16 December 2025, Tuesday

Related news

December 4, 2025
September 18, 2025
September 18, 2025
June 6, 2025
May 20, 2025
February 13, 2025
January 24, 2025
November 23, 2024
November 21, 2024
October 24, 2024

അഡാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പില്‍ സെബി അന്വേഷണം തുടങ്ങി

 നടപടി ശക്തമായ പ്രതിഷേധത്തെയും സുപ്രീം ഇടപെടലിനെയും തുടര്‍ന്ന്
 പ്രാഥമിക നിക്ഷേപകര്‍ക്ക് മാതൃകമ്പനിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും
റെജി കുര്യന്‍
ന്യൂഡല്‍ഹി:
February 11, 2023 10:30 pm

ശക്തമായ പ്രതിഷേധത്തെയും സുപ്രീം ഇടപെടലിനെയും തുടര്‍ന്ന് അഡാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അഡാനി എന്റര്‍പ്രൈസസിന്റെ എഫ്‌പിഒയില്‍ പ്രാഥമിക നിക്ഷേപകരായി എത്തിയ സ്ഥാപനങ്ങള്‍ക്ക് മാതൃകമ്പനിയുമായി ബന്ധമുണ്ടോ എന്നാണ് സെബി പ്രധാനമായി അന്വേഷിക്കുന്നത്.
ഓഹരിവിലയില്‍ കൃത്രിമം കാട്ടുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഡാനി കമ്പനികളുടെ ഓഹരികള്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധം സംഘടിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ ഉരുണ്ടുകളിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് സെബി അന്വേഷണം.

മാതൃ സ്ഥാപന ഗ്രൂപ്പുമായോ കമ്പനിയുടെ സ്ഥാപകരുമായോ ബന്ധമുള്ളവര്‍ ഓഹരി വില്പനയില്‍ പ്രാഥമിക നിക്ഷേപകരാകരുതെന്ന് നിയമം അനുശാസിക്കുന്നു. അഡാനി എന്റര്‍പ്രൈസസ് റദ്ദാക്കിയ തുടര്‍ ഓഹരി വില്പന (എഫ്പിഒ) യില്‍ പ്രാഥമിക നിക്ഷേപകരായെത്തിയ (ആങ്കര്‍ ഇന്‍വെസ്റ്റര്‍) മൗറീഷ്യസ് ആസ്ഥാനമായ ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ ടസ്‌കര്‍ ഫണ്ടും, ആയുഷ്മത് ലിമിറ്റഡും തമ്മില്‍ ബന്ധമുണ്ടോ എന്നതാണ് സെബി പരിശോധിക്കുക. ഇത്തരം ക്രമക്കേട് ഉണ്ടായിരുന്നതു കൊണ്ടാണോ തുടര്‍ ഓഹരി വില്പന റദ്ദാക്കി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കമ്പനി തീരുമാനം എടുത്തതെന്നും സംശയിക്കുന്നു.

അഡാനി എന്റര്‍പ്രൈസസ് എഫ്‌പിഒയില്‍ പങ്കെടുത്ത മൗറീഷ്യസ് ആസ്ഥാനമായ എല്‍റ ക്യാപ്പിറ്റല്‍ ആന്റ് മൊണാര്‍ക്ക് നെറ്റ്‌വര്‍ത്ത് ക്യാപ്പിറ്റല്‍, പത്ത് നിക്ഷേപ ബാങ്കുകള്‍ എന്നിവയുടെ പങ്കും സെബി വിലയിരുത്തുന്നുണ്ട്. എല്‍റയുടെ വിപണി മൂല്യത്തിന്റെ 99 ശതമാനം മൂന്ന് അഡാനി ഓഹരികളില്‍ നിക്ഷേപിച്ചതായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മൗറീഷ്യസ് ആസ്ഥാനമാക്കിയ ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ഓഹരിവില കൃത്രിമമായി ഉയര്‍ത്തുന്നുവെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇതിനെക്കുറിച്ച് നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നായിരുന്നു കഴിഞ്ഞദിവസം സുപ്രീം കോടതി നിരീക്ഷണം. സെബിയോട് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. റഗുലേറ്റര്‍മാര്‍ക്ക് അഡാനി വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും അവര്‍ ഇക്കാര്യം പരിശോധിക്കുകയാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിശദീകരിക്കാന്‍ മന്ത്രി വിസമ്മതിക്കുകയായിരുന്നു.

മുമ്പും അന്വേഷണം; എങ്ങുമെത്തിയില്ല

മുമ്പും വിദേശനിക്ഷേപ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ അഡാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഓഹരി ഇടപാടുകളിലെ കൃത്രിമം സംബന്ധിച്ച പരാതിയെ തുടര്‍ന്ന് അ‍ഡാനി സ്ഥാപനങ്ങള്‍ക്കെതിരെ സെബി ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. 2021 ജൂലൈയിലാണ് അന്വേഷണം നടക്കുന്നുവെന്ന വിവരം മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചിരുന്നത്.

ഓഹരികള്‍ പണയപ്പെടുത്തിവീണ്ടും എസ്ബിഐ വായ്പ

മുംബൈ: ഓഹരികള്‍ പണയപ്പെടുത്തി വീണ്ടും എസ്ബിഐയില്‍ നിന്നും വായ്പ നേടി അഡാനി ഗ്രൂപ്പ്. അഡാനി പോര്‍ട്ട് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അഡാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അഡാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ ഓഹരികളാണ് എസ്ബിഐ ക്യാപ്പ് ട്രസ്റ്റീസ് കോര്‍പ്പറേഷനില്‍ പണയപ്പെടുത്തിയത്. 300 ദശലക്ഷം ഡോളറിന്റെ വായ്പയാണ് ഇതിലൂടെ നേടിയിരിക്കുന്നതെന്ന് റഗുലേറ്ററി ഫയലിങ് വ്യക്തമാക്കുന്നു. അഡാനി പോര്‍ട്ട് 75,00,000 ഓഹരികളാണ് അധികമായി ഈടായി പണയപ്പെടുത്തിയത്. 0.35 ശതമാനം. 0.65 ശതമാനം ഓഹരികള്‍ പോര്‍ട്‌സ് നേരത്തെ ഈടായി വച്ചിരുന്നു. ഇതോടെ ആകെ ഈട് ഒരു ശതമാനമായി. 60,00,000 ഓഹരികള്‍ കൂടി അഡാനി ഗ്രീന്‍ നല്‍കിയതോടെ ആകെ ഈട് 1.06 ശതമാനമായി. 13,00,000 അധിക ഓഹരികള്‍ ഈടായി അഡാനി ട്രാന്‍സ്മിഷന്‍ പണയപ്പെടുത്തി. 0.11 ശതമാനം. നേരത്തെ നല്‍കിയ 0.44 ശതമാനം ഓഹരികള്‍ കൂടി പരിഗണിച്ചാല്‍ ആകെ ഈട് 0.55 ശതമാനമായി.
അഡാനി കമ്പനികള്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളില്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് മുന്നിലുള്ളത്. ഇത് 27000 കോടി രൂപയോളം വരും. കൂടാതെ എല്‍ഐസിക്കും അഡാനി കമ്പനികളില്‍ നിക്ഷേപമുണ്ട്.

Eng­lish Sum­ma­ry: Sebi probes Adani’s links to investors involved in flag­ship fir­m’s FPO

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.