28 September 2024, Saturday
KSFE Galaxy Chits Banner 2

സാറാ അബൂബക്കറും ഡോ. ആർ ഇ ആഷറും

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
January 19, 2023 4:30 am

കേരളത്തിനുണ്ടായ രണ്ടു പ്രധാന നഷ്ടങ്ങളാണ് സാറാ അബൂബക്കറിന്റെയും പ്രൊഫ. ആർ ഇ ആഷറിന്റെയും മരണം. സാറാ അബൂബക്കർ കേരളത്തിൽ ജനിച്ച് കന്നഡഭാഷയെ സ്നേഹിച്ചു. ആ അയൽമൊഴിയിൽ മരണമില്ലാത്ത പുസ്തകങ്ങളെഴുതി. ആഷറാകട്ടെ യൂറോപ്പിൽ ജനിച്ച് മലയാളത്തെ സ്നേഹിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ കൃതികൾ ഇംഗ്ലീഷിലാക്കി. മലയാളം ഡോ. റൊണാൾഡ് ഇ ആഷറെന്ന സാഹിത്യാസ്വാദകനെ ഏറെ ബഹുമാനിച്ചു. മലയാളത്തോട് കാട്ടിയ അസാധാരണമായ സ്നേഹത്തിന് പ്രതിഫലമായി കേരള സാഹിത്യ അക്കാദമി സ്വർണമെഡൽ നല്കി ബഹുമാനിച്ചു. വിവാഹാനന്തരമാണ് സാറാ കന്നഡ ഭാഷയിൽ അന്വേഷണങ്ങൾ നടത്തിയത്. ഹിന്ദു വർഗീയവാദികളുടെ വെടിയേറ്റുമരിച്ച ഗൗരി ലങ്കേഷിന്റെ പിതാവ് പി ലങ്കേഷ് നടത്തിയിരുന്ന ലങ്കേഷ് പത്രികയിലാണ് ‘ചന്ദ്രഗിരിയ തീരദല്ലി‘യെന്ന പ്രസിദ്ധ നോവൽ അച്ചടിച്ചു വന്നത്. മതാതീത സംസ്കാരത്തെയും മനുഷ്യത്വത്തെയും വാരിപ്പുണർന്ന പ്രസിദ്ധീകരണമായിരുന്നു അത്. ചന്ദ്രഗിരിയുടെ തീരമെന്ന സാറായുടെ കഥയും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു മതവിചാരണ നടത്തുന്നതായിരുന്നു. മുത്തലാഖിന് ഇരയായി കുടുംബജീവിതം നഷ്ടപ്പെട്ട ഒരു പാവം പെൺകുട്ടി പള്ളിക്കുളത്തിൽ ചാടിമരിക്കുന്നത് ചിത്രീകരിച്ചതിലൂടെ യാഥാസ്ഥികരുടെ മതബോധത്തെ സാറാ ഞെട്ടിച്ചു.

ഈ പുസ്തകം മലയാളപ്പെടുത്തിയത് സി രാഘവൻ ആയിരുന്നു. അദ്ദേഹം സുപ്രധാനമായൊരു മാറ്റം പുസ്തകത്തിലെ പ്രമേയത്തിൽ വരുത്തി. ആത്മഹത്യ ചന്ദ്രഗിരിപ്പുഴയിലാക്കി. ഇത് പരിഭാഷകന്റെ അധൈര്യം മൂലം ഉണ്ടായതാണെന്ന് കാസർകോട്ടെ കവി രവീന്ദ്രൻ പാടിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു. ചന്ദ്രഗിരിയുടെ തീരത്തെന്ന നോവലിന്റെ പിറവിയെക്കുറിച്ച് സാറാ അബൂബക്കർ അനുസ്മരിച്ചിട്ടുള്ളത് ഇങ്ങനെയാണ്- “കഥാപാത്രം സത്യമല്ല. എന്നാൽ കഥ സത്യമാണ്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ആ സംഭവം അറിഞ്ഞത്. അവൾക്കെന്റെ പ്രായമായിരുന്നു. ” തന്നെക്കൂടി സിനിമയ്ക്കു കൊണ്ടുപോകുന്നില്ലെങ്കിൽ നിങ്ങളും സിനിമയ്ക്കു പോകരുതെന്നു ഭർത്താവിനോട് ശഠിച്ച സാറാ പുരോഗമന നിലപാടുകളുടെ പേരിൽ പുത്തൂരിൽ വച്ച് ആക്രമിക്കപ്പെട്ടു. ഈ സംഭവത്തിൽ കേസ് കൊടുത്തു വിജയിക്കുകയായിരുന്നു സാറാ അബൂബക്കർ. പന്ത്രണ്ടു നോവലുകളും കുറെ ചെറുകഥകളും യാത്രാവിവരണവും സാറാ എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയുടെയും പി കെ ബാലകൃഷ്ണന്റെയും ബി എം സുഹറയുടെയും കൃതികൾ കന്നഡയിലേക്ക് മൊഴിമാറ്റി. വീട്ടിലിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ എക്കാലത്തെയും സ്വകാര്യ സുഹൃത്ത് റേഡിയോ ആണല്ലോ. റേഡിയോ പ്രോഗ്രാമുകൾ സ്ഥിരമായി കേട്ടിരുന്ന സാറാ നിരവധി റേഡിയോ നാടകങ്ങളുമെഴുതി. കർണാടക സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ പുരോഗമനവാദിയായ സാറാ അബൂബക്കറിന് ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: പുസ്തകം ശേഖരിച്ചാൽ അറസ്റ്റ് ചെയ്യുന്ന കാലം


കേരളത്തിന്റെ അഭിമാനഭാജനമായ ഈ വീരപുത്രി മതഭയം ഇല്ലാതെ മനുഷ്യത്വത്തിന് വേണ്ടി എക്കാലവും വാദിച്ചു. വിവർത്തനത്തിനു വഴങ്ങാത്ത മലയാളത്തിന്റെ ഓമനവാക്കുകൾക്കായി പുതിയ വാക്കുകൾ പോലും സൃഷ്ടിച്ചാണ് പ്രൊഫ. ആഷർ ബേപ്പൂർ സുൽത്താന്റെ കൃതികൾ ആംഗലപ്പെടുത്തിയത്. ബഷീറിന്റെ വീട്ടിൽ പലവട്ടം വന്നു താമസിച്ചും കുഴിയാനകളെ നേരിൽ കണ്ടുമൊക്കെയാണ് ആഷർ ആ കൃതികളിലിറങ്ങിയത്. തണുത്തുറഞ്ഞ ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ആഷറിന് ആനയും കുഴിയാനയും അട്ടയും കുളയട്ടയും സുപരിചിതമായിരുന്നില്ല. ഹെർമൻ ഗുണ്ടർട്ടിനെപ്പോലെ അപരിചിതവാക്കുകളുടെ അന്വേഷകനായി മാറുകയായിരുന്നു ആഷർ. കോട്ടയത്തെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബഷീർ ചെയർ ആരംഭിച്ചപ്പോൾ പ്രഥമ മേധാവിയായതും ആഷറായിരുന്നു. തകഴിയുടെ തോട്ടിയുടെ മകനും ആഷർ ആംഗലപ്പെടുത്തിയിട്ടുണ്ട്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും മറ്റും മലയാള സാഹിത്യത്തെ കുറിച്ചെഴുതിയതും ഡോ. ആഷർ ആയിരുന്നു. സാറാ അബൂബക്കറിന്റെയും ഡോ. ആർ ഇ ആഷറിന്റെയും വേർപാടിൽ കേരളത്തിനുള്ള ദുഃഖം അഗാധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.