6 January 2026, Tuesday

സീപോർട്ട്-എയർപോർട്ട് റോഡ് രണ്ടാംഘട്ടം; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍

Janayugom Webdesk
കളമശ്ശേരി
December 5, 2024 10:24 am

സീപോർട്ട്-എയർപോർട്ട് റോഡ് എൻ എ ഡി — മഹിളാലയം ഭാഗത്തിന്റെ നിർമ്മാണത്തിനായി 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസങ്ങൾ പരിഹരിച്ചാണ് റോഡിന്റെ തുടർ നിർമ്മാണത്തിന് വഴിയൊരുക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിന്റെ നിർദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർ ബി ഡി സി കെ റവന്യു വകുപ്പിന് ബുധനാഴ്ച കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കും. 19 (1) വിജ്ഞാപനത്തിനും തുടർന്ന് സ്ഥലമുടമകളുടെ ഹിയറിംഗിനുമുള്ള നടപടികൾ സമയബന്ധിതമായും കാലതാമസമില്ലാതെയും പൂർത്തിയാക്കാൻ മന്ത്രി പി രാജീവ് നിർദ്ദേശിച്ചു. ഈ സർക്കാർ ചുമതലയേറ്റ ശേഷം ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായി സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം ഉൾപ്പെടുത്തിയതോടെയാണ് നടപടികൾക്ക് വേഗം വച്ചത്. 

സ്ഥലമേറ്റെടുക്കുന്നതിന് പുറമേ റോഡ് നിർമ്മാണത്തിന് വേണ്ടി വരുന്ന 102 കോടി രൂപക്ക് ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട്. സാങ്കേതികാനുമതി നൽകി തുക ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും വേഗത്തിലാക്കും. റോഡിന്റെ രണ്ടാം ഘട്ട വികസനത്തിന് രണ്ട് പതിറ്റാണ്ടിലേറെ തടസമായി നിന്ന എച്ച് എം ടി യുടേയും എൻ എ ഡിയുടേയും ഭൂമി ലഭ്യമാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി പി രാജീവിന്റെ ഇടപെടലിനെത്തുടർന്ന് പരിഹരിച്ചിരുന്നു. എച്ച് എം ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18.77 കോടി രൂപ സർക്കാർ കഴിഞ്ഞ ആഴ്ച അനുവദിക്കുകയും തുക ആർ ബി ഡി സി കെക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. എൻ എ ഡി യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതോടൊപ്പം തന്നെ മൂന്നാം ഘട്ടത്തിനുള്ള നടപടികളും ത്വരിതപ്പെടുത്തും.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോർട്ട് — എയർപോർട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയർപോർട്ട് (14.4 കിമി) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച് എം ടി മുതൽ എൻ എ ഡി വരെയുള്ള ഭാഗം (2.7 കിമി), എന്‍ എ ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതൽ എയർപോർട്ട് റോഡ് വരെ (4.5 കിമി). ഇതിൽ എച്ച് എം ടി – എൻ എ ഡി റീച്ചിൽ എച്ച് എം ടിയുടെയും എൻ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നിർമ്മാണം 2021 ൽ പൂർത്തിയായിരുന്നു. 

എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി വരെ നീണ്ട കേസുകൾക്കൊടുവിലാണ് നിശ്ചിത തുക വെട്ടിവെച്ച് ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.