രണ്ടു ലിറ്റർ ലിക്വിഡ് ഡിറ്റർജെന്റിന്റെ വിലയ്ക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച പരസ്യം നൽകി വിൽപ്പന നടത്തിയെന്ന പരാതിയിൽ കോട്ടയം ജില്ലാ ഉപഭോക്തൃകാര്യ തർക്കപരിഹാര കമ്മിഷൻ ഏരിയൽ ലിക്വിഡ് ഡിറ്റർജെന്റിന്റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു.
കോട്ടയം സ്വദേശിയായ അഭിഭാഷകൻ ആർ. രാഹുലിന്റെ പരാതിയിലാണ് നടപടി. 2.5 ലിറ്റർ ഏരിയൽ ഫ്രണ്ട് ലോഡ് മാറ്റിക് ലിക്വിഡ് ഡിറ്റർജെന്റ് 605 രൂപയ്ക്കാണ് ഹോമ് ലി സ്‌മാർട്ട് എന്ന കടയിൽ നിന്ന് രാഹുൽ കഴിഞ്ഞ സെപ്റ്റംബർ 17ന് വാങ്ങിയത്. രണ്ടു ലിറ്റർ ബോട്ടിലിൽ പരമാവധി വിൽപ്പന വില 604 രൂപയായും ഒരു ലിറ്ററിന് 302.50 രൂപയാണെന്നും പ്രിന്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അതേ കടയിൽ നിന്ന് ഇതേ ഉത്പന്നത്തിന്റെ ഒരു ലിറ്റർ 250 രൂപയ്ക്കു വാങ്ങി. ഇതേ തുടർന്നാണ് അനധികൃത വ്യാപാരനയം പിന്തുടർന്ന് ഏരിയൽ ഡിറ്റർജന്റ് നിർമാതാക്കൾ ഉപഭോക്താക്കളിൽനിന്ന് വൻതുക അനധികൃതമായി സമ്പാദിക്കുന്നതായി ആരോപിച്ച് രാഹുൽ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
കമ്മിഷൻ നടത്തിയ പരിശോധനയിൽ ഒരേ ഗുണനിലവാരവും തൂക്കവും നിറവുമുള്ള ഉത്പന്നം വ്യത്യസ്തമായ പരമാവധി വിലയ്ക്ക് പ്രോക്ടർ ആൻഡ് ഗാമ്പിൾ വിൽപ്പന നടത്തിയതായും ഇരട്ടവില നിർണയം എന്ന നിയമലംഘനം നടത്തിയതായും കണ്ടെത്തി. ഒരു ലിറ്ററിന് 250 രൂപയ്ക്ക് വിൽക്കുന്ന ഉൽപ്പന്നം രണ്ടു ലിറ്റർ 605 രൂപയ്ക്ക് വാങ്ങുമ്പോൾ 500 മില്ലിലിറ്റർ സൗജന്യമായി ലഭിക്കുമെന്ന് ബോട്ടിലിൽ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തിയതിലൂടെ അനുചിത വ്യാപാരനയം സ്വീകരിച്ച് വൻതുക പൊതുജനത്തിൽനിന്ന് അന്യായമായി നേടിയെടുത്തതായും കമ്മിഷൻ കണ്ടെത്തി. തുടർന്ന് പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സ് ഒരു ലക്ഷം രൂപ പിഴയായി സംസ്ഥാന കൺസ്യൂമർ വെൽഫെയർ ഫണ്ടിൽ അടയ്ക്കാൻ അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവായി.
ഹർജിക്കാരനായ രാഹുലിന് അധികമായി ഈടാക്കിയ 105 രൂപ ഒൻപത് ശതമാനം പലിശ സഹിതവും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 2000 രൂപയും നൽകാനും ഉത്തരവായി. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നതിൽനിന്ന് പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിനെ കമ്മിഷൻ വിലക്കി.
English Summary: Sales by misleading advertising; A fine of Rs 1 lakh on aerial liquid detergent manufacturers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.