പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം 50 മണിക്കൂര്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിപിഐ അംഗം പി സന്തോഷ് കുമാര്‍, സിപിഐ(എം) അംഗം എ എ റഹിം, വി ശിവദാസന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒരാഴ്ചയില്‍ അധികമായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇരു സഭകളിലും ഇന്നലെയും ആവര്‍ത്തിക്കപ്പെട്ടു. രാവിലെ 11ന് സമ്മേളിച്ച രാജ്യസഭ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തി. ഉച്ചകഴിഞ്ഞ് സമ്മേളിപ്പിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ പിരിയുകയാണുണ്ടായത്. വിലക്കയറ്റം, ജിഎസ്‌ടി വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന സിപിഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി രാജ്യസഭയില്‍ നിന്നും ആപ്പ് അംഗം സഞ്ജയ് സിങ്ങിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച 19 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ തീരുമാനം.
സസ്‌പെന്‍ഡ് ചെയ്ത അംഗങ്ങളെ തിരിച്ചെടുക്കണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ചപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചു. എംപിമാര്‍ മാപ്പു പറയുകയും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങില്ലെന്ന ഉറപ്പ് നല്‍കുകയും ചെയ്താല്‍ ഇക്കാര്യം പരിശോധിക്കാമെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് സിങ് ജോഷി ഇതിനു മറുപടി നല്‍കിയത്.
കോവിഡ് മുക്തയായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മടങ്ങിയെത്തിയെന്നും വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ ഏതുസമയവും സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ഇന്നലെ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യാ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. എംപിമാര്‍ മാപ്പു പറയണമെന്ന നിബന്ധനയാണ് നായിഡു ഇക്കാര്യത്തില്‍ മുന്നോട്ടു വച്ചത്. എങ്കില്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നും രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളില്‍ 20 പേര്‍ സഭയ്ക്ക് പുറത്തായ സാഹചര്യത്തില്‍ സഭയിലെ ഹാജറില്‍ വലിയ കുറവു വന്നതും ഒപ്പം വിലക്കയറ്റം ചര്‍ച്ച ചെയ്യുന്നത് ദിവസം മുന്നേ തീരുമാനിക്കണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടു വച്ചു.
English Summary: Satyagraha for 50 hours at Parliament premises
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.