3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024
May 7, 2024

എസ്‌സി-എസ്‌ടി ഫണ്ട് പശുക്ഷേമത്തിന് വകമാറ്റി

Janayugom Webdesk
ഭോപ്പാല്‍
July 24, 2024 9:59 pm

പട്ടികജാതി (എസ്‍സി), പട്ടികവര്‍ഗ (എസ്‍ടി) ക്ഷേമത്തിനുള്ള ഫണ്ടുകള്‍ പശുക്കളുടെ ക്ഷേമത്തിനായി വകമാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ വര്‍ഷം കേന്ദ്രധനസഹായം നല്‍കുന്ന ഒരു ഉപപദ്ധതിക്ക് കീഴിലുള്ള എസ്‍സി-എസ്‍ടി ക്ഷേമഫണ്ടുകളില്‍ ചിലത് മതപരമായ സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, പശു ക്ഷേമം എന്നിവയ്ക്കായി വകമാറ്റുന്നതായാണ് രേഖകള്‍.

ഗോ സംവര്‍ധന്‍, പക്ഷി സംവര്‍ധന്‍ പദ്ധതിക്കുള്ള 252 കോടിയില്‍ എസ് സി/എസ‌്ടി ഉപപദ്ധതിയില്‍ നിന്ന് 95.76 കോടി അനുവദിച്ചിട്ടുണ്ട്. പശു ക്ഷേമനിധി 90 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ സംസ്ഥാന ധനമന്ത്രി ജഗദീഷ് ദേവ്ദ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
മതപരമായ ആറ് സ്ഥലങ്ങളുടെ പുനര്‍വികസനത്തിനായി, നടപ്പ് സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച പണത്തിന്റെ പകുതിയോളം എസ്‍സി/എസ്‍ടി ഉപപദ്ധതിയില്‍ നിന്നാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീദേവി മഹാലോക്, സെഹോറിലെ സല്‍ക്കന്‍പൂര്‍, സന്യാസി ശ്രീ രവിദാസ് മഹലോക്, ശ്രീരാംരാജ മഹാലോക് ഓര്‍ച്ചാ, ശ്രീരാമചന്ദ്ര വനവാസി-മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും ഗ്വാളിയോറില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകത്തിനും വേണ്ടി 109 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
കര്‍ണാടകയ്ക്ക് ശേഷം പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് മറ്റ് പദ്ധതികള്‍ക്കായി പണം വകമാറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉപപദ്ധതിയില്‍ നിന്ന് 14,000 കോടി രൂപ വകമാറ്റാന്‍ കര്‍ണാടക തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ദുര്‍ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ‑സാമ്പത്തിക താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46ലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി 1974ല്‍ എസ‌്ടി ഉപപദ്ധതിയും 1979–80ല്‍ എസ്‌സി ഉപപദ്ധതിയും അവതരിപ്പിച്ചു. ഇതിനുകിഴില്‍ സംസ്ഥാനങ്ങള്‍ക്ക് എസ്‌സി/എസ‌്ടി അനുബന്ധ പദ്ധതികള്‍ക്ക് കേന്ദ്രം 100ശതമാനം പ്രത്യേക സഹായം നല്‍കുന്നു. എസ്‌സി/എസ‌്ടി ഉപപദ്ധതിയിലെ പണം ആവശ്യാനുസരണം ജനറല്‍ ഉപപദ്ധതിക്ക് കൈമാറുന്നതിന് നിരോധനമില്ലെന്ന് ധനവകുപ്പ് പറയുന്നു. എസ്‍സി, എസ്‍ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും ഈ ചെലവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വാദം.
അതേസമയം എസ്‌സി/എസ‌്ടി ഉപപദ്ധതി വഴിതിരിച്ചുവിട്ടത് കേന്ദ്ര പദ്ധതിയുടെ ദുരുപയോഗമാണെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ വിലയിരുത്തല്‍. ഉപപദ്ധതിക്കായി മുന്‍ ആസൂത്രണ കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്ന് ആദിവാസികാര്യ വിദഗ്ധന്‍ വിനേഷ് ഝാ പറഞ്ഞു. ക്ഷേത്രങ്ങള്‍, മ്യൂസിയം, ഗോശാലകള്‍ എന്നിവയുടെ നിര്‍മാണത്തിന് എസ്‌സി-എസ‌്ടി ഉപപദ്ധതി ഉപയോഗിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.