ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി തന്നെയാണോ കൃത്യം നടത്തിയതെന്ന് ഇനിയും ഉറപ്പാക്കാൻ കഴിയാതെ മുംബൈ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ തന്നെയാണോ കസ്റ്റഡിയിലുള്ള ഷെരീഫുള്‍ ഇസ്ലാമെന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് കോടതിയെ അറിയിച്ചു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതി തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ മുഖം തിരിച്ചറിയൽ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതിയുടെ കാൽപ്പാടുകളും സെയ്ഫ് അലി ഖാന്റെ വസതിയിൽ നിന്ന് കണ്ടെടുത്ത കാൽപ്പാടുകളും ഒത്തുനോക്കേണ്ടതുണ്ടെന്നും ഈ സമയം പ്രതി ധരിച്ചിരുന്ന ഷൂസ് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയുടെ ഒരു ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല, പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗ്ലാദേശ് സ്വദേശി തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെലീസ് വ്യക്തമാക്കി.
എന്നാല്‍ പ്രതിഭാഗം ഇതിനെ എതിര്‍ത്തുകൊണ്ട് നിരവധി സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചു. അക്രമം നടന്നപ്പോള്‍ സെയ്ഫ് എന്തുകൊണ്ട് പൊലീസിനെ വിളിച്ചില്ല എന്ന് പ്രതിഭാഗം ചോദിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നയാൾ തന്റെ മകനല്ലെന്ന പ്രതിയുടെ പിതാവും വ്യക്തമാക്കിയിരുന്നു. വ്യാജ തെളിവുണ്ടാക്കി കുടുക്കിയതാണെന്നും പിതാവ് ആരോപിച്ചു. അതീവ ഗുരുതരമായിട്ടും സെയ്ഫ് അഞ്ചാം നാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത് എങ്ങനെയാണെന്ന് അടക്കമുള്ള സംശയങ്ങളാണ് ഉയരുന്നത്. അതേസമയം പ്രതിയുടെ പൊലീസ് കസ്റ്റഡി ഈ മാസം 29 വരെ നീട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.