21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 7, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 1, 2026
December 26, 2025
December 23, 2025

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തു

Janayugom Webdesk
കൊച്ചി
February 21, 2026 4:03 am

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്. തൊണ്ടിമുതലായതിനാൽ കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കത്രിക കൈമാറി. സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. 

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷം തികയുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021 മേയ് 10നായിരുന്നു ശസ്ത്രക്രിയ. നിരന്തരമായ വയറുവേദന അനുഭവപ്പെടുകയും മൂത്രത്തിൽ രക്തം കാണുകയും ചെയ്തതോടെ വിശദമായ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവിൽ ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി മനസിലായത്. തുടര്‍ന്ന് 2021ല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജെ ഷാഹിദ, നഴ്‌സ് പി എസ് ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡോ. ഷാഹിദയുടെ നേതൃത്വത്തിലുളള ഒമ്പതംഗ സംഘമാണ് ‌ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.