
വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു അത്യാകർഷകവും ആരെയും മോഹിപ്പിക്കുന്നതുമാണങ്കിലും, സർക്കാർ നിശ്ചയിക്കുന്ന ഭക്ഷണം തയ്യാറാക്കി നൽകുന്ന ഉച്ചഭക്ഷണ തൊഴിലാളികളുടെ ഉള്ളിലെ തീ ആളിക്കത്തിക്കുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനമെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂണിയന്‍(എഐടിയുസി). നിലവിൽ നൽകി വരുന്ന ഭക്ഷണത്തിന് പുറമെ എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, റാഗി ബാൾ, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റ് പായസം, പുതിനയും ഇഞ്ചിയും നെല്ലിക്കയും പച്ചമാങ്ങയും ചേർത്ത ചമ്മന്തി, മുരിങ്ങയില തോരൻ തുടങ്ങിയവയാണ് നിർദ്ദിഷ്ട മെനുവിൽ ഉൾപ്പെടുന്നത്.
അഞ്ഞൂറ് കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണം പാചകം ചെയ്യണമെന്ന മനുഷ്യ സാധ്യമല്ലാത്ത നിബന്ധന മൂലം തങ്ങളുടെ വേതനത്തിന്റെ പകുതി നൽകി മറ്റൊരാളെ കൂടി ജോലിക്ക് നിയോഗിച്ചാണ് ആയിരക്കണക്കിന് സ്കൂളുകളിലെ പാചക തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കുന്നത്. 500 കുട്ടികൾക്ക് പാചകം ചെയ്യാൻ ആറ് തൊഴിലാളികൾ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധന മറികടന്നാണ് അടിമവേലക്ക് സമാനമായ ജോലി കേരളത്തിലെ സ്കൂളുകളിൽ ചെയ്യിച്ചു വരുന്നത്. ഇരുനൂറ്റിയമ്പത് കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം 2016ലെ മിനിമം കൂലി വിജ്ഞാപനത്തിലും കഴിഞ്ഞ ഏപ്രിൽ 29ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലും ഉറപ്പ് നൽകിയിട്ടുള്ളതാണെങ്കിലും ഇതുവരെ അതും നടപ്പാക്കിയിട്ടില്ല. അതിനിടയിലാണ് പാചക തൊഴിലാളികളുടെ അധ്വാനഭാരം പലമടങ്ങ് വർധിപ്പിക്കുന്ന പുതിയ മെനു ഏകപക്ഷീയമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
പാചക തൊഴിലാളികളുടെ അധ്വാനഭാരത്തെക്കുറിച്ച് ഒരു ആലോചനയും നടത്തതെയാണ് സർക്കാർ പ്രഖ്യാപനം എന്ന് വ്യക്തമാണ്. വർഷത്തിലൊരിക്കൽ അമ്പത് രൂപ വീതം തൊഴിലാളികളുടെ വേതനത്തിൽ വർധനവ് നൽകിയിരുന്ന മുൻ സർക്കാരുകളുടെ രീതി തള്ളിക്കൊണ്ട് നാല് വർഷമായി വേതന വർധനവ് തടഞ്ഞുവച്ച സർക്കാർ ആണ് പാചക തൊഴിലാളികളെ ഈ വിധത്തിലും പ്രയാസപ്പെടുത്തുന്നത്. ഇത്തരം നടപടികൾക്കെതിരെ യൂണിയൻ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ജി മോഹനന്‍ അറിയിച്ചു. 150 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതത്തിൽ തൊഴിലാളികളെ പുനർവിന്യസിക്കാനും നാല് വർഷമായി തടഞ്ഞുവച്ചിരിക്കുന്ന വേതന വർധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.