15 February 2026, Sunday

Related news

February 15, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 14, 2026
January 13, 2026

‘സംഗീത’ സംവിധായകൻ

സി രാജ
February 15, 2026 3:50 pm

കുട്ടിക്കാലം മുതൽ അമ്മയുടെ സംഗീതവാസന പിന്തുടർന്ന മകൻ സംഗീതത്തിന്റെ ലോകമറിയാൻ ഇറങ്ങിപ്പുറപ്പെട്ടു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ബിരുദപഠനം. പക്ഷെ, എത്തിച്ചേർന്നത് സിനിമയുടെ ലോകത്ത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർമ്മാതാവിന്റെയും വേഷങ്ങളിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ‘ഗപ്പി’, ‘അമ്പിളി’ എന്നീ ശ്രദ്ധനേടിയ ചിത്രങ്ങളൊരുക്കിയ ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ തിയേറ്ററുകളിൽ നിരൂപക പ്രശംസ നേടുകയാണ്. ജോൺ പോൾ ജോർജ് സംസാരിക്കുന്നു…

സംഗീതം പിന്തുടർന്ന് സംവിധായകനായി
****************************************
സംഗീതം കുഞ്ഞിലേ മുതൽ കൂടെയുള്ളതാണ്. കോട്ടയം കൊല്ലാടാണ് നാട്. അമ്മ റീത്താമ്മയുടെ കുടുംബത്തിൽ സംഗീത പശ്ചാത്തലമുണ്ടായിരുന്നു. അമ്മ പാടുമായിരുന്നു. മ്യൂസിക് ഡയറക്ടറാവണമെന്നായിരുന്നു എന്റെ ആദ്യ ആഗ്രഹം. ഇടയ്ക്ക് സൗണ്ട് ഡിസൈനറാവണം എന്നുമുണ്ടായിരുന്നു. പഠനകാലത്ത് സിനിമ മനസിലുണ്ടായിരുന്നു. സംഗീതം കുറച്ചുകൂടി പഠിക്കണമെന്ന ആഗ്രഹത്തിലാണ് തിരുവനന്തപുരത്തെത്തിയത്. തലസ്ഥാനത്ത് സിനിമയ്ക്ക് അവസരമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ സിനിമ മുഴുവൻ കൊച്ചിയിലും ചെന്നൈയിലുമായിരുന്നു. കോളജിൽ പഠിച്ചിരുന്നപ്പോൾ ചെന്നൈയിലേക്ക് പോയി. സിനിമകളിൽ അസിസ്റ്റന്റാവാൻ ശ്രമം നടത്തി. ഒരുപാട് ഫെസ്റ്റിവലുകളിലേക്ക് യാത്ര ചെയ്തു. സിനിമയെക്കുറിച്ചുള്ള സമീപനം അതോടെ മാറി. സിനിമകൾ എഴുതിത്തുടങ്ങി. അസിസ്റ്റന്റ് ഡയറക്ടറായി ആദ്യം അവസരം ലഭിക്കുന്നത് രാജേഷ് പിള്ളയുടെ ‘ട്രാഫിക്കി‘ലാണ്. പിന്നീട് സമീർ താഹിറിന്റെ ‘ചാപ്പാകുരിശ്’, ’ സുന്ദരികൾ’, ‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി’ തുടങ്ങിയവയിലും സഹസംവിധായകനായി. 

ആദ്യ സിനിമ
*************
‘ട്രാഫിക്കി‘ന്റെ ഹിന്ദി ചെയ്യാനായി മുംബൈയിൽ പോകുമ്പോഴാണ് മുകേഷ് ആർ മേത്തയെയും സി വി സാരഥിയെയും പരിചയപ്പെടുന്നത്. അന്നവർ ”നീയൊരു സിനിമ ചെയ്യുന്നോ” എന്ന് ചോദിച്ചു. എനിക്ക് സിനിമ ചെയ്യാനറിയില്ലെന്നും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു എന്നും പറഞ്ഞു. ‘ട്രാഫിക്കും’ ‘ചാപ്പാകുരിശും’ കഴിഞ്ഞ സമയമാണ്. അവർ സൂര്യ സിനി ആർട്സ് എന്ന പേരിൽ മുമ്പ് മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിരുന്നവരാണ്. ‘രാക്കിളി പാട്ട്’ എന്ന സിനിമ പൂർത്തിയാക്കാനാവാതെ സാമ്പത്തിക നഷ്ടം വന്നതുകൊണ്ട് മലയാളം ഇൻഡസ്ട്രി വിട്ടതാണ്. രാജീവ് രവിയുടെ ആദ്യ സിനിമയായ ‘അന്നയും റസൂലും’ അവരോട് നിർദേശിച്ചത് ഞാനായിരുന്നു. അങ്ങനെ ഇ ഫോർ എന്റർടെയിൻമെന്റ് എന്ന പേരിൽ അവർ മലയാളത്തിൽ റീലോഞ്ച് ചെയ്തു. അവരോടൊപ്പം ആ യാത്ര തുടർന്നു. അപ്പോഴും സിനിമയുടെ എഴുത്ത് തുടരുന്നുണ്ടായിരുന്നു. ഒരു സിനിമ പ്ലാൻ ചെയ്തിട്ട് നടക്കാതെവന്നു. അത് ഒരു വലിയ സ്റ്റാർ പടമായിരുന്നു. തിരക്കഥയും പട്ടും കഴിഞ്ഞ് ലൊക്കേഷനും ഫിക്സ് ചെയ്തപ്പോൾ ഒരു മെയിൻ കാസ്റ്റ് നടക്കാതെവന്നു. അപ്പോഴാണ് ‘ഗപ്പി‘യെക്കുറിച്ച് ചിന്തിക്കുന്നത്. പണ്ട് എഴുതിയ ഒരു ചിന്തയായിരുന്നു ‘ഗപ്പി.’ ഇനി അങ്ങനെയുള്ള സിനിമകൾ ചെയ്താൽ മതി എന്ന തീരുമാനത്തിലായിരുന്നു ‘ഗപ്പി’ ചെയ്തത്. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അതിന് ശേഷമാണ് 2019ൽ ‘അമ്പിളി’ ചെയ്തത്. 

നിർമ്മാതാവിന്റെ വേഷം
*************************
‘അമ്പിളി’ ഇറങ്ങിയ ഉടനെയാണ് പ്രളയവും കോവിഡുമൊക്കെ വരുന്നത്. 2021വരെ ഒരു ബ്രേക്ക്. അപ്പോഴേക്കും ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്തു. പ്രൊഡക്ഷൻ രംഗത്തെ പരിചയമുള്ളതുകൊണ്ട് ഒരു സിനിമ നിർമ്മിക്കണമെന്നുണ്ടായിരുന്നു. ആ വേളയിലാണ് ‘ഗപ്പി‘യിൽ എന്റെ അസിസ്റ്റന്റായിരുന്ന ജിത്തു മാധവൻ ‘രോമാഞ്ച’ത്തിന്റെ കഥ പറയുന്നത്. അതൊരു നല്ല തീരുമാനമായിരുന്നു. 

‘ആശാൻ’
*********
2023ലാണ് ‘ആശാന്റെ’ പ്രീ പ്രൊഡക്ഷൻ ആരംഭിക്കുന്നത്. 2019ൽ ചെയ്യാനിരുന്ന ഒരു സിനിമയുടെ ആശയമായിരുന്നു. അതിൽ പ്രതീക്ഷിച്ചിരുന്ന ഒരു നടനെ കൊണ്ടുവരാനായില്ല. ഇന്നത്തെ സാഹചര്യത്തിലല്ലായിരുന്നു ആ സിനിമ. ഒരു നാട്ടിൻപുറത്തെ ഷൂട്ടിങ് സെറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന, ശബ്ദവുമായി ബന്ധപ്പെട്ടുള്ള, ഒരു സിനിമയായിരുന്നു. ആ സിനിമ അന്ന് വിടേണ്ടിവന്നു. എന്നിട്ടാണ് ‘രോമാഞ്ച’ത്തിലേക്ക് പോയത്. ആ സിനിമ തന്നെ മറ്റൊരു കാഴ്ചപ്പാടിൽ, ഒരു സിറ്റിയുടെ ബാക്ക് ഡ്രോപ്പിൽ പറയുന്നതാണ് ‘ആശാൻ’. സിനിമയുടെ ആശയം മാത്രമേ എടുത്തിട്ടുള്ളൂ. മൊത്തം സീൻ മാറ്റിയെഴുതുകയായിരുന്നു. 

‘ആശാനി‘ലെ ആമുഖ വാചകത്തിന് പിന്നിൽ
********************************************
‘സിനിമയിൽ പണം മുടക്കി അപമാനിതരായ എല്ലാ നിർമ്മാതാക്കൾക്കുമായി ഈ സിനിമ സമർപ്പിക്കുന്നു’ എന്ന് പറഞ്ഞത് സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണ്. സിനിമയുടെ കോക്കസിനകത്തോ ഇൻഡസ്ട്രീക്കകത്തോ ഉണ്ടായിരുന്ന ഒരാളല്ല ഞാൻ. പക്ഷെ, ‘രോമാഞ്ചം’ നിർമ്മിച്ച ശേഷം ഞാൻ പലരുടെയും മുന്നിൽ അപമാനിതനായി എന്ന് തോന്നിയിട്ടുണ്ട്. ഒരു വ്യക്തിഹത്യ ഉണ്ടായിട്ടുണ്ട്. നമ്മളെ വലിച്ചുകീറാൻ നിൽക്കുന്ന ചില ആൾക്കാരുണ്ട്. അവർക്കിടയിൽ ചെന്നുപെട്ടാൽ പാടാണ്. എല്ലാ മേഖലയിലും അത്തരക്കാരുണ്ട്. പക്ഷെ, സിനിമാ മേഖലയിൽ കൂടുതലാണ്. സിനിമ ഹിറ്റായാലും ഈ പ്രതിസന്ധി ഉണ്ടാവാറുണ്ട്. പണം മാത്രമല്ല, സാമ്പത്തിക നേട്ടമുണ്ടായാലും അപമാനിതരാകേണ്ടിവരും. പല നിർമ്മാതാക്കൾക്കും ഈ അനുഭവമുണ്ട്. സിനിമയെടുക്കേണ്ട എന്ന് ചിന്തിച്ചുപോയ സന്ദർഭങ്ങളുണ്ട്. അതിന്റെ പുറത്താണ് ഞാൻ ‘ആശാന്റെ’ കഥ എഴുതിയുണ്ടാക്കിയത്. പല സീനുകളിലും അങ്ങനെയുള്ള കാര്യങ്ങൾ പറയുന്നുണ്ട്. സിനിമയിൽ ആശാൻ ചോദിക്കുന്ന ഒരു രംഗമുണ്ട് ”ഇങ്ങനെയാണോ സിനിമ” എന്ന്. ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമെല്ലാം ഒരു എഴുത്തുകാരൻ എന്ന നിലയിൽ ‘ആശാനി‘ൽ പ്രതിഫലിച്ചിട്ടുണ്ട്. 100കോടി ക്ലബ്ബോ 200കോടി ക്ലബ്ബോ എന്ന നിലയിലല്ല സിനിമയെ കാണുന്നത്. നല്ല സിനിമ എടുക്കണമെന്ന് കരുതുമ്പോൾ നമ്മൾ ഒരുപാട് വേദന അനുഭവിക്കേണ്ടിവരും. ഒരു മാസ് സിനിമ ചെയ്യുമ്പോഴും സംവിധായകനും നിർമ്മാതാവിനും ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. സൂപ്പർ താരങ്ങളെ വച്ച് സിനിമ ചെയ്യാൻ എളുപ്പമാണ്. അവർ ഭയങ്കര പ്രൊഫഷണലായിരിക്കും. പക്ഷെ, പലപ്പോഴും അനുഭവിക്കേണ്ടിവരിക അതിന് താഴേക്കുള്ളവരുടെ പടങ്ങളിലാവും. സൂപ്പർ താരങ്ങൾ പോലും ചെയ്യാത്ത കാര്യങ്ങൾ താഴെയുള്ളവർ ചെയ്യുമ്പോൾ പെട്ടുപോകുന്നത് നമ്മളെ പോലുള്ളവരാണ്. ചെറിയ സീനുകളിൽ അഭിനയിക്കുന്നവർ, നിരന്തരം സിനിമകൾ പൊട്ടിച്ചുകൊണ്ടിരിക്കുന്ന ചില നായകന്മാർ വരെ നമ്മളെ ഭയങ്കര പ്രതിസന്ധിയിലാക്കും. ഇത് എന്റെ മാത്രം കാര്യമല്ല. 

ആശാനായി ഇന്ദ്രൻസ്
**************************
‘ആശാനി‘ലെ കഥാപാത്രം ഒരുപാട് ഇമോഷൻസ് കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ്. ഒരുപാട് നർമ്മരംഗങ്ങളുണ്ട്. അതുപോലെ വൈകാരികരംഗങ്ങളും. പ്രേക്ഷകർക്ക് നടനോട് ഒരു സ്നേഹം വേണം. ആർക്കും വെറുപ്പില്ലാത്ത ഒരു നടൻ വേണം. അയാൾക്ക് വേദന തോന്നുമ്പോൾ അത് കാണുന്ന എല്ലാവർക്കും വേദന തോന്നണം. അയാളുടെ ഫാമിലിയോ റിയൽ ലൈഫോ കഥാപാത്രത്തെ ബാധിക്കാൻ പാടില്ല. അത്തരമൊരു നടനാണ് ഇന്ദ്രൻസ്. അസാധ്യ അഭിനേതാവാണ് അദ്ദേഹം. ‘ആശാന്റെ’ കഥാപാത്രം ഇത്ര ഭംഗിയാക്കി ചെയ്യാൻ കഴിയുന്ന ഒരു നടൻ ഇന്ദ്രൻസ് തന്നെയാണ് എന്നുറപ്പിച്ചിട്ടുതന്നെയാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. 

വിഷയം ചർച്ച ചെയ്യപ്പെടാതെ പോകുന്നു
****************************************
‘ആശാൻ’ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക വിഷയം ചർച്ച ചെയ്യപ്പെടാതെ പോകുന്നു
സിനിമയ്ക്കുള്ളിലെ സിനിമ എന്നതിലുപരി ആശാൻ മുന്നോട്ടുവയ്ക്കുന്ന ഒരു സാമൂഹ്യ വിഷയമുണ്ട്. ഈ കാലഘട്ടം മുഴുവൻ കേൾക്കുന്ന വാർത്തയാണ് വന്യജീവി ആക്രമണം. ഏത് സർക്കാർ ഭരിച്ചാലും വർഷങ്ങളായി ഒരു വിഭാഗം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണത്. ഭയം കാരണം പുറത്തിറങ്ങുവാൻ പറ്റാത്ത ഒരു സമൂഹം ഇന്നുമുണ്ട്. അത് ദൃശ്യങ്ങളിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നതുകൊണ്ടാണ് ആ കഥ കൊണ്ടുവന്നത്. അതിനൊരു സ്റ്റേറ്റ്മെന്റ് വേണമായിരുന്നു. അത് മമ്മൂട്ടിയെക്കൊണ്ട് പറയിക്കുകയാണ്. ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ല എന്ന വിഷമമുണ്ട്. മമ്മൂട്ടിയിലൂടെ പറയുന്ന ആ വിഷയം വലിയൊരു വിഷയമാണ്. അത് സമൂഹം ചർച്ച ചെയ്യേണ്ടതാണ്. 

ആദ്യമായി സംഗീതം
********************
തിരക്കഥയെഴുതുന്നതിന്റെ കൂട്ടത്തിലാണ് പാട്ടുകൾ എഴുതിയത്. പശ്ചാത്തല സംഗീതം അജീഷ് ആന്റോയാണ്. ‘ഗപ്പി‘യിലും ‘അമ്പിളി‘യിലും വിഷ്ണുവായിരുന്നു സംഗീത സംവിധായകൻ. സിനിമകളിൽ ഞാൻകൂടി ഇരുന്നിട്ട് തന്നെയാണ് പാട്ടിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കിയിട്ടുള്ളത്. എന്ത്, എവിടെ, എങ്ങനെ വേണം എന്ന ഒരു ധാരണയുണ്ടായിരുന്നു. സിനിമ കണ്ടില്ലെങ്കിൽ പോലും നല്ല പാട്ടുകൾ എന്നും പ്രേക്ഷകരോടൊപ്പമുണ്ടാവും. 

അടുത്ത സിനിമകൾ
*******************
നീണ്ട ഇടവേള ഇനിയുണ്ടാവില്ല. അടുത്ത സിനിമയുടെ ഷൂട്ട് ഉടൻ തുടങ്ങും. 2027ൽ രണ്ടാമത്തെ സിനിമയും. അത് രാഷ്ട്രീയ, സാമൂഹിക, സാമുദായിക പശ്ചാത്തലത്തിലുള്ള വിവാദങ്ങളുണ്ടാവാൻ സാധ്യതയുള്ള ഒരു സിനിമയാണ്. ഒരു പാൻ ഇന്ത്യ സിനിമ മനസിലുണ്ട്. ഒരു ബിഗ് ബജറ്റ് സിനിമ, വലിയൊരു ക്രൂ അണിനിരക്കുന്ന ചിത്രമാണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.