കാളിദാസ കവിയുടെ സർഗഭൂമിയായ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്ന് ജ്ഞാനപീഠ ജേതാവ് എം ടി ക്ക് ആദരം. ഉജ്ജയിനിയിൽ നിന്ന് ശ്രീരാം ദവെ എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന ഹിന്ദി മാസിക സമാവർത്തന്റെ എം ടി വിശേഷാല്‍ പതിപ്പായി പുറത്തിറങ്ങിയ പുതിയ ലക്കം മലയാളികള്‍ക്ക് അഭിമാനമാകുകയാണ്. ചെറുകഥ, നോവല്‍, തിരക്കഥ, നാടകം, ഉപന്യാസം, പഠനം, യാത്രാ വിവരണം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിങ്ങനെ വിശാലമായി കിടക്കുന്ന എം ടിയുടെ രചനാ ലോകം ഉത്തരേന്ത്യന്‍ വായനക്കാര്‍ക്ക് കൂടുതലായി പരിചയപ്പെടുത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മാസികയുടെ ഇത്തരമൊരു ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. നാലുകെട്ടും രണ്ടാമൂഴവും വരാണസിയുമെല്ലാം വിവിധ ലേഖനങ്ങളിലായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
എം ടിയുടെ കഥകൾ, സംഭാഷണങ്ങൾ, ലേഖനങ്ങൾ, ആമുഖ കുറിപ്പുകൾ എന്നിവയെല്ലാം മാസികയിൽ ചേർത്തിട്ടുണ്ട്. അക്കിത്തം, കെ സച്ചിദാനന്ദൻ എന്നിവർ എംടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളും മാസികയിലുണ്ട്. ഡോ. ആർസു, ഡോ. പി കെ രാധാമണി, ഡോ. ശ്രീജ പ്രമോദ്, കെ പി സുധീര, ഗോപി പുതുക്കോട്, ഡോ. ശബാന ഹബീബ്, ഡോ. പി ഐ മീര, ഡോ. സി എസ് ശ്രീകുമാരി, ഡോ. എം കെ പ്രീത, ഡോ. ഷീന ഈപ്പൻ, ഡോ. ഒ വാസവൻ, പ്രസന്നകുമാരി ഡോ. യു എം രശ്മി, എന്നിവരുടെ ലേഖനങ്ങളും വിവർത്തനങ്ങളും ഈ പ്രത്യേക പതിപ്പിന്റെ വിശേഷതകൾ ആണ്. എംടിയുടെ സാഹിത്യ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ അടയാളപ്പെടുത്തുന്ന ഫോട്ടോകളും രചനകളോടൊപ്പം ചേർത്തിട്ടുണ്ട്. കൃതികള്‍, അവാര്‍ഡ്, എം ടി എഴുത്തനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു. ജ്ഞാനപീഠ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് എം ടി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം മാസികയിലുണ്ട്. കെ പി സുധീര എം ടിയുമായി നടത്തിയ അഭിമുഖത്തിന് പുറമെ പ്രമുഖ ഹിന്ദി എഴുത്തുകാരുടെ ലേഖനങ്ങളും മാസികയിലുണ്ട്.
ഭാഷാ സമന്വയവേദി അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രത്യേക ലക്കം പുറത്തിറക്കിയിട്ടുള്ളത്. ഡോ. ആർസു, ഡോ. രാധാമണി, ഡോ. ശ്രീജ പ്രമോദ് എന്നിവരടങ്ങിയ ഗസ്റ്റ് എഡിറ്റോറിയൽ കമ്മിറ്റി പുറത്തിറക്കാൻ നേതൃത്വം നൽകി. എം ടി സ്ത്രീ കഥാപാത്രങ്ങൾ, ബാലകഥാപാത്രങ്ങൾ, എം ടിയുടെ നോവൽ പ്രപഞ്ചം എന്നീ ലേഖനങ്ങൾ ഉത്തരേന്ത്യൻ വായനക്കാർക്ക് എംടിയുടെ രചനാലോകത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുമെന്ന് എഡിറ്റർ ശ്രീരാം ദവെ അറിയിച്ചു. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം വിവർത്തനത്തിലൂടെ സുദൃഢമാക്കാനുള്ള ഒരു ഉദ്യമമാണ് ഈ ലക്കം എന്ന് ഗസ്റ്റ് എഡിറ്റർ ഡോ. ആർസു അറിയിച്ചു. നാളെ രാവിലെ പത്തിന് എം ടിയുടെ വസതിയിലെത്തി എഡിറ്റോറിയൽ കമ്മിറ്റി അംഗങ്ങൾ മാസികയുടെ പുതിയ ലക്കം എം ടിക്ക് സമ്മാനിക്കും. തുടർന്ന് ലേഖകരുടെയും വിവർത്തകരുടെയും ഒത്തുചേരൽ ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്. സമാവർത്തൻ മാസികയുടെ 150ാം ലക്കം അക്കിത്തം വിശേഷാൽ പതിപ്പായി പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.