2 May 2024, Thursday

Related news

March 16, 2024
February 18, 2024
February 12, 2024
January 10, 2024
January 6, 2024
January 3, 2024
January 3, 2024
December 16, 2023
November 24, 2023
November 17, 2023

സെബി അന്വേഷണം ത്രിശങ്കുവിലാകും; അഡാനിയുടെ കള്ളക്കമ്പനികള്‍ അടച്ചുപൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2023 11:07 pm

അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ക്രമരഹിതമായി ഓഹരി വാങ്ങാന്‍ ആരംഭിച്ച എട്ട് വിദേശ കമ്പനികളില്‍ ആറെണ്ണം അടച്ച് പൂട്ടി. ബര്‍മുഡ‑മൗറീഷ്യസ് ആസ്ഥാനമായുള്ള ആറ് കമ്പനികളാണ് പൊടുന്നനെ അടച്ചുപൂട്ടിയത്. കമ്പനികള്‍ പൂട്ടിയ വിവരം ഈ രാജ്യങ്ങളിലെ സാമ്പത്തിക കാര്യ മന്ത്രാലയം സ്ഥീരീകരിച്ചു.
തട്ടിപ്പ് നടത്താന്‍ വേണ്ടി ആരംഭിച്ച സ്ഥാപനങ്ങള്‍ അടച്ചത്, അഡാനി കമ്പനികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സെക്യൂരീറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൗറീഷ്യസ് ആസ്ഥാനമായ രണ്ട് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം അവസാനം അടച്ച് പൂട്ടിയതായും ബാക്കി നാലു കമ്പനികള്‍ അടച്ച് പൂട്ടലിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഡാനി കമ്പനികള്‍ക്കെതിരെയുള്ള സെബി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദ കമ്പനികള്‍ കളം വിട്ടത്. കമ്പനികള്‍ പൂട്ടുന്നത് യഥാര്‍ത്ഥ ഉടമകളെ സംബന്ധിച്ചുള്ള വിവരശേഖരണത്തിന് വിലങ്ങുതടിയായി മാറും. 

അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ജനുവരിയില്‍ പുറത്ത് വിട്ടിരുന്നു. പിന്നാലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സംഘടനയായ ദി ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി)ഏതാനും ദിവസം മുമ്പ് ഇതേ തട്ടിപ്പുകളുടെ കൂടുതല്‍ വിവരം പ്രസിദ്ധീകരിച്ചു.
ഗൗതം അ‍ഡാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ കോടിക്കണക്കിന് ഡോളര്‍ രഹസ്യനിക്ഷേപം നടത്തിയെന്നായിരുന്നു ഒസിസിആർപി തെളിവ് സഹിതം വെളിപ്പെടുത്തിയത്. അഡാനി കുടുംബവുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരനായ നാസര്‍ അലി ഷെഹ്ബാന്‍ അഹ്‌ലി, തായ്‌വാനീസ് പൗരനായ ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴിയാണ് അഡാനി ഗ്രൂപ്പ് ഓഹരികളില്‍ 2013–18 കാലയളവില്‍ രഹസ്യനിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.

രേഖകൾ പ്രകാരം, സ്വന്തം കമ്പനികളുടെ സ്റ്റോക്ക് അഡാനിഗ്രൂപ്പിന്റെ കൂട്ടാളികൾ തന്നെ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതിലൂടെയാണ് അഡാനി ഇന്ത്യയിൽ ശക്തമായ സാന്നിധ്യമായി ഉയർന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഗൗതം അ‍ഡ‍ാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അഡാനിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: SEBI inquiry to be three-pronged; Adani’s shell com­pa­nies shut down

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.