പന്ത്രണ്ട് വര്‍ഷം മുമ്പുള്ള ആരോപണത്തിന്റെ പേരില്‍ ശിവസേന എംപി സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1034 കോടിയുടെ പത്രചൗള്‍ ഭൂമി അഴിമതി കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നിര്‍ണായക രേഖകള്‍ സഞ്ജയ് റാവത്തിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ സഞ്ജയ് റാവത്തിനെ നാല് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു.
ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ 1034 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം സഞ്ജയ് റാവത്തിന്റെ മുംബൈയിലെ വസതിയില്‍ ഇഡി 10 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അര്‍ധരാത്രിക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വസതിയില്‍ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി പറയുന്നത്. എന്നാല്‍ ഇത് അയോധ്യ യാത്രയ്ക്കുള്ള പാര്‍ട്ടി ഫണ്ടാണെന്ന് സഹോദരനും ശിവസേന എംഎല്‍എയുമായ സുനില്‍ റാവത്ത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചെങ്കിലും പാര്‍ലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അറസ്റ്റിനെതിരേ ശിവസേന സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തി.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനുപയോഗിക്കുന്ന മോഡി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. സിബിഐയും ഇഡിയും കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആരോപിച്ചു.
English Summary: Sanjay Rawat arrested; Four days in ED custody
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.