28 December 2025, Sunday

Related news

December 19, 2025
December 19, 2025
December 16, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025
November 20, 2025

ബിബിസിയെ നിരോധിക്കാനാവില്ല; സമയം പാഴാക്കേണ്ടെന്ന് ഹിന്ദുസേനയോട് സുപ്രീം കോടതി

web desk
ന്യൂഡല്‍ഹി
February 10, 2023 2:08 pm

രാജ്യത്ത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെ (ബിബിസി) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. ഹർജി ‘പൂർണമായും തെറ്റായ ധാരണ’ എന്ന് വിശേഷിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. വെറുതേ കോടതിയുടെ സമയം പാഴാക്കരുതെന്ന് ന്യായാധിപന്മാര്‍ ഹര്‍ജിക്കാരനോട് പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിയെ പൂർണമായി നിരോധിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ‘നിങ്ങൾക്ക് എങ്ങനെ ഇത് വാദിക്കാൻ കഴിയും? ഇത് തികച്ചും തെറ്റായ ധാരണയാണ്. ബിബിസി നിരോധിക്കാൻ നിങ്ങൾക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?’ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

ഇന്ത്യക്കും ഇന്ത്യൻ സർക്കാരിനും എതിരെ ബിബിസി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ ആരോപണം. ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആഗോള ഉയർച്ചയ്ക്കെതിരായ ആഴത്തിലുള്ള ഗൂഢാലോചനയാണ് ബിബിസി ഡോക്യുമെന്ററിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിക്കെതിരെയുള്ള ശീതപ്രചാരണത്തിന്റെ പ്രതിഫലനമാണ് ഡോക്യുമെന്ററി. അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബിബിസി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നും ഹർജിയില്‍ പറഞ്ഞിരുന്നു.

‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ആവിഷ്കാരമാണ് ഡോക്യുമെന്ററിയിലേതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ബിബിസിക്കെതിരെ തിരിഞ്ഞത്. ബിബിസി ഡോക്യുമെന്ററി നിരോധിക്കുന്നത് ‘അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും’ എന്ന് വിശേഷിപ്പിച്ച് അഭിഭാഷകനായ എം എൽ ശർമ്മ ഒരു പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകൾ നീക്കിയതിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യാ വിരുദ്ധ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണമാണ് ഡോക്യുമെന്ററി എന്ന ആരോപണമാണ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ്, വിദേശകാര്യ മന്ത്രാലയങ്ങൾ പറയുന്നത്.

 

Eng­lish Sam­mury: Supreme Court on dis­missed a plea seek­ing a blan­ket ban on the BBC in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.