
ഹിന്ദുത്വ അജണ്ടയില്‍ മുങ്ങി യുജിസിയുടെ കരട് പാഠ്യപദ്ധതി. നാല് വര്‍ഷ ബിരുദത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ (എല്‍ഒസിഎഫ്) യുജിസി ലോഗോയ്ക്കു പകരം സരസ്വതീദേവിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പാഠത്തിൽ സവർക്കറെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേദവ്യാസന്‍, മനു, കൗടില്യന്‍, നാരദന്‍ തുടങ്ങിയ ചിന്തകരെയും രാമായണവും സരസ്വതിദേവിയെയും പുതുതായി ഉള്‍പ്പെടുത്തി. രസതന്ത്രത്തെ കുറിച്ചുള്ള പാഠ്യപദ്ധതി ആരംഭിക്കുന്നത് സരസ്വതിയെ അഭിവാദ്യം ചെയ്തുകൊണ്ടാണ്. കൊമേഴ്സില്‍ കൗടില്യന്റെ അര്‍ത്ഥശാസ്ത്രം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
സ്വാതന്ത്ര്യ സമരത്തെ കുറിച്ച് മനസിലാക്കാന്‍ നിര്‍ബന്ധമായും വായിക്കേണ്ട ഒമ്പത് പുസ്തകങ്ങളില്‍ വി ഡി സവര്‍ക്കറുടെ ദ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ഉള്‍പ്പെടുത്തി. ദേശീയപ്രസ്ഥാനം എന്ന പാഠ്യഭാഗത്താണ് മഹാത്മാഗാന്ധി, ബാലഗംഗാധരതിലക് എന്നിവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യലിസ്റ്റുകളുടെ കൂട്ടത്തിലാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ‍്റുവിനെ ഉള്‍പ്പെടുത്തിയത്.
രംഗോലിയും കോലവും ക്ഷേത്ര വാസ്തുവിദ്യയും ആയാദി അനുപാതങ്ങളും ഗണിതശാസ്ത്ര കോഴ്സുകളില്‍ ഉള്‍പ്പെടുത്തും. ഗണിതശാസ്ത്രം, ജ്യാമിതി, ബീജഗണിതം, കാല്‍ക്കുലസ് എന്നിവയില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര ആശയങ്ങളുടെയും അവയുടെ സാംസ്കാരികവും ബൗദ്ധികവുമായ സന്ദര്‍ഭങ്ങളുടെ ചരിത്രപരമായ പുരോഗതി മനസിലാക്കുക, ആഗോള ഗണിത പാരമ്പര്യങ്ങളില്‍ ഇന്ത്യന്‍ ഗണിത സ്വാധീനം തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യമെന്നും പറയുന്നു.
കൗടില്യന്റെ അര്‍ത്ഥശാസ്ത്രം എന്ന പുസ്തകം വ്യാപാര നിയന്ത്രണങ്ങള്‍, സാമ്പത്തിക മാനേജ്മെന്റ്, ഗവേണന്‍സ് എന്നിവയെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ടെന്നും അവ ഇന്നും പ്രസക്തമാണെന്നും എല്‍ഒസിഎഫ് പറയുന്നു. കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്തം (സിഎസ്ആര്‍), സമകാലിക പരിസ്ഥിതി, സാമൂഹ്യ, ഭരണ ചട്ടക്കൂടുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ തുല്യനീതി ഭരണം വിഭാവനം ചെയ്യുന്ന രാമരാജ്യസങ്കല്‍പത്തിനുള്ള പര്യവേഷണം നടത്തുന്നത് നല്ലതാണെന്നും അവകാശപ്പെടുന്നു.
മാതൃകാ പാഠ്യപദ്ധതി തികച്ചും പ്രതിലോമകരവും ശാസ്ത്ര വിരുദ്ധവും സംഘപരിവാർ മുമ്പോട്ടു വെക്കുന്ന ഹിന്ദുത്വ ആശയ പരിസരത്തെ വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കാനുള്ള ബോധപൂർവ ശ്രമവുമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സംസ്ഥാനസർക്കാർ ഈ നിർദേശങ്ങളോടുള്ള വിയോജിപ്പ് വിശദമായി പഠിച്ച ശേഷം യുജിസിയെയും കേന്ദ്ര സർക്കാരിനെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.