കൊച്ചികപ്പൽശാലയ്ക്ക് ‘ഷെഡ്യൂൾ‑എ’ പദവി സമ്മാനിച്ച് കേന്ദ്ര കപ്പൽ, തുറമുഖ, ജലഗതാഗത മന്ത്രാലയം.
കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവാണ് ഈ സുപ്രധാന നേട്ടത്തിന് സഹായകമായത്. നിലവിൽ മിനിരത്ന കമ്പനിയായ കൊച്ചി കപ്പൽശാല ഇതോടെ നവരത്ന എന്ന പദവിയിലേക്ക് എത്താനുള്ള സാധ്യത വർധിച്ചു. അടുത്ത നാലുവർഷം വളർച്ച നിലനിറുത്തിയാൽ നവരത്ന പദവിയിലേക്ക് ഉയരാൻ കഴിയും.
ഷെഡ്യൂൾ‑എ പദവിയുടെ പശ്ചാത്തലത്തിൽ കൊച്ചി കപ്പൽശാല ഓഹരികളും മികച്ച നിലയിലാണ്. ബിഎസ്ഇയിൽ 2.37 ശതമാനം മുന്നേറി 684.80 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 100 ശതമാനത്തിലധികം നേട്ടം ഓഹരി ഉടമകൾക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന വാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം നാവികസേനയ്ക്ക് കൈമാറിയത് പ്രവർത്തന ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണ്. നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വെസലുകൾ നിർമ്മിക്കാനുള്ള 10, 000 കോടി രൂപയുടെ കരാർ കഴിഞ്ഞ മാർച്ചിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചു.
ലോകത്തെ ആദ്യ സീറോ എമിഷൻ കണ്ടെയ്നർ വെസൽ നിർമ്മിക്കാനുള്ള 550 കോടി രൂപയുടെ കയറ്റുമതി ഓർഡർ നോർവേയിൽ നിന്ന് ലഭിച്ചു. യുദ്ധക്കപ്പൽ നവീകരിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ കഴിഞ്ഞ ജൂണിലും നേടി. കമ്പനിയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡും 580 കോടി രൂപയുടെ നോർവീജിയൻ കരാര്‍ സ്വന്തമാക്കിയിരുന്നു. ആറ് ഡീസൽ-ഇലക്ട്രിക് ചരക്ക് കപ്പലുകൾ നിർമ്മിക്കാനാണിത്.
കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം ഏകദേശം 21,000 കോടി രൂപയുടെ ഓർഡറുകളാണ് കൊച്ചി കപ്പൽശാല കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2022–23) 304.71 കോടി രൂപയുടെ സംയോജിത ലാഭവും 2,571 കോടി രൂപയുടെ മൊത്ത വരുമാനവും കമ്പനി നേടിയിരുന്നു. കൂടുതൽ ആഭ്യന്തര, വിദേശ (കയറ്റുമതി) ഓർഡറുകൾ ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്തുകയാണ് കമ്പനി. കൊച്ചിയിൽ പുതിയ ഡ്രൈഡോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറിൽ പൂർത്തിയായേക്കും. മൊത്തം 1,799 കോടി രൂപ ചെലുള്ളതാണ് പദ്ധതി. ഇതുവരെ 76 ശതമാനം നിർമ്മാണം പൂർത്തിയായി.
പ്രവർത്തനസജ്ജമായാൽ എൽഎൻജി വെസലുകൾ, വിമാന വാഹിനികൾ, ഡ്രിൽ ഷിപ്പുകൾ തുടങ്ങിയവ ഇവിടെ കൈകാര്യം ചെയ്യാം. ഇതിന് പുറമേ വെല്ലിംഗ്ടൺ ഐലൻഡിൽ 970 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. 78 ശതമാനം നിർമ്മാണം പൂർത്തിയായി. അടുത്ത ജൂണിൽ പ്രവർത്തനം തുടങ്ങുമെന്നാണ് കരുതുന്നത്.
English Summary: ‘Schedule‑A’ status for Kochi Shipyard
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.