
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത ഷരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ മുംബൈ കോടതിയുടെ ഉത്തരവ്.
ബംഗ്ലാദേശ് സ്വദേശിയായ പ്രതിയെ ഇന്ന് രാവിലെ താനെയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഷരിഫുള്‍ അനധികൃതമായി ഇന്ത്യയില്‍ കടന്നുകയറുകയും കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജോയ് ദാസ് എന്ന കള്ളപ്പേരില്‍ മുംബൈയില്‍ കഴിഞ്ഞ് വരികയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഷരിഫുള്‍ അനധികൃതമായാണ് ഇന്ത്യയില്‍ എത്തിയതെന്നും ഇയാളെ ആരൊക്കെയാണ് സഹായിക്കുന്നതെന്നും ആരാണ് ഇവിടെ എത്തിച്ചതെന്നും തങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. മുംബൈയില്‍ ആരൊക്കെയാണ് ഇയാളുടെ പരിചയക്കാര്‍ എന്നതിനെക്കുറിച്ച് കോടതിയും അന്വേഷണം നടത്തുകയാണ്.
54 കാരനായ നടന് ആക്രമണത്തില്‍ 6 മുറിവുകളുണ്ടായി. അതിലൊന്ന് നട്ടെല്ലിനോട് ചേര്‍ന്നാണ്. ആക്രമണത്തിനുപയോഗിച്ച കത്തി 3 ഭാഗങ്ങളായി ഒടിഞ്ഞിരുന്നെന്നും അതിലൊരു ഭാഗം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കത്തിയുടെ ഒരു കഷണം സെയ്ഫിന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു.
ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം രക്തക്കറ പുരണ്ടിരുന്നതിനാല്‍ ഷരിഫുള്‍ ഒളിപ്പിച്ചിരിക്കുകയാണോയെന്ന് സംശയമുള്ളതായും പൊലീസ് പറഞ്ഞു. ആ വസ്ത്രം വീണ്ടെടുത്താല്‍ മാത്രമേ രക്തസാമ്പിളുകള്‍ തമ്മില്‍ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
സെയ്ഫ് അലിഖാന്‍ താമസിക്കുന്ന ബാന്ദ്ര പ്രദേശത്ത് മറ്റ് നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്നതാണെന്നും അതിനാല്‍ അവിടെ കനത്ത സുരക്ഷ ഉണ്ടെന്നുമുള്ള കാര്യം പ്രതിക്ക് ബോധ്യമുണ്ടായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. എന്നിട്ടും നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ കഴിഞ്ഞെങ്കില്‍ അതിന് കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കള്ളമാണെന്നും ഒരു സെലിബ്രറ്റിക്കെതിരെ ആത്കമണം നടന്നതിനാലാണ് ഈ സംഭവം ഇത്രയധികം ശ്രദ്ധ നേടിയതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത്ര വിവാദമായ ഈ കേസില്‍ അയാളെ ബലിയാടാക്കുകയാണ് ചെയ്തതെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദിനേഷ് പ്രജാപതി, പ്രതിയില്‍ നിന്നും പ്രതിയെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അയാള്‍ ഒരു ബംഗ്ലാദേശ് സ്വദേശിയാണെന്ന് കാണിക്കുന്ന ഒരു രേഖകളും ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.