രദ്ധേയമാണ്. പാകംചെയ്ത ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന ആഗോള വിതരണ ശൃംഖലകൾ തൊഴിൽരഹിതരുടെ നാട്ടിൽ വേരുറപ്പിച്ചതോടെ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് ഇനിയും പെരുകുന്ന പ്രവണതയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഹോട്ടൽ ഭക്ഷണം നക്ഷത്ര ഹോട്ടലെന്നോ തട്ടുകടയെന്നോ ഉള്ള വ്യത്യാസം കൂടാതെ ശുചിയും ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് പര്യാപ്തമായ നിയമ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുക പൗരന്റെ ജീവൻ സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ഭക്ഷണം പാകംചെയ്ത് വില്‍ക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല അപകടകരമായ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ. ഹോട്ടലുകൾക്കും ഭക്ഷ്യവസ്തുക്കൾ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കും അവയുടെ ഉല്പാദകർക്കും തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിയാനാവില്ല. വില്പനയ്ക്കുവയ്ക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ നിലവാരം ഉറപ്പുവരുത്താൻ പരിഷ്കൃത രാജ്യങ്ങളിൽ കർശന നിയമവ്യവസ്ഥയുണ്ട്. പൗരന്മാരുടെ ആരോഗ്യത്തിലും ജീവനിലും കരുതലും സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസിൽ ഒന്നായ വിനോദസഞ്ചാരത്തിനു ഊന്നൽ നൽകുന്നതുമായ കേരളത്തിന് സുരക്ഷിത ഭക്ഷണവും ശുചിത്വപൂർണമായ അന്തരീക്ഷവും ഒരുക്കിനൽകാൻ ബാധ്യതയുണ്ട്. നിയമനിർമ്മാണം, മതിയായ നിരീക്ഷണ സംവിധാനം എന്നിവക്കൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, വിതരണം, ഭക്ഷണം പാകംചെയ്തു വില്പന തുടങ്ങിയ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിയായ ശാസ്ത്രീയ പരിശീലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാർക്ക് തൊഴിൽനൽകുന്നതും സമ്പദ്ഘടനയിൽ സുപ്രധാനവുമായ ഒരു മേഖലയെ ശക്തിപ്പെടുത്താൻ ഉതകുന്ന നയപരിപാടികളും നിയമനിർമ്മാണവും അനിവാര്യവും അടിയന്തര പ്രാധാന്യവും അർഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.