18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 16, 2026
February 12, 2026
February 12, 2026
February 12, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026

സാന്ത്വനം കുവൈറ്റ് രജത ജൂബിലി സമ്മേളനം; 25 വർഷത്തിനിടെ 20 കോടിയുടെ കാരുണ്യസ്പർശം

Janayugom Webdesk
കുവൈറ്റ് സിറ്റി
February 18, 2026 12:48 pm

കേരളത്തിലും കുവൈറ്റിലും നിശബ്ദമായ കാരുണ്യപ്രവർത്തനങ്ങളിലൂടെ മാതൃകയായ ‘സാന്ത്വനം കുവൈറ്റ്’ തങ്ങളുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് രജത ജൂബിലി സമ്മേളനം വിപുലമായി സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന വാർഷിക പൊതുയോഗം അൽ അൻസാരി എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ശ്രീ. മാത്യു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജ്യോതിദാസ് പി.എൻ. അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ കാൽനൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ ഭാരവാഹികൾ വിശദീകരിച്ചു.

കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനത്തിനിടെ 20,868 രോഗികൾക്കായി 20 കോടിയിലേറെ രൂപയുടെ സഹായമെത്തിക്കാൻ സംഘടനയ്ക്ക് സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മാത്രം 1801 അംഗങ്ങളുടെ പിന്തുണയോടെ 1696 രോഗികൾക്കായി 1.82 കോടി രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ‑കുടുംബ സഹായ പദ്ധതികൾ നടപ്പിലാക്കാൻ സാന്ത്വനത്തിന് കഴിഞ്ഞു. നാട്ടിലെ നിർദ്ധന രോഗികൾ, കുവൈറ്റിലെ സാധാരണക്കാരായ പ്രവാസികൾ എന്നിവർക്ക് ചികിത്സാ സഹായം, പെൻഷൻ, ഉന്നത വിദ്യാഭ്യാസ സഹായം, ഗൃഹനിർമ്മാണം എന്നിവയ്ക്ക് പുറമെ കേരളത്തിലെ വിവിധ അഗതി മന്ദിരങ്ങൾക്കും സ്പെഷ്യൽ സ്കൂളുകൾക്കും എല്ലാ വർഷവും സംഘടന സഹായമെത്തിക്കുന്നുണ്ട്.

കേരളത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെയും സാന്ത്വനം ശ്രദ്ധേയമാകുന്നു. കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ 2024 നവംബർ മുതൽ രോഗികൾക്ക് സൗജന്യ സേവനം നൽകി വരുന്നു. ഇടുക്കി ജില്ലയിലെ പശുപ്പാറയിൽ നിർമ്മിച്ച പാലിയേറ്റീവ് കെയർ & കമ്മ്യൂണിറ്റി സെന്റർ, വയനാട് വാഴവറ്റയിലെ ഫിസിയോതെറാപ്പി സെന്റർ എന്നിവയും പ്രവർത്തനസജ്ജമായിട്ടുണ്ട്. കൂടാതെ കൊല്ലം നീണ്ടകരയിലെ ക്യാൻസർ കെയർ സെന്ററിന് ക്യാൻസർ നിർണ്ണയത്തിനുള്ള മൊബൈൽ ക്ലിനിക് വാൻ കൈമാറിയത് കഴിഞ്ഞ വർഷത്തെ പ്രധാന പദ്ധതികളിലൊന്നായിരുന്നു.

രജത ജൂബിലി വർഷത്തോടനുബന്ധിച്ച് 25 രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയ സഹായം, 50 കുട്ടികൾക്ക് ക്യാൻസർ ചികിത്സാ സഹായം, 25 നിർദ്ധന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം എന്നിവ ഉൾപ്പെടുന്ന വിപുലമായ കർമ്മപദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ചടങ്ങിൽ രജത ജൂബിലി സുവനീറായ ‘സ്മരണിക 2025’ ശ്രീ. സജി ജോസ്, ബാബുജി ബത്തേരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പൊതുയോഗത്തിന് മാറ്റുകൂട്ടിക്കൊണ്ട് കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാൻഡായ ‘ബാൻഡ് 7 കുവൈറ്റ്’ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ പി. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിതിൻ ജോസ് സാമ്പത്തിക റിപ്പോർട്ടും, റിഷി ജേക്കബ് വോളന്റിയേഴ്സ് റിപ്പോർട്ടും അവതരിപ്പിച്ചു. ശശീന്ദ്രൻ ടി.എസ്. സ്വാഗതവും, അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. നെൽസൺ നൈനാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സാന്ത്വനം കുടുംബാംഗങ്ങൾ,അഭ്യുദയകാംഷികൾ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം, രജതജൂബിലി സമ്മേളനത്തിന്റെ മാറ്റ് കൂട്ടി.

2026 വർഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളായി സുനിൽ ചന്ദ്രൻ (പ്രസിഡന്റ്), അനിൽ കുമാർ കെ.എസ്. (ജനറൽ സെക്രട്ടറി), സന്തോഷ് ജോസഫ് (ട്രഷറർ) എന്നിവരെയും പുതിയ എക്സിക്യൂട്ടീവ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.