
തെരഞ്ഞെടുപ്പ് അടുത്താൽ കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ സമീറിന്റെ കടയിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ തിരക്കാണ്. പ്രചാരണം ഡിജിറ്റൽ രംഗത്തേക്ക് വഴിമാറിയിട്ടും സമീർ ഉണ്ടാക്കുന്ന സ്റ്റെൻസിലുകൾ ഇന്നും ട്രെൻഡിങ്ങാണ്. ഭംഗിയും ആകൃതിയും വലുപ്പവും ചോരാതെ അരിവാൾ നെൽക്കതിരും താമരയും കൈപ്പത്തിയും ചുവരുകളിൽ നിറയണമെങ്കിൽ സമീറിന്റെ സ്റ്റെൻസിലുകൾ തന്നെ വേണം. ലോഹ ഷീറ്റുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും വെട്ടിയെടുക്കുന്നതിനെയാണ് സ്റ്റെൻസിൽ എന്നു പറയുന്നത്. ലോഹ ഷീറ്റുകളിൽ സമീർ കൊത്തിയെടുക്കുന്ന രൂപങ്ങൾ ചുമരുകളിലും പോസ്റ്ററുകളിലും പതിപ്പിക്കുന്ന പണി മാത്രമേ പിന്നീട് ഓരോ പാർട്ടിക്കാർക്കുമുള്ളൂ. ഇങ്ങനെ ചെയ്യുന്നതിനാൽ ചിഹ്നങ്ങൾക്ക് ഒരേ വലിപ്പവും രൂപവും ഉണ്ടാകും. ചിത്രം വരയ്ക്കുമ്പോൾ ഇത്രയും കൃത്യത വരണമെന്നുമില്ല. അതിനാലാണ് പാർട്ടി പ്രവർത്തകർ ഇദ്ദേഹത്തെ തേടിയെത്തുന്നത്.
കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ് സാദിക്കാവീട്ടിൽ സമീർ. ചിഹ്നങ്ങളും പ്രചാരണവാക്യങ്ങളും ആവശ്യപ്പെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സമീർ വെട്ടിയെടുത്ത് തരും. ലോഹ ഷീറ്റുകളിൽ കൊത്തിയെടുക്കുന്നതിനാൽ അത്ര പെട്ടന്നൊന്നും ഇവയ്ക്ക് കേടുപാടുകൾ വരാതെ പല തവണ ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത. ചിഹ്നങ്ങളുടെ വലുപ്പം അനുസരിച്ചാണ് നിരക്ക്. ആവശ്യം അനുസരിച്ച് ഇരുമ്പിലും സ്റ്റീലിലുമെല്ലാം ചിഹ്നങ്ങൾ നിർമ്മിച്ച് നൽകുകയും ചെയ്യും. സിപിഐയുടെ അരിവാളും നെൽക്കതിർ ചിഹ്നമാണ് ഏറ്റവും പ്രയാസകരമായി തോന്നിയതെന്ന് സമീർ പറയുന്നു.
കോഴിക്കോട് ജില്ലയിലോ സമീപപ്രദേശങ്ങളിലോ ഇങ്ങനെ ഷീറ്റുകളിൽ സ്റ്റെൻസിൽ നിർമ്മിക്കുന്നവർ വേറെയില്ല. അതിനാൽ തന്നെ ജില്ലയ്ക്ക് പുറമേ നിന്നും സമീറിനെ തേടി തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ കടയിൽ എത്താറുണ്ട്. ഏകദേശം നാല്പത് വർഷത്തെ പഴക്കമുണ്ട് സമീറിന്റെ കടയ്ക്ക്. പണ്ട് ഈ കട നടത്തിയിരുന്നത് ബീരാൻ കുട്ടി എന്ന ആളായിരുന്നു. സിപിഐ(എം)ന്റെ കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബീരാൻ കുട്ടിക്ക് എൽഡിഎഫ് നേതാക്കളുമായായിരുന്നു കൂടുതൽ അടുപ്പം. ഇ കെ നായനാര്‍ അടക്കമുള്ള നേതാക്കള്‍ ഈ കടയിൽ എത്തിയിരുന്നതായി വലിയങ്ങാടിയിലെ കച്ചവടക്കാരനായ ഹംസക്കോയ പറയുന്നു. പതിമൂന്നാം വയസിൽ ഗണ്ണിസ്ട്രീറ്റിൽ ജോലി അന്വേഷിച്ച് വന്ന സമീർ ബീരാൻ കുട്ടിയുടെ സഹായിയായി മാറുകയും തുടർന്ന് മേഖലയിൽ കഴിവ് തെളിയിക്കുകയുമായിരുന്നു. നിലവിൽ 30 വർഷത്തിലേറെയായി ഈ മേഖലയിൽ സജീവ സാന്നിധ്യമാണ് സമീർ.
ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും ഇത്തരത്തിൽ സ്റ്റെൻസിലുകൾ നിർമ്മിച്ച് അയക്കുന്നുണ്ട്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അപകട മരണമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക അടയാളം പതിപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിക്കായി പ്രത്യേക അടയാളം രൂപപ്പെടുത്തി നൽകിയതും സമീറാണ്. സംസ്ഥാനവ്യാപകമായി നടത്തിയ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലെ ആഹ്ലാദവും സമീർ പങ്കുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.