22 January 2026, Thursday

Related news

January 8, 2026
December 21, 2025
December 18, 2025
December 18, 2025
September 18, 2025
September 10, 2025
June 16, 2025
June 6, 2025
May 20, 2025
October 24, 2024

മെഹുല്‍ ചോക്സിയുടെ സ്വത്തും ഓഹരികളും സെബി കണ്ടുകെട്ടി

Janayugom Webdesk
മുംബൈ
June 6, 2025 9:37 pm

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ട ഗീതാ‍‍ഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോക്സിയുടെ സ്വത്തുക്കള്‍ സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടുകെട്ടി. ചോക്സിയുടെ ബാങ്ക് അക്കൗണ്ടുകളും 2.1 കോടി രൂപയുടെ ഓഹരികളുമാണ് കണ്ടുകെട്ടിയത്. മെഹുല്‍ ആസ്തികള്‍ വിറ്റഴിക്കപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങിയതോടൊയാണ് അക്കൗണ്ടും ഓഹരികളും കണ്ടുകെട്ടാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കും മ്യൂച്വല്‍ ഫണ്ട് അധികൃതര്‍ക്കും സെബി നിര്‍ദേശം നല്‍കി. ഗീതാഞ്ജലി ജെംസിന്റെ ഓഹരികളിലെ ഇന്‍സൈഡര്‍ ട്രേഡിങ് നിയമം ലംഘിച്ച കേസിലാണ് നടപടി. കഴിഞ്ഞ മാസം 15ന് സെബി ചോക്സിക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ആസ്തികളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 

ഇൻസൈഡർ ട്രേഡിങ് നിയമങ്ങൾ ലംഘിച്ച കേസിൽ 2022 ജനുവരിയിൽ സെബി ചുമത്തിയ പിഴ അടയ്ക്കുന്നതിൽ ചോക്സി പരാജയപ്പെട്ടതിനെ തുടർന്നാണ് നോട്ടീസ് നല്‍കിയത്. ജൂൺ നാലിന് സെബി നൽകിയ അറ്റാച്ച്മെന്റ് നോട്ടീസിൽ 2.1 കോടി രൂപയുടെ കുടിശികയിൽ 1.5 കോടി രൂപയുടെ പ്രാരംഭ പിഴയും 60 ലക്ഷം രൂപയുടെ പലിശയും ഉൾപ്പെടുന്നു. കുടിശിക തിരിച്ചുപിടിക്കാൻ ചോക്സിയുടെ അക്കൗണ്ടുകളിൽ നിന്ന് ഒരു ഡെബിറ്റും അനുവദിക്കരുതെന്ന് സെബി എല്ലാ ബാങ്കുകളോടും സിഡിഎസ്എൽ, എൻഎസ്ഡിഎൽ മ്യൂച്വൽ ഫണ്ടുകളോടും ആവശ്യപ്പെട്ടു. ലോക്കറുകൾ ഉൾപ്പെടെ എല്ലാ അക്കൗണ്ടുകളും അറ്റാച്ച് ചെയ്യാനും സെബി നിർദേശിച്ചു. ഗീതാഞ്ജലി ജെംസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗവുമായിരുന്ന ചോക്സി മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോഡിയുടെ മാതൃസഹോദരനാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയിലധികം രൂപ വഞ്ചിച്ചതായാണ് കേസ്. 2018 തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ചോക്സിയും നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് മുങ്ങുകയായിരുന്നു. ബെല്‍ജിയത്തിലേക്ക് കടന്ന ചോക്സിയെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കൈമാറ്റ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജയില്‍ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു ചോക്സി. ജാമ്യം നേടിയ മെഹുല്‍ ചോക്സി ആന്റിഗ്വയിലാണ് ഇപ്പോഴുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.