28 January 2026, Wednesday

നീതിയില്ല; കായികരംഗം വിട്ട് വനിതാ ഗുസ്തിതാരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2023 7:06 pm

രാജ്യത്തിന്റെ കായികരംഗത്തിന് വീണ്ടും വേദനയായി വനിതാ ഗുസ്തിതാരങ്ങളുടെ കണ്ണീര്‍. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് അടക്കമുള്ള വനിതാ താരങ്ങള്‍ ഗുസ്തിരംഗം വിട്ടു. ഫെഡറേഷന്‍ മുൻ തലവനും ലൈംഗീക പീഡന കേസിൽ ആരോപണവിധേയനുമായ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ സഹായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ കായികരംഗത്തെ ഞെട്ടിച്ച നടപടി. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ തുടങ്ങിയവരും തെരഞ്ഞെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ചു.

12 വർഷമായി ഡബ്ല്യുഎഫ്‌ഐ തലവനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ദീർഘകാല സഹായിയാണ് സഞ്ജയ് സിങ്. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി സാക്ഷി മാലിക് ഉൾപ്പെടെയുള്ള മുൻനിര താരങ്ങള്‍ ആരോപിച്ചിരുന്നു. തുടർന്ന് ബ്രിജ് ഭൂഷണ് സ്ഥാനം ഒഴിയേണ്ടി വന്നു. വിവാദങ്ങള്‍ക്കൊടുവില്‍ പലതവണ മാറ്റിവച്ച ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സഞ്ജയ് സിങ് 40 വോട്ടുകൾ നേടിയപ്പോള്‍ അനിത ഷിയോറന് ഏഴു വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

സഞ്ജയ് സിങ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, വനിതാ ഗുസ്തിക്കാർക്ക് നേരെയുള്ള പീഡനം തുടരുമെന്ന് വിനേഷ് ഫോഗട്ട് കണ്ണീരോടെ പ്രതികരിച്ചു. ഈ രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് അറിയില്ല. ഞങ്ങളുടെ ഗുസ്തി ജീവിതത്തിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് അറിയില്ലെന്നും വിനേഷ് പറഞ്ഞു.

തങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് പുനിയ പറഞ്ഞു. ഞങ്ങൾ സത്യത്തിന് വേണ്ടി പോരാടി, പക്ഷേ പുതിയ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ സഹായിയും ബിസിനസ് പങ്കാളിയുമാണെന്നും അക്കാരണത്താല്‍ ഗുസ്തി ഉപേക്ഷിക്കുന്നതായും സാക്ഷി മാലിക് തന്റെ ബൂട്ട് മേശപ്പുറത്ത് വച്ചുകൊണ്ട് പറഞ്ഞു.

Eng­lish Sum­ma­ry: Sak­shee Malikkh quit wrestling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.