22 December 2024, Sunday
KSFE Galaxy Chits Banner 2

സമത്വവാദി

Janayugom Webdesk
ചവറ കെ എസ് പിള്ള
February 19, 2023 7:00 am

രേ ഒരു പുളിമാനയെന്ന് പുളിമാന പരമേശ്വരന്‍പിള്ള എന്ന സകലകലാവല്ലഭനെ വിശേഷിപ്പിച്ചത് മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി ആയിരുന്നു. കവി, കഥാകാരന്‍, നാടകകൃത്ത്, പ്രബന്ധകാരന്‍, വിമര്‍ശകന്‍, ഗായകന്‍, അഭിനേതാവ്, പ്രാസംഗികന്‍ അങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട്. നാല്പതുകളില്‍ അദ്ദേഹം എഴുതിത്തുടങ്ങിയപ്പോള്‍തന്നെ ശ്രദ്ധേയനായിരുന്നു. അക്കാലത്തെ മുന്‍നിര സാഹിത്യകാരന്മാരായ തകഴി, പി കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എസ് കെ പൊറ്റെക്കാട്ട്, ലളിതാംബിക അന്തര്‍ജ്ജനം, കാരൂര്‍ നീലകണ്ഠപിള്ള എന്നിവര്‍ക്കൊപ്പം പുളിമാനയുമുണ്ടായിരുന്നു. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ഉറ്റമിത്രമായിരുന്നു. പുളിമാനയുടെ എഴുത്തിനെ പ്രകീര്‍ത്തിച്ച ചങ്ങമ്പുഴ എഴുതിയിട്ടുള്ള ചില കത്തുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വലിയൊരു സുഹൃദ്‌വലയത്തിന്റെ ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രൊഫ. എന്‍ കൃഷ്ണപിള്ള, എസ് ഗുപ്തന്‍ നായര്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍, നാഗവള്ളി, തിക്കുറിശി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ അദ്ദേഹത്തിന്റെ സമകാലികരായിരുന്നു.
കൊല്ലം ജില്ലയില്‍ ചവറയില്‍ പുളിമാന വീട്ടില്‍ 1915 സെപ്റ്റംബര്‍ എട്ടിന് ജനിച്ച പുളിമാന പരമേശ്വരന്‍ പിള്ളയുടെ പിതാവ് കൊറ്റാടിയില്‍ ശങ്കരപിള്ളയും മാതാവ് കുഞ്ഞിപ്പിള്ള അമ്മയുമായിരുന്നു. മൂന്നും പെണ്ണും രണ്ട് ആണും ഉള്‍പ്പെടെ അഞ്ച് പേരില്‍ മൂന്നാമന്‍. തട്ടാശേരിയില്‍ ആശാന്‍ എന്ന് വിളിച്ചിരുന്ന നിലത്തെഴുത്ത് ആശാനാണ് വിദ്യാരംഭം കുറിച്ചത്. കാമന്‍കുളങ്ങര എല്‍പി സ്കൂളില്‍ നിന്നും ശങ്കരമംഗലം ഹെെസ്കൂളിലെത്തി. ഹെെസ്കൂള്‍ പഠനകാലത്തുതന്നെ എഴുതിത്തുടങ്ങി. പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആ വിദ്യാര്‍ത്ഥിയില്‍ നെെസര്‍ഗികമായ കലാവാസനകള്‍ നാമ്പിടുകയായിരുന്നു.

ഗണപതിക്കുറിപ്പുകള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. ഒരു ദിവസം അച്ഛനാണ് കണ്ടെത്തിയത്. മേശയില്‍ സൂക്ഷിച്ചിരുന്ന കവിത അച്ഛനിഷ്ടപ്പെട്ടു. ആ പിതൃഹൃദയം സന്തോഷിച്ചു. അദ്ദേഹം മകന്റെ കവിത മറ്റുള്ളവരെ വായിച്ചു കേള്‍പ്പിച്ചു. പരമേശ്വരന്‍ പിള്ളയ്ക്ക് അതൊരു പ്രോത്സാഹനമായിരുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലായിരുന്നു ഉപരിപഠനം. കോളജ് പഠനകാലത്ത് രണ്ട് ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. സാമ്പത്തിക സമൃദ്ധിയും സാമ്പത്തിക പ്രതിസന്ധികളും. എല്ലാറ്റിനെയും അതിജീവിക്കാന്‍ കഴിയുന്നത് സ്വതസിദ്ധമായ തന്റേടമായിരുന്നു. അകത്തെ കനല്‍ച്ചൂടിലും പുറത്ത് ചിരിപ്പൂക്കള്‍ പൊഴിച്ചു. രോഗാവസ്ഥയാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത കൊല്ലം പരീക്ഷയെഴുതി. ചോദ്യപേപ്പര്‍ മാറിയെഴുതിയ ആ പരീക്ഷയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ബി എ ഓണേഴ്സിനെഴുതി റെക്കമെന്‍ഡഡ് ബി എ ബിരുദം കിട്ടി. പിന്നീട് ബോംബെയിലെത്തിയ പുളിമാന എല്‍എല്‍ബിക്ക് ചേര്‍ന്നു. എന്നാല്‍ അതും സുഗമമായില്ല.

നാട്ടില്‍ വച്ചുതന്നെ ക്ഷയരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പുളിമാനയില്‍ കണ്ടുതുടങ്ങിയിരുന്നു. ബോംബെയിലെ യാന്ത്രികജീവിതം കൂടിയായപ്പോള്‍ രോഗം വര്‍ധിച്ചു. രോഗാതുരനായ അദ്ദേഹം തകര്‍ന്ന മനസോടെ നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ പുളിമാനയ്ക്ക് വിദഗ്ധ ചികിത്സ ലഭിച്ചതോടെ ഊര്‍ജ്ജസ്വലനായി. വീണ്ടും എഴുത്തിലും വായനയിലും സജീവമായി. കലാ-സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പ്രസംഗവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ബിഎല്ലിന് തിരുവനന്തപുരത്ത് ചേര്‍ന്നെങ്കിലും പരീക്ഷ ആയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചു. പരീക്ഷയില്‍ പങ്കെടുത്തില്ല. രോഗശമനത്തോടെ താമസം കിഴക്കേ കല്ലടയിലേക്ക് മാറ്റി. ഇടവേളയ്ക്ക് ശേഷം നാഗര്‍കോവിലിലെ ക്ഷയരോഗാശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായിരിക്കെ 1948 ഫെബ്രുവരി 22ന് അന്ത്യം സംഭവിച്ചു. മൃതദേഹം വഹിച്ചുവന്ന ആംബുലന്‍സ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ മലയാളം ഡിപ്പാര്‍ട്ടുമെന്റിന് മുന്നില്‍ നിര്‍ത്തി പഠിപ്പിച്ച പഴയ ഗുരുനാഥന്‍മാരും പില്‍ക്കാലത്ത് അവിടെ അധ്യാപകരായിത്തീര്‍ന്ന സതീര്‍ത്ഥ്യരും ആരാധകരും പുളിമാനയെ ഒരു നോക്കു കണ്ടു. ആ ശുശ്രൂഷയില്‍ പങ്കെടുത്ത അന്നവിടെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്ന ഒഎന്‍വി കുറുപ്പ് ആ സംഭവത്തിന് സാക്ഷിയായിരുന്നു.

പുളിമാന എഴുതുന്നതെന്തും വായിക്കാന്‍ താല്പര്യമുള്ള ഒരു വായനാ സമൂഹം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍. അതിഭാവുകത്വത്തിലേക്ക് പോകാവുന്ന മുഹൂര്‍ത്തങ്ങളെപോലും ഒതുക്കത്തോടെ വികാരസാന്ദ്രമാക്കുന്ന രചനാപാടവം തെളിയിക്കുന്ന കഥകള്‍. ആത്മാവിന്റെ വിലോലതന്ത്രികളില്‍ സംഗീതമുണര്‍ത്തുന്ന ഭാവചിത്രങ്ങളുടെ കവിതകള്‍. ചിന്തകള്‍ക്ക് തീപിടിപ്പിക്കുന്ന പുരോഗമന ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് ക്ഷണിക്കുന്ന ലേഖനങ്ങള്‍. നാടകീയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് സമ്പന്നമായ ചിന്തോദ്ദീപകങ്ങളായ നാടകങ്ങള്‍. പഠനാവഹങ്ങളായ വിമര്‍ശനങ്ങള്‍.
പ്രമേയഗൗരവവും ശില്പ സൗഭാഗ്യവും കൊണ്ട് അനുഗ്രഹീതമാണ് പുളിമാന കഥകള്‍. ആധുനിക കഥാസങ്കേതത്തിന്റെ നിര്‍ശനങ്ങളാണ് മിക്ക കഥകളും. പുളിമാന കഥകളുടെ പ്രത്യേകതകളെപ്പറ്റി പ്രൊഫ. എന്‍ കൃഷ്ണപിള്ള ഇങ്ങനെ നിരീക്ഷിക്കുന്നു;
‘പ്രാമാണികങ്ങള്‍ എന്ന് പല നാളായി കരുതിപ്പോന്ന വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും പിടിച്ചുനിര്‍ത്താന്‍ ചിലപ്പോള്‍ അവയുടെ ജീര്‍ണിച്ച വേരുകളെക്കൂടി പറിച്ചെടുത്ത് കാണിക്കാന്‍ ധെെര്യമുള്ള ഒരു കയ്യും അത്യന്തം മൃദുലങ്ങളായ ഭാവങ്ങളെപ്പോലും മായാത്ത മനോഹാരിതയില്‍ പൊതിഞ്ഞ്, അനുഗ്രഹീതമായ ലാഘവവും സൂക്ഷ്മതയും പ്രയോഗിച്ച് ചെെതന്യം നിറച്ച് അവതരിപ്പിക്കുന്ന ഒരു തൂലികയും ഓരോ കഥയുടെ പിന്നിലുമുണ്ട്. ‘ദുഃഖപര്യവസായിയായ കഥകള്‍ മാത്രമെ രചിക്കുവാന്‍ സാധിക്കുകയുള്ളോ?’ എന്ന് പലരും പുളിമാനയോട് ചോദിക്കുമായിരുന്നു. തന്റെ ജീവിതത്തോടുതന്നെ ചോദിക്കേണ്ട ചോദ്യമാണെന്നതായിരുന്നു മറുപടി. മറവിയുടെ കുപ്പക്കൂടയിലേക്ക് നാം വലിച്ചെറിഞ്ഞു കളയാറുള്ള സംഭവങ്ങളാണ് തന്റെ കഥയ്ക്ക് ബീജാവാപം ചെയ്യുന്നതെന്ന് പുളിമാനം, തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഒരുവള്‍! അവള്‍ മാത്രം ഇതു വായിച്ചാല്‍ മതി. അതു പക്ഷെ! അവളായിരിക്കണം. അജ്ഞാതയായ ആ കാമിനി.” പുളിമാനയുടെ പ്രേമകഥയുടെ വ്യത്യസ്ഥതയും വ്യക്തിത്വവും തെളിയുന്ന ആവിഷ്കരണ രീതിക്ക് എത്രയെത്ര ഉദാഹരണങ്ങള്‍ ആ കഥകളില്‍ കണ്ടെത്താം.
പുളിമാനയുടെ പ്രശസ്തികളില്‍ മറ്റൊന്നാണ് ‘എന്‍ജിന്‍ ഡിസാ‍ട്ടര്‍’. കിഴക്കേക്കല്ലടയിലെ താമസക്കാലത്തായിരുന്നു ഇതിന്റെ രചന. കടപുഴ കടവിന്റെ പശ്ചാത്തലത്തിലാണ് കഥ. കല്ലടയാറും കടപുഴ കടവും ആറ്റുതീരത്തെ പരുത്തിക്കാടും അക്കരയ്ക്കിക്കരയ്ക്കുള്ള യാത്രക്കാരും കടവിലെ ചായപീടികയും ചായയ്ക്ക് എത്തുന്നവരും കടത്തുവള്ളങ്ങളും വള്ളക്കാരുമൊക്കെ മിഴിവുള്ള ചിത്രങ്ങളാണ്. കൊച്ചു കൊച്ചു കാര്യങ്ങള്‍ കൊണ്ട് ഒരു വലിയ കഥ എങ്ങനെയുണ്ടാക്കാമെന്നതിന് തെളിവാണ് ‘എന്‍ജിന്‍ ഡിസാ‍ട്ടര്‍’. അതിഹൃദ്യമായ ആവിഷ്കരണം, സുതാര്യമായ ഭാഷ, ആകര്‍ഷകമായ ശില്പഭംഗി എല്ലാംകൊണ്ടും മികച്ച കഥ.
കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘പ്രഭാതം’ വിശേഷാല്‍ പ്രതിയിലാണ് അനുഭവങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചു കണ്ടത്. ശങ്കരമംഗലം ജങ്ഷനില്‍ തണല്‍ വിരിച്ചുനിന്നിരുന്ന പടര്‍ന്നു പന്തലിച്ച കൂറ്റന്‍ അരയാല്‍, ഹെെസ്കൂള്‍, കാമന്‍കുളങ്ങര ക്ഷേത്രം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കഥ വളരുന്നത്. തീവ്രാനുരാഗത്തിന്റെ ചൂടുള്ള കഥ സ്വപ്നങ്ങളുടെ വര്‍ണ പുഷ്പങ്ങളിലെ മോഹഭംഗങ്ങളുടെ കരിനിഴലിന്റെ സൗന്ദര്യം ഈ കഥയ്ക്ക് ചാരുതയേകുന്നു. കവിത തുളുമ്പുന്ന ഭാഷ. മികച്ച കഥാകാരന്റെ മികച്ച കഥ. അനുഭവങ്ങളുടെ അനുഭൂതി സാന്ദ്രമായ കഥ.

സമത്വവാദി: ഒരു ഭാവാത്മക നാടകം

പുളമാനയുടെ പ്രസിദ്ധീകൃതമായ പ്രസിദ്ധ നാടകമാണ് സമത്വവാദി. 1944ല്‍ ആണ് ആദ്യ പ്രസിദ്ധീകരണം. അന്നേപ്പോലെതന്നെ ഇന്നും നമ്മുടെ നാടകസാഹിത്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഭാവാത്മകമായ (എക്സ്പ്രഷനിസ്റ്റ്) നാടകം എന്ന ബഹുമതി സമത്വവാദിക്ക് അവകാശപ്പെട്ടതാണ്. മലയാള നാടകത്തിലെ ആധുനികത സമത്വവാദിയില്‍ നിന്നാണ് ആരംഭിക്കുന്നത്. പ്രഭുത്വം ജീര്‍ണിച്ചു തുടങ്ങി എന്ന പുളമാനയുടെ ഉറച്ച വിശ്വാസമായിരുന്നു സമത്വവാദിയുടെ രചനയ്ക്കു പിന്നില്‍. നാടകകൃത്തുതന്നെ ഇത് വ്യക്തമാക്കുന്നു.
“ഇതാണ് ഞാന്‍ ചെയ്തത്. ഈ അരിസ്റ്റോക്രസി ഉണ്ടല്ലോ അതിനെ ഒരുപിടി മണ്ണുവാരി തറയിലിട്ടു ചികഞ്ഞു നോക്കുന്നതുപോലെ ഉദാസീനമായി. പക്ഷേ, ഒരു ദാക്ഷിണ്യവുമില്ലാതെ ഞാന്‍ പരിശോധിച്ചു. അത്രേയുള്ളു.” പ്രഭുത്വത്തെ എതിര്‍ക്കാനും നശിപ്പിക്കാനും മുന്നോട്ടുവരുന്ന പുരോഗമനേച്ഛുവിനെയാണ് സമത്വവാദിയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്.
പുളിമാന സ്മാരക സമിതിയാണ് പിന്നീട് കിഴക്കേ കല്ലടയിലും തിരുവനന്തപുരത്തും ചവറയിലും നാടകാവതരണത്തിന് അവസരമൊരുക്കിയത്. ഡോ. വയലാ വാസുദേവപിള്ള സംവിധാനം ചെയ്ത് ഒരു വിദഗ്ധ കലാസംഘമാണ് സമത്വവാദി അവതരിപ്പിച്ചത്.

അറുപത്തിനാല് പേജില്‍ ഉള്‍ക്കൊള്ളുന്ന ഏഴു കഥാപാത്രങ്ങളുള്ള ഈ ചെറിയ നാടകത്തെപ്പറ്റി നാടകാചാര്യനായ പ്രൊഫ. എന്‍ കൃഷ്ണപിള്ള ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“കാഴ്ചയില്‍ തീരെ ചെറിയ ആകൃതി. പുളിമാനയുടെ സാഹിത്യ ജീവിതത്തിലെ ജയസ്തംഭമെന്നതുപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗദീപവുമാണ്. ഭാവാത്മക പ്രസ്ഥാനം എന്ന കലാസങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും അതിവിദഗ്ധമായി ആവിഷ്കരിച്ചതും സമത്വവാദിയുടെ കര്‍ത്താവാണ്. വേറൊരു ഭാവാത്മക നാടകം ഇതുവരെ സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല. ദുഷിച്ചു നാറിയ ഫലിത ചെളിക്കുണ്ടില്‍ നിന്നും തൊട്ടാവാടി പ്രേമത്തിന്റെ പേക്കൂത്തില്‍ നിന്നും മലയാള നാടകം രക്ഷപ്പെട്ടു. മഹനീയമായ ഒരു ഭാവിയിലേക്ക് കണ്ണുകളുയര്‍ത്തി നോക്കിനില്‍ക്കുന്ന ഒരു ചിത്രമാണ് സമത്വവാദി വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക.” ഒരൊറ്റ നാടകം കൊണ്ടുതന്നെ മലയാള നാടക സാഹിത്യചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അനശ്വരനായ പുളിമാനയെ പ്രൊഫ. എസ് ഗുപ്തന്‍ നായര്‍ ഇങ്ങനെ വിലയിരുത്തുന്നു:
“സമത്വവാദി മലയാളത്തില്‍ ഒരു പുതുമയായിരുന്നു. പുളിമാനയുടെ ‘സിനിസിസ’ ത്തിനു യോജിച്ച കഥയും സംഭാഷണവും. പുളിമാന അവസാനിപ്പിച്ചിടത്തുനിന്നാണ് സി ജെ തോമസ് നാടകരചന ആരംഭിച്ചത്. പുളിമന ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സി ജെയെക്കാള്‍ വലിയ നാടകകൃത്താകുമായിരുന്നു എന്നാണ് എന്റെ അഭ്യൂഹം.”

നാടകകൃത്തും കഥാകാരനുമായ പുളിമാന കവികൂടിയായിരുന്നു. ഉറ്റമിത്രമായിരുന്ന ചങ്ങമ്പുഴയുടെ ഒരു കൃതിക്ക് പുളിമാന അവതാരിക എഴുതിയിട്ടുണ്ട്. രാക്കുയില്‍, പരാജിതന്‍, വിധവ, പരാജിതന്റെ അവകാശം, സ്മാരകം, ആശംസ, ദീവിതം തുടങ്ങി പതിനാല് കവിതയും പുളിമാന കൃതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുളിമാന ഏറ്റവും ഒടുവില്‍ എഴുതിയ കവിതയാണ് കപ്പിത്താന്റെ വിളി. കൂടുതല്‍ ശക്തിയും ആശയദൃഢതയും ലക്ഷ്യബോധവും മുന്നിട്ട് നില്‍ക്കുന്ന കവിതയാണിത്. കാലരഥം പിന്നോട്ടല്ല എപ്പോഴും മുന്നോട്ടാണ് കുതിക്കുന്നത്. കര്‍മ്മ രംഗത്ത് എന്തെന്തു പരാജയങ്ങള്‍ ഏറ്റുവാങ്ങിയാലും ഒരിക്കലും പിന്‍വാങ്ങാന്‍ പാടില്ല എന്ന് കവി ഉദ്ബോധിപ്പിക്കുന്നു.
പിന്‍വാങ്ങയോഭീരു! പിന്‍വാങ്ങിയോ നിന്റെ
ചെഞ്ചോരനക്കിക്കുടിക്കുമീഭീരുത
എങ്ങുനിന്‍ ചെങ്കൊടി? നിന്നവകാശത്തില്‍
സംഗരചിഹ്നം ഉയര്‍തതിപ്പിടിക്കു നീ
നിന്‍ വാളുമിന്നട്ടെ ഈ ജന്മ ഭൂമിയില്‍
നിന്‍ മേഘനാദം മുഴങ്ങട്ടെ മേല്‍ക്കുമേല്‍
പിന്‍വാങ്ങയോ? പോകൂ! മുന്നോട്ടു’ ജീവിതം
വെമ്പിക്കുതിക്കട്ടെ ലക്ഷ്യമെത്തീടുവാന്‍…
അവകാശ സമരങ്ങളുടെ അടയാളമായ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു അരിവാളുമിന്നി ജ്വലിപ്പിച്ചും മേഘനാദം മുഴക്കിയും ലക്ഷ്യത്തിലേക്ക് കുതിക്കുവാന്‍ പറഞ്ഞിരിക്കുന്നതിലൂടെ പുളിമാനയുടെ വിപ്ലവ ബോധവും പുരോഗമന ത്വരയും സമരാവേശവും വ്യക്തമാകുന്നു.

കര്‍ഷക സംഘടാകന്‍
കിഴക്കേ കല്ലടയിലെ താമസക്കാലത്താണ് പുളിമാന തന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക കൃതികളും രചിച്ചത്. എഴുത്തുകാരന്‍ എന്ന പേരില്‍ അടച്ചുമൂടിയ മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടിയ വ്യക്തിയല്ലാതായിരുന്നു പുളിമാന. ചവറയിലെ പോലെ ഇവിടെയും അദ്ദേഹം സമൂഹവുമായി ബന്ധപ്പെട്ടിരുന്നു. ജനജീവിതം ശ്രദ്ധിച്ചിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുള്ള കാലം. രാജഭരണത്തിന്റെ നന്മയും തിന്മയും നടമാടുന്ന കാലം. ജന്മി മുതലാളിത്ത ദുഷ്പ്രഭുത്വത്തിന്റെ വാഴ്ച. ‘പെറ്റമണ്ണില്‍ പാടുപെട്ടു ചത്തടിഞ്ഞ തലമുറ’യുടെ പിന്മുറക്കാരായ നിസ്വവര്‍ഗത്തിന്റെ നിസഹായതയെ ചൂഷണം ചെയ്യുന്ന അധികാരത്തിന്റെ ചാട്ടവാറടികള്‍. പ്രതിഷേധം മനസില്‍ ഉണ്ടെങ്കിലും പ്രകടിപ്പിക്കാന്‍ കഴിയാത്ത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. അസംഘടിതരുടെ സംഘശക്തി തിരിച്ചറിയാത്തവര്‍. കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ഒന്നും തന്നെ രൂപംകൊണ്ടിട്ടില്ല. നേതൃത്വപരമായ പങ്കുവഹിക്കാന്‍ ആരും കടന്നുവന്നിട്ടില്ല. അത്തരമൊരു സാമൂഹിക പരിതോവസ്ഥയിലാണ് കിഴക്കേ കല്ലടയില്‍ ആദ്യമായി ഒരു കര്‍ഷക സംഘം രൂപം കൊണ്ടത്. പുളിമാനയാണ് അതിനു നേതൃത്വം കൊടുത്തത്. അതൊരു അത്ഭുതമായിരുന്നു. കാരണം പുളിമാനയെ പോലുയുള്ള ഒരു ജന്മി കുടുംബാംഗം ഒരിക്കലും അക്കാലത്ത് ഇതിന് പുറപ്പെടില്ല. പുളിമാനയുടെ കര്‍ഷക സംഘടന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞിരുന്ന വെന്മന .….….….……വാസുപിള്ള ഈ ലേഖകനോട് പറഞ്ഞിരുന്നു: “കല്ലടക്കാര്‍ക്കു മാത്രമല്ല, അറിഞ്ഞവര്‍ക്കെല്ലാം അതിശയമായിരുന്നു. ഒരു പ്രഭുകുമാരനായ പരമേശ്വരന്‍ പിള്ള കര്‍ഷകരുടെ രക്ഷകനായിരിക്കുന്നു. കര്‍ഷകരെ അദ്ദേഹം സംഘടിപ്പിച്ചു. ഒരു യൂണിയനും ഉണ്ടായിട്ടില്ലാത്ത കാലമാണെന്നോര്‍ക്കണം. ജന്മിമാര്‍ക്ക് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും കര്‍ഷക സംഘം പ്രവര്‍ത്തനങ്ങള്‍ സജീവമക്കിയപ്പോള്‍ അദ്ദേഹം കര്‍ഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും നിവേദന പത്രികയാക്കി അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് സമക്ഷം സമര്‍പ്പിച്ചു. അക്കാലത്ത് അതൊരു വലിയ സംഭവമായിരുന്നു. സാഹിത്യകാരനും കവിയുമായിരുന്ന പുളിമാന പരമേശ്വരന്‍ പിള്ളയ്ക്ക് കിഴക്കേ കല്ലടയിലെ പ്രഥമ കര്‍ഷക സംഘാടകന്റെ തൊപ്പിയുള്ള കാര്യം ആര്‍ക്കും അറിയില്ല.

പുളിമാനയെ തന്റെ തലമുറയോ പിന്‍തലമുറയോ വേണ്ടും വിധം മനസിലാക്കിയോ? അംഗീകരിച്ചോ? ആദരിച്ചോ? സുഹൃത്തുക്കളും പരിചിത സഹൃദയരും സ്നേഹിച്ചിരുന്നു. ആരാധിച്ചിരുന്നു. ‘സമത്വവാദി’ നാടകം നമ്മുടെ കലാശാലകളില്‍ പലപ്പോഴും ഉപപാഠ പുസ്തകമായിരുന്നതിനാല്‍ ആ നാടകത്തെ അപൂര്‍വം ആരാധകര്‍ കൊണ്ടാടുന്നു. ഇടക്കാലത്ത് രൂപംകൊണ്ട പുളിമാന സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ (ഈ ലേഖകന്‍ സെക്രട്ടറിയും അന്തരിച്ച കവി ഡി വിനയചന്ദ്രന്‍ പ്രസിഡന്റും) ചവറയിലും കിഴക്കേ കല്ലടയിലും ചില അനുസ്മരണ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. പ്രൊഫ. എന്‍ കൃഷ്ണപിള്ള, പ്രൊഫ എസ് ഗുപ്തന്‍ നായര്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ഒഎന്‍വി കുറുപ്പ്, ഡി വിനയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആ മഹാ സമ്മേളനം ഒരു സംഭവം ആയിരുന്നു. ചവറയില്‍ ഒടുവില്‍ നടന്ന അനുസ്മരണ പ്രഭാഷണം നടത്തിയത് പ്രൊഫ. ജി ശങ്കരപ്പിള്ള ആയിരുന്നു. ചവറ വികാസ് പുളിമാന സ്മാരക പ്രഭാഷണങ്ങള്‍ നടത്തിവരുന്നു.
പുളിമാനയുടെ സമ്പൂര്‍ണ കൃതികളുടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ പലതും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പരിശ്രമം തുടരുന്നു.
പുളിമാന എന്ന പുളിമാന പരമേശ്വരന്‍ പിള്ളയുടെ എഴുപത്തിയഞ്ചാമത് ചരമവാര്‍ഷിക ദിനം ഫെബ്രുവരി ഇരുപത്തി രണ്ടിന് വിപുലമായ പരിപാടികളോടെ ചവറയില്‍ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.